UPDATES

സിനിമാ വാര്‍ത്തകള്‍

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയുടെ പ്രദര്‍ശനം തടയാന്‍ ആര്‍ക്കും കഴിയില്ല; സുപ്രീം കോടതി

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്

ഒരിക്കല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദര്‍ശനം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാതാവിന് അവകാശമുണ്ടെന്നും വ്യക്തമാക്കി സുപ്രിം കോടതി. ക്രമസമാധാനപ്രശ്‌നം ഉയര്‍ത്തി ഏതെങ്കിലും സ്വകാര്യസംഘടകള്‍ക്ക് ഒരു സിനിമയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യാനോ പ്രദര്‍ശനം മുടക്കാനോ അനുവാദമില്ലെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ചൊവ്വാഴ്ച്ചത്തെ കോടതി ഉത്തരവ്.
ഹിന്ദി ചിത്രമായ നാനാക് ഷാ ഫക്കീറിന് രാജ്യവ്യാപകമായി പ്രദര്‍ശനാനുമതി നല്‍കി കൊണ്ടായിരുന്നു സുപ്രീം കോടതി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. ബന്ധപ്പെട്ട അധികാരികള്‍ സിനിമയുടെ പ്രദര്‍ശനം സുഗമമായി നടക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നാനക് ഷാ ഫക്കീറിന്റെ നിര്‍മാതാവ് ഹരീന്ദര്‍ സിംഗ് സിക്ക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ എം കന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ഡിവിഷഷന്‍ ബഞ്ചാണ് നിര്‍ണായകമായ ഈ വിധി പുറപ്പെടുവിച്ചത്. ഏപ്രില്‍ 13 ന് റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന പ്രധാന സിഖ് സംഘടനയായ എസ്ജിപിസി തീരുമാനമെടുത്തതിന് എതിരായിട്ടായിരുന്നു സിക്ക ഹര്‍ജി നല്‍കിയത്. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിനെ അപകീര്‍ത്തികരമായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍ എന്ന ആക്ഷേപം ഉയര്‍ത്തിയാണ് എസ്ജിപിസിയും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയും രംഗത്തു വന്നത്. ഇതേ തുടര്‍ന്നാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

എസ്ജിപിസി ആദ്യം ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നതാണെങ്കിലും പിന്നീടത് പിന്‍വലിക്കുകയായിരുന്നു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും പരിശോധന കമ്മിറ്റിയും ചിത്രം കണ്ട് വിലയിരുത്തി, തങ്ങളുടെ നിര്‍ദേശാനുസരണം നിര്‍മാതാവ് സിനിമയില്‍ മതിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത ശേഷം ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞാല്‍ പിന്നീട് അതിന്റെ പ്രദര്‍ശനം തടസം കൂടാതെ നടക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ഒരു തരത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചത് കോടതി അംഗീകരിച്ചുകൊണ്ടാണ് സിബിഎഫ്‌സിയുടെ സര്‍ട്ടിഫിക്കറ്റ് ഒരിക്കല്‍ കിട്ടിയ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഒരുതരത്തിലുമുള്ള തടസങ്ങളും ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍