UPDATES

ബീഫ് രാഷ്ട്രീയം

ബീഫ് വില കുതിച്ചുയരുന്നു: കാലികളെ കിട്ടാനില്ലാതെ അറവ് കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് നിലവില്‍ കറവയുള്ള മാടുകളും കന്നുകുട്ടികളും കൂട്ടത്തോടെ അറവുശാലകളില്‍ എത്തപ്പെടുന്ന അവസ്ഥ

സംസ്ഥാനത്ത് മാട്ടിറച്ചി ലഭ്യത ഗണ്യമായി കുറയുന്നതായി വിവരം. കേന്ദ്രസര്‍ക്കാറിന്റെ വിവാദമായ പുതിയ നയങ്ങള്‍ നടപ്പാക്കാന്‍ യാതൊരു ഉത്തരവും ലഭിച്ചിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ തന്നെ, മാട്ടിറിച്ചി ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തെ കാലിച്ചന്തകളിലും കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്നത്. മാട്ടിറച്ചി ലഭ്യത കുറഞ്ഞത് കോഴിയിറച്ചി വില വര്‍ദ്ധനയ്ക്കും കാരണമായിട്ടുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.

കാസര്‍ഗോഡ് പോത്ത് ബസാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അബൂബക്കര്‍ പുതിയ ആശങ്കകള്‍ അഴിമുഖത്തോട് പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: നോമ്പ് കാലത്ത് എല്ലാ വര്‍ഷവും ഏകദേശം നാല്പതോളം മാടുകളെ പരിചരിച്ചിരുന്ന സ്ഥലമായിരുന്നു പോത്ത് ബസാര്‍. എന്നാല്‍ ഇത്തവണ ഏകദേശം ശൂന്യമായ അവസ്ഥയിലാണ്. മാട്ടിറച്ചിക്ക് ആവശ്യക്കാര്‍ ഉണ്ടായിട്ടും അതിനൊത്ത കാലികള്‍ പോത്ത് ബസാറില്‍ എത്തുന്നില്ല. ആന്ധ്രാപ്രദേശ്, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു പോത്ത് ബസാറിലേക്ക് ലോഡ് എത്തിയിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിജ്ഞാപനം ഇറങ്ങിയ ശേഷം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിവരവ് എതാണ്ട് നിലച്ചമട്ടാണ്.

കേരള കാറ്റില്‍ മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി മുഹമ്മദ് കുട്ടി കല്ലുങ്കല്‍ അഴിമുഖത്തോട് പങ്കുവച്ചതും സമാന അനുഭവമാണ്. കോട്ടക്കല്‍ സ്വദേശിയായിയാണെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് മൊത്തവിലയ്ക്ക് മാടുകളെ കേരളത്തില്‍ എത്തിച്ച് മിക്ക ജില്ലകളിലും കച്ചവടം നടത്തുന്ന മുഹമ്മദ് കുട്ടി പറഞ്ഞകാര്യങ്ങള്‍ ഇതാണ്: ‘അഞ്ച് സീസണുകളാണ് ഞങ്ങള്‍ ഇറച്ചിവ്യാപാരികള്‍ക്കും അറവുകാര്‍ക്കും പ്രധാനവരുമാന മാര്‍ഗ്ഗം ആവാറുള്ളത്. ക്രിസ്തുമസ്, ഈസ്റ്റര്‍, 30 ദിവസത്തെ നോമ്പടക്കം ഉള്ള ചെറിയ പെരുന്നാള്‍കാലം, വലിയ പെരുന്നാള്‍, വേനലവധിക്കാലം. ഈ സീസണുകള്‍ മുന്നില്‍ കണ്ടാണ് പല ഇറച്ചിവ്യാപാരികളും കടം വാങ്ങുന്നതും, വീട്‌ പണി ആരംഭിക്കുന്നതുമെല്ലാം. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് ചെറിയ പെരുന്നാള്‍കാലം. വലിയ കച്ചവടം നടക്കുന്ന സമയമാണിത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം ഇതുവരെ നടപ്പില്‍ വന്നിട്ടില്ല എന്ന് പോലീസുകാര്‍ പറയുന്നു. പക്ഷേ വരുമാനം നിലച്ച മട്ടാണ്.

പണ്ട് ഒരു ദിവസം അതിര്‍ത്തി കടന്ന് നൂറോളം ലോഡ് വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ പത്ത് ലോഡ് തികച്ചു വരുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്ത് മിക്കാവാറും ഇടങ്ങളില്‍ ലഭിക്കുന്ന ഇറച്ചി നാട്ടില്‍ നിന്ന് ലഭിക്കുന്ന കാലികളെ അറക്കുന്നതാണ്. അതുകൊണ്ടാണ് ലോഡില്‍ വന്ന കുറവ് ആളുകള്‍ അറിയാത്തത്. കഴിഞ്ഞ ദിവസം വാണിയംകുളത്ത് നടന്ന ചന്തയില്‍ പശുകുട്ടികള്‍, കന്നുകുട്ടികള്‍, കറവയുള്ള പശുക്കള്‍ എന്നിവയെ വില്പനയ്ക്ക് കൊണ്ടുവന്നിരുന്നു. പല ഇറച്ചി വ്യാപാരികളും വന്‍വില വാഗ്ദാനം ചെയ്തു പ്രാദേശികമായി വാങ്ങിച്ചെടുത്തതാണ് ഇവ. ഇങ്ങനെ നോമ്പ് സീസണ്‍ മുഴുവന്‍ തരണം ചെയ്യാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ അത് കേരളത്തിലെ കാലിസമ്പത്തിനെ ദോഷകരമായി ബാധിക്കും. വരുന്ന ആഴ്ചകളില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ കാലി ലഭ്യത പൂര്‍ണ്ണമായും നില്‍ക്കുകയും ചെയ്യും‘, മുഹമ്മദ് കുട്ടി കല്ലുങ്കല്‍ പറയുന്നു.

മാട്ടിറച്ചി വില കഴിഞ്ഞ ദിവസങ്ങളില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട് എന്നതും വസ്തുതയാണ്. പരമാവധി 250 വരെയായിരുന്നു മാര്‍ക്കറ്റില്‍ മാട്ടിറച്ചിയുടെ വില. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അത് 320 ലേക്കും ചിലയിടങ്ങളില്‍ 350-ലേക്കും എത്തിയിട്ടുണ്ട്. മുഹമദ് കുട്ടി കല്ലുങ്കല്‍ പറഞ്ഞപ്രകാരം, വന്‍ വിലയ്ക്ക് പ്രാദേശിക കാലികളെ അറക്കുന്നതാണ് ഈ വിലവര്‍ദ്ധനയുടെ ഒരു കാരണം. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് ശേഷം ആവശ്യക്കാരേറിയ ബീഫിനു വ്യാപാരികള്‍ മനഃപൂര്‍വം വില ഉയര്‍ത്തുന്നുമുണ്ട്. എന്നാല്‍ ഇതില്‍ പൂര്‍ണമായി വ്യാപാരികളെ കുറ്റപ്പെടുത്തുവാന്‍ സാധിക്കില്ല. കാരണം ഈ സീസണില്‍ കിട്ടുന്ന ലാഭം മുന്നില്‍ കണ്ട് പണം വായ്പ എടുത്തവരും കല്യാണം ഉറപ്പിച്ചവരും എല്ലാം ഇറച്ചിവ്യാപാരികള്‍ക്കിടയില്‍ ഉണ്ട്.

‘നോമ്പ് കാലത്തെ കച്ചവടം കണ്ടിട്ടാണ് പൈസ കടം വാങ്ങിയതും കല്യാണം ഉറപ്പിച്ചതുമെല്ലാം. ഈ സീസണില്‍ സര്‍ക്കാരില്‍ നിന്ന് അടികിട്ടിയതോടെ ആ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നു. സംസ്ഥാന ഗവണ്മെന്റ് ഇത് അംഗീകരിക്കില്ല എന്നൊക്കെ പറയുന്നുണ്ടെങ്കില്‍ തന്നെ, കച്ചവടക്കാര്‍ക്ക് മാടുകളെ എത്തിക്കാന്‍ ഉള്ള നടപടി ഒന്നും എടുക്കുന്നില്ല. ഇറച്ചി കഴിക്കുന്നവരെ ഇത് ബാധിക്കാന്‍ ഇരിക്കുന്നേ ഉള്ളൂ, ഇപ്പോള്‍ പ്രശ്‌നം ഉണ്ടായിരിക്കുന്നത് കച്ചവടക്കാര്‍ക്കാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട നടപടികള്‍ എത്രയും പെട്ടന്ന് എടുത്തേതീരു’: ആലപ്പുഴ സക്കറിയ ബസാറിലെ ഇറച്ചി വില്പനക്കാരനായ സജനീഷ് പറയുന്നു. സജനീഷ് പറയുന്നത് പോലെ കാലികളെ അന്യ സംസ്ഥാനത്ത് നിന്ന് ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലെങ്കില്‍ വാണിയംകുളത്ത് സംഭവിച്ചപോലെ കറവയുള്ള മാടുകളും കന്നുകുട്ടികളും കൂട്ടത്തോടെ അറവുശാലകളില്‍ എത്തപ്പെടും. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയം നടപ്പില്‍ വരാത്തതിനാല്‍ ഇതിനു വ്യാപാരികള്‍ക്ക് നിയമ തടസ്സങ്ങള്‍ ഒന്നും ഉണ്ടാവുകയുമില്ല. തത്സ്ഥിതി തുടരുകയാണെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ വിലയുയരും. മറ്റിനം ഇറച്ചികള്‍ക്കും വിലവര്‍ദ്ധനവ് സംഭവിക്കുകയും ചെയ്യും.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍