UPDATES

ഈ ജാതികേരളത്തില്‍ നിങ്ങളുടെ സംവരണവിരുദ്ധ കൃഷി നല്ല വിളവ് തരും ലിജോ!

സാമ്പത്തിക സംവരണവാദികള്‍ കുറെനാളായി നടത്തുന്ന പ്രചരണത്തിന്റെ തുടര്‍ച്ച മാത്രമാണ് ഈ പോസ്റ്റിലുള്ളത്

ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് 79 ശതമാനം മാര്‍ക്ക് നേടിയിട്ടും ഉപരിപഠനത്തിന് സാധിക്കാത്ത ലിജോ ജോയ് എന്ന വിദ്യാര്‍ത്ഥി കൃഷിപ്പണിക്കിറങ്ങാനൊരുങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ‘ജാതികേരളം’ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തകളിലൊന്ന്. രണ്ട് ദിവസത്തിനകം പതിനൊന്നായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് 47,000ത്തിലധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ജാതിവെറിയുടെ കേരളം കാണാന്‍ വേറെങ്ങും പോകേണ്ടതില്ല എന്നതാണ് ആ പോസ്റ്റ് തെളിയിക്കുന്നതും.

ലിജോയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവര്‍ ഇത്രയേറെ പേരുണ്ടെങ്കിലും പോസ്റ്റിനെതിരെ രൂക്ഷമായ അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിക്കുന്ന ലിജോ തന്റെ പ്രായത്തിന്റെ അപക്വത മൂലം കാണാതെ പോയ ചില വസ്തുതകളാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഓരോ വര്‍ഷംതോറും കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ വിജയശതമാനം വര്‍ദ്ധിക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് വരെ എഴുപത് ശതമാനം മാര്‍ക്കുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് ആഗ്രഹിക്കുന്ന കോളേജില്‍ ആഗ്രഹിക്കുന്ന കോഴ്‌സിന് ചേരാമായിരുന്നുവെങ്കില്‍ ഇന്ന് അത് സാധ്യമല്ല. ഇരുപത് വര്‍ഷം മുമ്പത്തെ കണക്കെടുത്താല്‍ അറുപത് ശതമാനം മാര്‍ക്ക് പോലും വേണമെന്നില്ലായിരുന്നു അഡ്മിഷന്‍ ലഭിക്കാനെന്ന് കൂടി മനസിലാക്കണം. സമൂഹത്തിന്റെ വികസനത്തിനനുസരിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വര്‍ദ്ധിക്കുന്നതാണ് അതിന് മുഖ്യകാരണം. 79 ശതമാനം ഇന്ന് ഒരു മാര്‍ക്കല്ലെന്ന് ലിജോയുടെ പോസ്റ്റില്‍ നിന്നുതന്നെ വ്യക്തമാകും. സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ പ്രൈവറ്റ് കോളേജുകളില്‍ അഭയം തേടുന്നതാണ് ഇവിടെ പതിവ്. എന്നാല്‍ അതിന് തയ്യാറാകാതെ കൃഷിപ്പണിക്കിറങ്ങാമെന്ന ലിജോയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. പക്ഷെ അതിന് നിങ്ങളെന്നെ കര്‍ഷകനാക്കിയെന്ന ഹാഷ് ടാഗ് കൊടുക്കുമ്പോള്‍ ആരാണ് ഇയാളെ കര്‍ഷകനാക്കിയതെന്ന് കൂടി വ്യക്തമാക്കണം. ഇവിടെയാണ് ലിജോയുടെ ഉള്ളിലുള്ളത് സംവരണ വിരുദ്ധതയല്ലെന്നും പകരം ജാതിവെറിയാണെന്നും പറയേണ്ടി വരുന്നത്.

അമ്പത് ശതമാനം മാര്‍ക്കുള്ള താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക് എവിടെ വേണമെങ്കിലും അഡ്മിഷന്‍ കിട്ടുമെന്നാണ് ഇയാള്‍ പറയുന്നത്. ഇനിയുള്ള തലമുറയ്ക്ക് സംവരണം വേണോയെന്ന് തീരുമാനിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. അമ്പത് ശതമാനം മാര്‍ക്ക് വാങ്ങി ഇഷ്ടമുള്ള കോളേജില്‍ ഇഷ്ടമുള്ള കോഴ്‌സിന് ചേരാന്‍ സംവരണക്കാര്‍ക്കും സാധിച്ചിരുന്ന കാലം ഒരു പത്ത് കൊല്ലം മുമ്പായിരുന്നുവെന്ന് ഇയാള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. സംവരണമുള്ള വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഇക്കാല ഘട്ടത്തില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായും ഏറെ പിന്നില്‍ നില്‍ക്കുന്ന പിന്നോക്ക കുടുംബങ്ങളിലെ നിരവധി കുട്ടികളാണ് ഇന്ന് തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്നത്. അത് സാമൂഹികമായി അവര്‍ക്ക് ലഭിക്കുന്ന സഹായങ്ങളിലൂടെയും സ്വയം ആര്‍ജ്ജിച്ചും നേടുന്നതാണ്. അവരുടെ സാമൂഹിക സാഹചര്യം കണക്കിലെടുത്താണ് ഇപ്പോഴും സംവരണം തുടരുന്നത്.

ആഗ്രഹിച്ചത് പോലെ കോളേജില്‍ ചേരാന്‍ സാധിക്കാത്ത ഒരു വിദ്യാര്‍ത്ഥിയുടെ കൊതിക്കെറുവായി മാത്രമാണ് ഇതിനെ കാണേണ്ടതെങ്കിലും ഈ പോസ്റ്റിന് ലഭിച്ച പിന്തുണ മലയാളികളുടെയുള്ളില്‍ ഇന്നുമുള്ള ജാതിവെറിയുടെ ദൃഷ്ടാന്തമാണ്. സാമ്പത്തിക സംവരണവാദികള്‍ കുറെനാളായി നടത്തുന്ന പ്രചരണത്തിന്റെ തുടര്‍ച്ച മാത്രമാണ് ഈ പോസ്റ്റിലുള്ളത്. സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നവരില്‍ ഭൂരിഭാഗം പേരിലും ഉറങ്ങിക്കിടക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള വിരുദ്ധതയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിട്ടുള്ളതാണ്. മുതിര്‍ന്നവരില്‍ നിന്നും പകര്‍ന്നുകിട്ടിയ ഈ വിരുദ്ധ മനോഭാവത്തിന്റെ പിന്തുടര്‍ച്ച തന്നെയാണ് ലിജോയ്ക്കുള്ളതെന്ന് ഈ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ പറയേണ്ടിവരും.

ലിജോയെ വിമര്‍ശിച്ചവരില്‍ പ്രമുഖന്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമാണ്. ലിജോയുടേത് ചെറിയ പ്രായമായതിനാല്‍ നമ്മുടെ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ ഇയാള്‍ക്ക് കഴിയാതെ പോയതാണെന്ന് ബല്‍റാം നിരീക്ഷിക്കുന്നു. കൂടാതെ സവര്‍ണ സമുദായത്തില്‍പ്പെട്ട ഒരുപാട് മിഡില്‍ക്ലാസ് ചെറുപ്പക്കാര്‍ക്കും ഇതേ വികലമായ സാമൂഹിക ബോധമാണുള്ളതെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു. കൂടാതെ ലിജോയുടെ സമുദായത്തിന് കേരളത്തിലുള്ള ജനസംഖ്യയുടെ മൂന്നിരട്ടിയോളം സീറ്റുകളില്‍ ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍. ആ കൂട്ടത്തില്‍ താങ്കള്‍ ഉള്‍പ്പെടാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായതുകൊണ്ട് മാത്രമാണെന്നും മെറിറ്റില്ലാത്തതിനാലാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു. നമുക്ക് മുന്നിലുള്ള അവസരങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല മറ്റുള്ളവര്‍ക്ക് എന്തുകിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവെ ഏതൊരാള്‍ക്കും താല്‍പര്യം.

ലിജോയ്ക്ക് കൃഷി ചെയ്യാനുള്ള ഭൂമിയുണ്ട്, അതുകൊണ്ടാണല്ലോ അയാള്‍ കൃഷി ചെയ്യാമെന്ന തീരുമാനമെടുക്കുന്നത്. എന്നാല്‍ ലിജോ അധിക്ഷേപിച്ച സംവരണ വിഭാഗത്തിന് സംസ്ഥാനത്ത് കൈവശമുള്ള ഭൂമിയുടെ അളവ് ശരാശരി മൂന്ന് സെന്റ് മാത്രമാണെന്ന് നാം മനസിലാക്കണം; ശരാശരിയാണ്; അതുപോലുമില്ലാത്ത എത്ര കുടുംബങ്ങളെ കാണിച്ചു തരണം? കൃഷിയെന്ന തിരഞ്ഞെടുപ്പ് ഇയാള്‍ക്ക് സാധ്യമാകുമ്പോള്‍ സംവരണവിഭാഗത്തിലെ ബഹുഭൂരിഭാഗം കുട്ടികള്‍ക്കും അങ്ങനെയൊരു സാധ്യതയില്ല. ഇങ്ങനെ അവര്‍ക്കുള്ള പലതരം പരിമിതികളും മുന്നില്‍ക്കണ്ട് അവര്‍ക്ക് നല്‍കുന്ന അധിക പരിരക്ഷയാണ് സംവരണമെന്ന് ജാതിവെറിയില്‍ നിന്നുയരുന്ന സംവരണ വിരുദ്ധത പറയുന്നവര്‍ മനസിലാക്കാതെ പോകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇയാളുടെ പോസ്റ്റും അതിന് ലഭിച്ച സ്വീകാര്യതയും.

പോസ്റ്റിനൊപ്പം ലിജോ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കുമ്പോള്‍ അത് കാടുകയറി ഉപയോഗിക്കാതെയിട്ടിരിക്കുന്ന ഭൂമിയാണെന്ന് മനസിലാക്കാം. ആദിവാസികളും ദലിതരും ഉള്‍പ്പെടെ കൃഷിഭൂമിക്കും കിടപ്പാടത്തിനുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ്പ് സമരം ഉള്‍പ്പെടെയുള്ളവ നടത്തുമ്പോള്‍ സംസ്ഥാനത്ത് നിരവധി ഭൂമിയാണ് കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്നത്. ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ ഇത്തരത്തില്‍ ഉപയോഗിക്കാതെയിട്ടിരിക്കുന്ന ഭൂമി കൃഷിയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ തന്നെ ഇവിടെ ഭക്ഷ്യസ്വയംപര്യാപ്തതയുടെ വലിയൊരു കടമ്പ നമ്മള്‍ മറികടക്കുമെന്നതിന് സംശയം വേണ്ട.

ലിജോയുടെ പോസ്റ്റിന് ലഭിച്ച ചില കമന്റുകള്‍ വായിക്കുമ്പോഴാണ് കേരളം എത്രമാത്രം പിന്നോട്ടോടിക്കഴിഞ്ഞെന്ന് മനസിലാകുക. ‘കണ്ടവന്മാര്‍ക്കൊ’ക്കെ സംവരണം കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പല മറുപടികളും. എന്നാല്‍ നേടിയ മാര്‍ക്കനുസരിച്ച് സാധ്യതയുള്ള കോഴ്‌സും സ്ഥാപനവും നോക്കി വസ്തുതാ ബോധത്തോടെ ഓപ്ഷന്‍ നല്‍കിയിരുന്നെങ്കില്‍ സീറ്റ് കിട്ടുമായിരുന്നെന്ന് വിശദീകരിക്കുന്ന കമന്റുകളും ഉണ്ട്. സമൂഹത്തിലെ ചിന്തയുടെ ഉറവിടമെന്ന് കരുതപ്പെടുന്ന സര്‍വകലാശാല ക്യാമ്പസുകളില്‍ പോലും ജാതിയുടെ പേരിലുള്ള വേര്‍തിരിവും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണവും നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഐഐടിയില്‍ പ്രവേശനം നേടിയ ദലിത് വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നേരെ കല്ലേറുണ്ടായ വാര്‍ത്ത പുറത്തുവന്നത് രണ്ട് വര്‍ഷം മുമ്പാണ്. ഉന്നത മാര്‍ക്ക് വാങ്ങി മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ഐഐടിയില്‍ പ്രവേശനം നേടുകയും ചെയ്ത സഹോദരങ്ങളുടെ വീടിന് നേരെയാണ് സവര്‍ണജാതിക്കാരായ നാട്ടുകാരുടെ കല്ലേറുണ്ടായത്. ഈ സംഭവം നടന്നത് ഉത്തരേന്ത്യയിലാണെങ്കിലും കേരളത്തിലും ജാതി ചിന്തകള്‍ക്ക് മാറ്റമില്ലെന്ന് തന്നെയാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്.

ബല്‍റാം പറഞ്ഞതുപോലെ ലിജോയുടെ അഭിപ്രായം ഒരു പ്രായത്തിന്റെ അറിവില്ലായ്മയായി കണക്കാക്കാമെങ്കിലും അതിന് പ്രചരണം നല്‍കുകയും ഏറ്റെടുക്കുകയും ചെയ്ത ഒരു വലിയ സമൂഹത്തിന്റെ മനസില്‍ രൂപപ്പെട്ടിരിക്കുന്ന ജാതിവെറിയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഐഐടി വിദ്യാര്‍ത്ഥികളെ ആക്രമിച്ച സവര്‍ണരെപ്പോലെ കീഴ്ജാതിക്കാര്‍ പഠിക്കേണ്ടവരല്ലെന്ന സന്ദേശം തന്നെയാണ് അവര്‍ ഈ സമൂഹത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം അപകടരമായ പ്രവണതയും എതിര്‍ക്കപ്പെടേണ്ട ഒന്നുമാണ്.

വിപി സിംഗ് മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ പാര്‍ലമെന്റില്‍ വച്ച 1990നും ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സംവരണ വിരുദ്ധ സവര്‍ണ ഐക്യപ്പെടലിനും അതിന്റെ പില്‍ക്കാല രൂപമായ യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന മോറോണ്‍ കൂട്ടായ്മയ്ക്കും മുമ്പ് 1988ല്‍ ആര്യന്‍ എന്ന സിനിമയെ ഹിറ്റാക്കിയ നാടാണ് കേരളമെന്നാണ് ഈ വിഷയത്തെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകനായ ശ്രീജിത് ദിവാകരന്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രാഹ്മണ നായക കഥാപാത്രത്തിന്റെ അച്ഛന്‍ കടംവീട്ടാനായി വാഴക്കുല വെട്ടി പഴയ അടിയാളന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്ന രംഗം കണ്ട് കണ്ണീര്‍ വാര്‍ത്തവരാണ് നമ്മള്‍. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയ്ക്കും അതിനെ അടിസ്ഥാനപ്പെടുത്തിയുണ്ടായ സംഗീത ആല്‍ബങ്ങള്‍ക്കും നഷ്ടപ്പെട്ട പ്രസക്തി ഓര്‍ത്ത് പുച്ഛിക്കുന്നവരാണ് നമ്മള്‍.

എന്നാല്‍ നമ്മുടെ സംവരണ വിരുദ്ധതയില്‍ പൊതിഞ്ഞിരിക്കുന്നത് അവര്‍ണ വിരുദ്ധതയാണെന്നത് അംഗീകരിക്കാന്‍ നാം തയ്യാറാകുന്നുമില്ല. സമൂഹത്തിന്റെ പരിച്ഛേദമാണ് സമൂഹമാധ്യമമെന്നതിനാല്‍ മനസുകൊണ്ട് ലിജോയെ അംഗീകരിക്കുന്നവര്‍ അരലക്ഷമല്ല, അഞ്ച് ലക്ഷത്തിലേറെ വരുമെന്നുകൂടി നാം മനസിലാക്കണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍