UPDATES

ട്രെന്‍ഡിങ്ങ്

പശുവിനെ അപമാനിച്ചെന്ന പരാതിയില്‍ കേസ് എടുത്തെന്ന് ആക്ഷേപം; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിനാണെന്ന് പൊലീസ്

ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ സാജന്‍ എബ്രാഹം ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചതായും ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നുണ്ട്.

പശുവിനെ അപമാനിച്ചെന്ന പരാതിയില്‍ അമ്പതുകാരനെതിരേ കേസ് എടുത്തെന്ന വാര്‍ത്ത തെറ്റാണെന്നു പൊലീസ്. പശുവിനെ അപമാനിച്ചതിനല്ല, വര്‍ഗീയ പരാമര്‍ശം നടത്തി മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നാണ് വെള്ളരിക്കുണ്ട് പൊലീസ് നല്‍കുന്ന വിശദീകരണം.

കാസറഗോഡ് പുന്നക്കുന്ന സ്വദേശി ചന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് സ്വദേശി സാജന്‍ എബ്രഹാമിനെതിരേ 153 എ പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസ് എടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്. പരാതിയില്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ പശുവിനെ അപമാനിച്ചതിനെതിരേയല്ല ഈ കേസ് എന്നും പൊലീസ് പറയുന്നു.

ഒരു ചായക്കടയിലിരുന്നു പരാതിക്കാരനായ ചന്ദ്രനും പ്രതിയായ സാജനും ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയം സംസാരിക്കുന്നതിനിടയില്‍ പശു വിഷയമായി വന്നപ്പോള്‍ ചന്ദ്രന്‍ പശുവിനെ സ്തുതിച്ച് സംസാരിക്കുകയും സാജന്‍ നീയതിന്റെ പാല് കുടിക്കാറില്ലേ എന്നു ചോദിക്കുകയും ചെയ്‌തെന്നും ഇതിന്റെ പേരിലാണ് ഗോമാതാവിനെ അപമാനിച്ചെന്നു കാണിച്ച് ചന്ദ്രന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി സജീവന് പരാതി നല്‍കുകയും ആ പരാതിയില്‍ സാജനെതിരേ കേസ് എടുത്തതെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ സാജന്‍ എബ്രാഹം ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചതായും പറയുന്നുണ്ട്. കൂടാതെ സാജന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കണമെന്ന ലക്ഷ്യമായിരുന്നു സാജനെന്നും അതിനെതിരേ നടപടിയുണ്ടാകണമെന്നുമാണ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; മേയ് 28 ന് രാവിലെ ഒരു ചായക്കുടയില്‍ താന്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന സാജന്‍ ചായയ്ക്കുള്ള പാല്‍ കുടിക്കുവാന്‍ പാടില്ല, അത് ഗോമാതയുടെതാണെന്നു കമന്റ് പറയുകയും തുടര്‍ന്ന് തന്നെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീരാമനും ശ്രീകൃഷ്ണനും ദൈവം അല്ലെന്നും നിങ്ങളുടെ ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളെയും വെറുതെ വിടില്ലായെന്നു പറഞ്ഞ് വര്‍ഗീയമായി അധിക്ഷേപിക്കുകയുണ്ടായി. തുടര്‍ന്ന് ചായ കൊണ്ടുവെച്ച ഗ്ലാസ് എടുത്ത് തന്റെ തലയ്ക്ക് കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയതുകൊണ്ട് രക്ഷപ്പെട്ടു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എതിര്‍കക്ഷി ഇപ്രകാരം ചെയ്തത്. ആയതുകൊണ്ട് എതിര്‍കക്ഷിക്കെതിരേ തക്കതായ നടപടി സ്വീകരിക്കണം.

ഈ പരാതിയിന്‍ പ്രകാരം വര്‍ഗീയവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയോയെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

പശുവിനെതിരേ സംസാരിച്ചാല്‍ ആക്രമിക്കപ്പെടുകയും കേസ് ഉണ്ടാവുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും സംഭവിക്കുന്നുവെന്നായിരുന്നു ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രചാരണം. സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വ്യാപകമായി വിമര്‍ശനവും ഉണ്ടായി. എന്നാല്‍ കാര്യങ്ങള്‍ ആ രീതിയില്‍ അല്ല കാണേണ്ടതെന്ന വിശദീകരണമാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്നത്.

ആഗോളതാപനത്തെ നിയന്ത്രിച്ചില്ലെങ്കിൽ യുഎസ്സിൽ ആയിരങ്ങൾ മരിച്ചൊടുങ്ങുമെന്ന് പഠനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍