UPDATES

ട്രെന്‍ഡിങ്ങ്

സനാതന്‍ സന്‍സ്തയുടെ ഹിറ്റ്ലിസ്റ്റില്‍ ധാബോല്‍ക്കര്‍ കൊലക്കേസ് അന്വേഷിച്ച മലയാളി ഉദ്യോഗസ്ഥനും

അടുത്ത കാലത്ത് നന്ദകുമാര്‍ നായര്‍ ഗുരുവായൂരിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്ന് സനാതന അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തായുടെ ഹിറ്റ്‌ലിസ്റ്റില്‍ ആംആദ്മി നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് കേതാനും നരേന്ദ്ര ധാബോല്‍ക്കര്‍ കൊലപാതകം അന്വേഷിച്ച മലയാളി ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായരുമെന്ന് റിപ്പോര്‍ട്ട്. 2016 ജൂണിനും ഈ വര്‍ഷം ജൂലൈയ്ക്കുമിടയില്‍ ആശിഷ് കേതാന് സനാതന സന്‍സ്തായില്‍ നിന്നും രണ്ട് ഭീഷണിക്കത്തുകളാണ് ലഭിച്ചത്.

ഇതേത്തുടര്‍ന്ന് ഏതെങ്കിലും പൗരന്മാര്‍ക്ക് തീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ടായാല്‍ അതിനെതിരെ ഏകീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കേതാന്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിബിഐ എസ്പിയായ നന്ദകുമാര്‍ നായരും സനാതനയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ധാബോല്‍ക്കര്‍ കേസ് അന്വേഷിച്ച ഇദ്ദേഹം സനാതനയുടെ പോഷക സംഘടനയായ ഹിന്ദു ജനജാഗ്രത സമിതിയുടെ പടിഞ്ഞാറന്‍ കമാന്‍ഡറായ ഡോ. വീരേന്ദ്ര തവ്ദയെ 2016 ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സിബിഐ ഇയാള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളവരെ സനാതന വിശേഷിപ്പിക്കുന്നത് രാക്ഷസ എന്നാണ് സിബിഐ വെളിപ്പെടുത്തുന്നു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കുല്‍ബുര്‍ഗി എന്നിവരുടെ കൊലയാളികള്‍ക്ക് പങ്കുണ്ടെന്ന് കര്‍ണാടക പോലീസ് കണ്ടെത്തിയാല്‍ ഈ ഭീഷണികളെയും ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

അടുത്ത കാലത്ത് നന്ദകുമാര്‍ നായര്‍ ഗുരുവായൂരിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്ന് സനാതന അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ അഭിഭാഷകന്‍ സജീവ് പുനലേക്കറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. അതേസമയം നന്ദകുമാറിനെ സനാതന്‍ രാക്ഷസന്‍ എന്ന് വിളിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹത്തിന് സംരക്ഷണം പരിഗണിച്ചുവരുന്നതേയുള്ളൂവെന്നുമാണ് മഹാരാഷ്ട്ര പോലീസ് അറിയിച്ചത്.

നന്ദകുമാര്‍ ഹിന്ദു വിരുദ്ധനാണെന്നും തങ്ങളുടെ ആളുകളെ അറസ്റ്റ് ചെയ്തതിലൂടെ അദ്ദേഹം തന്റെ വിശ്വാസം പിന്തുടരുന്നില്ലെന്നാണ് തെളിയിച്ചിരിക്കുന്നെന്നുമാണ് സനാതന ആരോപിക്കുന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ വെളിപ്പെടുത്തുന്നു. ആശിഷ് കേതാന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ തനിക്ക് വന്ന രണ്ട് ഭീഷണിക്കത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതില്‍ ഒരു കത്തില്‍ നന്ദകുമാറിനെ ഹിന്ദു വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു രാജ്യത്തില്‍ നിങ്ങളെപ്പോലുള്ള ദൈവനിഷേധികള്‍ മരണ ശിക്ഷ അര്‍ഹിക്കുന്നുവെന്നും കത്തുകളില്‍ പറയുന്നു. ദൈവം സഹായിച്ചാല്‍ എത്രയും വേഗം അത് സാധ്യമാകുമെന്നാണ് കത്തില്‍ പറയുന്നത്.

ധബോല്‍ക്കര്‍, പന്‍സാരെ എന്നിവര്‍ക്ക് കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു. പോലീസ് അധികൃതര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നെന്നും കേതാന്റെ ഹര്‍ജിയില്‍ പറയുന്നു. ആശയപരമായി എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് പോലീസില്‍ നിന്നും നല്ല മറുപടി ലഭിക്കുന്നില്ല. ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നമ്മള്‍ ഒരു ബനാന റിപ്പബ്ലിക് ആയി തീരുമെന്നും കേതാന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍