UPDATES

സിനിമാ വാര്‍ത്തകള്‍

പുരികക്കൊടിയില്‍ പ്രണയമൊളിപ്പിച്ച പ്രിയ വാര്യര്‍ക്കെതിരെ കേസ്

പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിക്കുന്ന വിധത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും പരാതി

ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഒറ്റ ഗാനരംഗത്തിലൂടെ ആഗോള പ്രശസ്തയായ പ്രിയ വാര്യര്‍ക്കും ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസ്. ഗാനരംഗത്തിനിടെയുള്ള പുരികം കൊണ്ടുള്ള എക്‌സ്പ്രഷനും ഒറ്റ കണ്ണിറുക്കലുമാണ് പ്രിയയെ ആഗോള പ്രശസ്തയാക്കിയത്.

ചിത്രത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി നിശ്ചയിച്ചിരുന്ന പ്രിയയെ ഈ രംഗം ഹിറ്റായതോടെ ചിത്രത്തിലെ നായികയാക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയും ചെയ്തു. സ്‌ക്രിപ്റ്റില്‍ പോലും മാറ്റം വരുത്തിയാണ് ഒമര്‍ ലുലു പ്രിയയെ നായികയാക്കുന്നത്. ഗാനം തങ്ങളുടെ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുസംഘം ചെറുപ്പക്കാരാണ് ഹൈദ്രാബാദില്‍ കേസ് കൊടുത്തത്. ഗാനത്തിലെ വരികളുടെ അര്‍ത്ഥം ഇന്റര്‍നെറ്റ് വഴി മനസിലാക്കിയാണ് തങ്ങള്‍ പരാതി നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. ഗാനരചയിതാവിനെതിരെയും കേസുണ്ട്. പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിക്കുന്ന വിധത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പ്രവാചകനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഗാനരംഗം ഹിറ്റായതോടെ വാലന്റെയ്ന്‍സ് ഡേയോട് അനുബന്ധിച്ച് ഗൂഗിളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെടുന്ന പേരായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം വൈറലായതിന് പിന്നാലെയാണ് ഇത്. നേരത്തെ ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെടുന്ന പേര് സണ്ണി ലിയോണിന്റേതായിരുന്നു. കത്രിന കെയ്ഫ്, അനുഷ്‌ക ശര്‍മ്മ, ദീപിക പദുകോണ്‍ എന്നിങ്ങനെയാണ് വാലന്റെയ്ന്‍സ് ഡേയോട് അനുബന്ധിച്ച് ഏറ്റവുമധികം തിരയപ്പെടുന്ന പേരുകള്‍. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ പ്രിയയേക്കാള്‍ ഏറെ പിന്നിലാണ്.

തൃശൂര്‍ സ്വദേശിനിയായ പ്രിയ പ്രകാശ് വാര്യര്‍ തൃശൂര്‍ വിമല കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ചിത്രത്തിലെ ‘മാണിക്യ മലരായ പൂവീ..’ എന്ന ഗാനമാണ് പ്രിയയ്ക്ക് അപ്രതീക്ഷിത പ്രശസ്തി സമ്മാനിച്ചത്. ഷാന്‍ റഹ്മാനാണ് മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിനെതിരെയാണ് ഇപ്പോള്‍ കേസ് വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍