UPDATES

ട്രെന്‍ഡിങ്ങ്

കേജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ മോദിയുടെ അനുവാദം വാങ്ങണമെന്ന് സെന്‍സര്‍ബോഡ്

മോദിയുടെ വീഡിയോ ഫൂട്ടേജ് ഈ ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ടെന്നും അതിനാല്‍ മോദിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നുമാണ് നിഹലാനിയുടെ വിചിത്രമായ വാദം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി വാങ്ങണമെന്ന് സെന്‍സര്‍ ബോഡ് ചെയര്‍മാന്‍ പഹലജ് നിഹലാനി. മോദിയുടെ വീഡിയോ ഫൂട്ടേജ് ഈ ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ടെന്നും അതിനാല്‍ മോദിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നുമാണ് നിഹലാനിയുടെ വിചിത്രമായ വാദം. മുംബൈയില്‍ നിന്നുള്ള ഖുശ്ബു റാങ്ക, വിനയ് ശുക്ല എന്നവരോടാണ് ഇക്കാര്യം പറഞ്ഞത്. ആന്‍ ഇന്‍ സിഗ്നിഫിക്കന്റ് മാന്‍ എന്ന പേരിലുള്ള ഡോക്യുമെന്ററി അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭം, കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുന്നത്, ഡല്‍ഹിയില്‍ കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുന്നത് തുടങ്ങിയവയെല്ലാമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

ഷിപ്പ് ഓഫ് തിസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് ഗാന്ധിയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും നീക്കണമെന്നാണ് സെന്‍സര്‍ ബോഡിന്റെ ആവശ്യം. മോദി, ഡല്‍ഹി മുന്‍ മുഖ്യമ്ന്ത്രി ഷീല ദീക്ഷിത്, കേജ്രിവാള്‍ തുടങ്ങി പരാമര്‍ശമുള്ള പ്രമുഖരില്‍ നിന്ന് എന്‍ഒസി വാങ്ങണം. ഫെബ്രുവരിയിലാണ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്. നിഹലാനി തങ്ങളെ ഓഫീസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും സംവിധായകര്‍ പറയുന്നു. സ്‌ക്രീനിംഗ് കഴിഞ്ഞ ശേഷം എക്‌സാമിനിംഗ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും നി്ങ്ങള്‍ ഒന്നും പറയേണ്ടെന്നുമാണ്.

എല്ലാം കത്തില്‍ പറയാമെന്നും പറഞ്ഞു. തുടര്‍ന്ന് ലഭിച്ച കത്തില്‍ ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്ന് അറിയിച്ചു. നിഹലാനിയെ കാണാന്‍ ചെന്നപ്പോള്‍ സെക്യൂരിറ്റി ഗാഡുകളെ വിളിപ്പിച്ച് അദ്ദഹം ഞങ്ങളെ പുറത്താക്കുകയാണുണ്ടായത്. റിവൈസിംഗ് കമ്മിറ്റിയുടെ സ്‌ക്രീനിംഗിന് നിഹലാനി എത്തി. ബിജെപിയേയും കോണ്‍ഗ്രസിനേയും കുറിച്ച് പറയുന്ന ആറ് സീനുകള്‍ വെട്ടിമാറ്റണമെന്നാണ് സെന്‍സര്‍ ബോഡ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മോദി സെന്‍സര്‍ ബോഡ് തലവനാകണമെന്നാണോ നിഹലാനി ഉദ്ദേശക്കുന്നതെന്ന് ഖുശ്ബു റാങ്ക ചോദിച്ചു. മോദിക്കോ കേജ്രിവാളിനോ ഷീല ദീക്ഷിതിനോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങള്‍ക്കെതിരെ കോടതിയില്‍ പോകാം. സെന്‍സര്‍ ബോഡ് ഇത്തരത്തില്‍ രാഷ്ട്രീയക്കാരുടെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും റാങ്ക പറഞ്ഞു. ടിവി ചാനലുകള്‍ കാണിച്ചിട്ടുള്ള ദൃശ്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ കാണിക്കുന്നത്. അഴിമതികള്‍ പുറത്തുവിടാന്‍ മാദ്ധ്യമങ്ങള്‍ രാഷ്ട്രീയക്കാരുടെ എന്‍ഒസി വാങ്ങേണ്ടി വരുമോ എന്ന് റാങ്ക ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍