UPDATES

ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ്; വേങ്ങര തിരഞ്ഞെടുപ്പ് ദിവസം സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാരിന്റെ ബോംബ്‌

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയും സഹായികളും ജനങ്ങള വഞ്ചിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആക്രമണം. ജസ്റ്റിസ് ശിവരാജന്‍ അദ്ധ്യക്ഷനായ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴിമതി നിരോധന നിയമത്തിലെ ഏഴ് 8 9 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് അന്വേഷണം നടത്താനാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമാനുസൃതം ഹര്‍ജി നല്‍കിയായിരിക്കും അന്വേഷണം. ഉമ്മന്‍ ചാണ്ടിയും സഹായികളും ജനങ്ങള വഞ്ചിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ഊര്‍ജ്ജ വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കും. തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. അഴിമതി കേസില്‍ പൊലീസിനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ഇടപെട്ടതായി കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് ആറ് മാസത്തിനകം നിയമസഭയില്‍ വയ്ക്കും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റ് മന്ത്രിമാര്‍ക്കെതിരേയും അന്വേഷണം നടത്തും. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്.

അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഐജി പദ്മകുമാര്‍ ഡി വൈ എസ് പി  ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി ആര്‍ അജിത്തിനെതിരേയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. എഡിജിപി എ ഹേമചന്ദ്രന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തും. സരിത എസ് നായര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച എംഎല്‍എമാരടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കും. സരിതയുടെ കത്തില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവര്‍ക്കുമെതിരെ കേസെടുക്കും.
സെപ്തംബര്‍ 26 നാണ് കമ്മീഷന്‍ ആധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശത്തെക്കുറിച്ചുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍