UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് സീരിയലുകൾക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തിക്കൂടാ?

മോശമായ ഉള്ളടക്കമുള്ള സീരിയലുകള്‍ വിലക്കണമെന്ന് നിയമസഭാ സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്

എല്ലാ മനുഷ്യരും ദേവദൂതന്മാരാകുന്നൊരു ദിവസം നമ്മുടെ നാട്ടില്‍ എന്തു സംഭവിക്കും?

ടി വി സീരിയലുകള്‍ നിര്‍ത്തും…!

മനുഷ്യന്‍ നന്നാകുന്നതും സീരിയലുകള്‍ നിര്‍ത്തുന്നതും തമ്മിലുള്ള ബന്ധം?ന്തുകൊണ്ടെന്നാല്‍, സീരിയലുകള്‍ നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചകളല്ലോ…!

മനുഷ്യന്‍ ദൈവമാകുന്ന നിമിഷം യഥാര്‍ത്ഥ ദൈവത്തിനുപോലും സ്ഥാനം നഷ്ടമാകും, പിന്നെയാണോ മനുഷ്യാവസ്ഥകള്‍ പറയുന്ന സീരിയലുകളുടെ കാര്യം…

പക്ഷേ, ഈ രണ്ടു കാര്യങ്ങളും സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്.ഒരിക്കലും നടക്കാത്ത രണ്ടു കാര്യങ്ങള്‍…

മനുഷ്യാവസ്ഥകള്‍ പറയുന്ന സീരിയലുകളോ? സമൂഹ യാഥാര്‍ത്ഥ്യങ്ങളാണോ ചാനലുകളില്‍ അരമണിക്കൂര്‍ വീതം ദിവസേന കാണുന്നത്?

ആണെന്നാണ് സീരിയലുകാര്‍ പറയുന്നത്; പറഞ്ഞു പരത്തുന്നത്…

അല്ല, രോഗം പരത്തുന്ന കൊതുകളാണ് മലയാളത്തിലെ മെഗാസീരിയലുകള്‍. നടന്മാരായ ശ്രീനിവാസനും മമ്മൂട്ടിയും സംവിധായകന്‍ ശ്യാമപ്രസാദും അടക്കം എത്രയോപേര്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷയും സീരിയലുകളുണ്ടാക്കുന്ന സാമൂഹികവിപത്തുകളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇപ്പോഴിത കേരള നിയമസഭയും മലയാളം ടി വി സീരിയലുകളെക്കുറിച്ച് ആശങ്കയറിച്ചിരിക്കുന്നു.

മോശമായ ഉള്ളടക്കമുള്ള സീരിയലുകള്‍ വിലക്കണമെന്ന് നിയമസഭാ സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീകളേയും കുട്ടികളേയും തെറ്റായ രീതിയില്‍ വരച്ചുകാട്ടുന്ന സീരിയലുകള്‍ക്കും അവ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്കുമെതിരെ നടപടി എടുക്കണമെന്നും നിയമസഭ സമിതി ആവശ്യപ്പെട്ടു. തെറ്റായ സന്ദേശങ്ങളാണ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളും സമൂഹത്തിനു നല്‍കുന്നതെന്നടക്കമുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിയമസഭാ ഉപസമിതി മുന്നോട്ട് വെച്ചത്. കുടുംബ ബന്ധങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിക്കാത്ത സീരിയലുകള്‍ക്ക് മാത്രമേ സംപ്രേക്ഷണ അനുമതി നല്‍കാവൂവെന്നാണ് നിയമസഭാ സമിതിയുടെ ആവശ്യം. സീരിയലുകളിലെ ഉള്ളടക്കം നിരീക്ഷിക്കാനായി സമിതിയെ നിയോഗിക്കണമെന്നും ആയിഷാ പോറ്റി അദ്ധ്യക്ഷയായ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിനോദത്തിനു വേണ്ടിയെന്ന രൂപത്തില്‍ ദിവസേന വീടുകളുടെ സ്വീകരണ മുറിയില്‍ നിറഞ്ഞോടുന്ന സീരിയലുകള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന നാളുകളായുള്ള ആവശ്യമാണ് ഇപ്പോള്‍ നിയമസഭയില്‍ എത്തിയിരിക്കുന്നത്. ചാനല്‍ വ്യവസായത്തെ തകര്‍ക്കാനോ, സീരിയല്‍ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കാനോ അവരുടെ തൊഴില്‍ ഇല്ലാതാക്കാനോ അല്ല. സാമൂഹികമായി സീരിയലുകള്‍ ഉണ്ടാക്കുന്ന തിരിച്ചടികള്‍ക്കെതിരെയുള്ള പ്രതികരണം മാത്രമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സീരിയലുകള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍ അവയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തണം. സിനിമയെക്കാള്‍ സ്വാധീനം സീരിയലുകള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ തന്നെ അതുമൂലമുള്ള അപകടത്തിന്റെ ആഘാതവും കൂടും.

എന്താണ് നമ്മുടെ സീരിയലുകളുടെ പ്രമേയം? ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒളിച്ചോട്ടം, അബോര്‍ഷന്‍ എന്നിവയൊക്കെയാണ് ഇപ്പോഴത്തെ സീരിയലുകളുടെ പ്രമേയമെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നുമായിരുന്നു ഹൈക്കോടതി ജഡ്ജിയായിരുന്ന കൊമാല്‍ പാഷ അഭിപ്രായപ്പെട്ടത്. ഒരു ജഡ്ജിയുടെ മാത്രം വിലയിരുത്തലല്ല, ഏതൊരു സാധാരണക്കാരാനും ഇതേ അഭിപ്രായം തന്നെയാണ്.

എന്തുകൊണ്ട് ചാനല്‍ പരിപാടികള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തിക്കൂടാ?

സമൂഹത്തിന്റെ മൂല്യങ്ങളോടും മാനദണ്ഡങ്ങളോടും തെല്ലും നീതിപുലര്‍ത്താത്തവ കലയെന്ന പേരില്‍ പ്രേക്ഷകന്(ജനങ്ങള്‍ക്ക്) മുന്നില്‍ ദിനംപ്രതി അവതരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. യാതൊരു തടസവും കൂടാതെ വിഷാംശമടങ്ങിയ ഒരു ഉത്പന്നം മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതിനു തുല്യമാണിത്.

നമ്മുടെ സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുന്നതിനു മുമ്പ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഒത്തിരി പാകപ്പിഴകള്‍ സംഭവിക്കുന്നുണ്ടെങ്കിലും അത്തരമൊരു സംവിധാനത്തിന്റെ ആവശ്യം നമുക്ക് പലപ്പോഴും ബോധ്യമായിട്ടുള്ളതാണ്. അങ്ങനെയെങ്കില്‍, നമ്മുടെ നാട്ടില്‍ സിനിമകളെക്കാള്‍ പ്രേക്ഷകരുള്ള സീരിയലുകള്‍ക്ക് എന്തുകൊണ്ട് സെന്‍സറിംഗ് സാധ്യമല്ല?

ഒരു സിനിമയയ്ക്ക് സര്‍ട്ടിഫിക്കെറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നിയമങ്ങളില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്;

1, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായ ഹിംസകള്‍ പ്രകീര്‍ത്തിക്കപ്പെടുകയോ ന്യായീകരിക്കുകയോ ചെയ്യരുത്.
2, കുറ്റവാളികളുടെ പ്രവര്‍ത്തനരീതി വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും വിശദമാക്കി അത്തരം കുറ്റങ്ങള്‍ ചെയ്യാനിടം കൊടുക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണം.
3, ആവശ്യമില്ലാത്തതും ഒഴിവാക്കാവുന്നതുമായ ഹിംസയും ക്രൂരതയും ഉള്‍പ്പെടുത്തരുത്.
4, പ്രകീര്‍ത്തിക്കപ്പെടുന്ന തരത്തില്‍ മദ്യപാനരംഗങ്ങള്‍ ഉള്‍പ്പെടുത്തരുത്.
5, നമ്മുടെ സംവേദനതലങ്ങളില്‍ ആഘാതമുണ്ടാക്കുന്ന ആഭാസങ്ങള്‍, അശ്ലീലങ്ങള്‍, ഹീനകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തരുത്.
6, ജാതിമത വിഭാഗങ്ങളെ നിന്ദിക്കുന്ന വാക്കുകള്‍, ദൃശ്യങ്ങള്‍ പാടില്ല.
7, ഇന്ത്യയുടെ അധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ അരുത്.
8, രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുത്.
9, വിദേശ നാടുകളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്ന ചിത്രീകരണങ്ങള്‍ പാടില്ല.
10, പൊതുജീവിതവ്യവസ്ഥയെ അലങ്കോലപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങള്‍ പാടില്ല.
11, അന്ധവിശ്വാസം വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങള്‍ അരുത്.

മേല്‍പ്പറയുന്ന നിബന്ധനകളില്‍ ഒന്നെങ്കിലും നമ്മുടെ സീരിയലുകള്‍ക്ക് ബാധകമാണോ? ഈ അരുതുകള്‍ പലതും നിര്‍ബാധം നമ്മുടെ സീരിയലുകളില്‍ നിറഞ്ഞാടുകയല്ലേ.

മനുഷ്യഹൃദയത്തിലെ മലിനീകരണം നീക്കുകയാണ് കലയുടെ ധര്‍മം. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലൊരു ധര്‍മവും നമ്മുടെ ഒരു സീരിയലുകളും നാളിതുവരെ നിര്‍വഹിച്ചിട്ടില്ല. മറിച്ച് മൂല്യങ്ങള്‍ സൂക്ഷിക്കാത്ത ബിസിനസ് ആയി മാത്രം അവ അധഃപതിച്ചിരിക്കുന്നു. കലയെന്ന പേരില്‍ നടക്കുന്ന കച്ചവടമാണിത്.

സമൂഹത്തിന് എന്ത് സന്ദേശമാണ് സീരിയലുകള്‍ നല്‍കുന്നത്? ഇവിടെ മുഴുവന്‍ നടക്കുന്നത് തെറ്റുകളാണ്, അതുകൊണ്ട് നിങ്ങളും തെറ്റു ചെയ്‌തോളൂ എന്നാണവര്‍ പറയുന്നത്. കടം വീടാന്‍ സ്വന്തം മകളെ മധ്യവയസ്‌കന്റെ ഭാര്യയാകാന്‍ പ്രേരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു ചിന്തിക്കുന്ന മാതാപിതാക്കളും സ്വര്‍ണവും പണവുമാണ് ജീവിതത്തില്‍ എല്ലാമെന്നു വിചാരിക്കുന്ന യുവതിയും ഇഷ്ടമുള്ള പുരുഷനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നയും കൊച്ചുകുട്ടികളോടു ക്രൂരത കാണിക്കുന്ന മുത്തശ്ശിയുമെല്ലാം നല്‍കുന്ന സന്ദേശങ്ങള്‍ എന്താണ്?

ഇവിടെയാണ് സീരിയലുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന വാദത്തിന് പ്രസക്തി കൂട്ടുന്നത്.

1,ചതി, വഞ്ചന, കൊലപാതകശ്രമം, പീഡനം എന്നിങ്ങനെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കഥകളും കഥാപാത്രങ്ങളും ഉള്‍പ്പെടുത്തരുത്.
2,സത്രീകളെ കുറ്റവാളിയും കൊലപാതകിയും ഭീകരവാദിയുമായി ചിത്രീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.
3,പ്രേക്ഷകന്റെ (പ്രധാനമായും സ്ത്രീകളും കുട്ടികളും) മനോനിലയെ വെല്ലുവിളിക്കുന്ന പ്രമേയങ്ങള്‍ ഒഴിവാക്കണം.
4,നിയമം മൂലം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പൊലിപ്പിച്ചു കാണിക്കുന്നത്, തൊലിയുടെ നിറം, ശാരീരിക വൈകല്യം എന്നിവ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണിക്കപ്പെടാനുള്ള കാരണങ്ങളാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ അനുവദിക്കരുത്.
5,അന്ധവിശ്വാസം വളര്‍ത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തരുത്.
6,കുട്ടികളെ ശാരീരികമായും മാനസികമായും വേദനിപ്പിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണം.
7,കുട്ടികളെപ്പോലും തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുക.
8, കുട്ടികള്‍ തമ്മിലുള്ള ശത്രുത വലുതാക്കി കാണിക്കാതിരിക്കുക.
9,ആഭരണങ്ങളോടും വിലകൂടിയ വസ്ത്രങ്ങളോടും ഭ്രമം ഉണ്ടാക്കുന്ന തരത്തിലുള്ള അണിഞ്ഞൊരുങ്ങലുകള്‍ക്ക് സീരിയല്‍ കഥാപാത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക.

എന്നിങ്ങനെ പല മേഖലകളിലും സീരിയലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കണം.

ആയതിനാല്‍ നമ്മുടെ ചാനല്‍ പരിപാടികള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണ്. സീരിയല്‍ എപ്പിസോഡുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം. ഒരോ ആഴ്ച്ചയിലും സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡുകള്‍ ഒരു നിരീക്ഷണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കണം. സിനിമകള്‍ക്കും ബാധകമായ പൊതുനിമയമങ്ങള്‍ സിരീയലുകള്‍ക്കും ഏര്‍പ്പെടുത്തണം. ഇവ പാലിക്കാതെയാണോ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നു നിരീക്ഷണ സമിതി പരിശോധിക്കണം. അനുമതി നല്‍കാത്ത എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കരുത്. കഴിയുമെങ്കില്‍ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യാവുന്ന സീരിയലുകളുടെ എണ്ണവും നിയന്ത്രിക്കണം, പരമാവധി മൂന്നെണ്ണം. ഇതിപ്പോള്‍ ആറു മണിക്കു തുടങ്ങി പത്തരവരെ സീരിയലുകളാണ്. അതായത് ഒരു ചാനലില്‍ തന്നെ ഒരു ദിവസം പത്തോ പതിനൊന്നോ സീരിയലുകള്‍! ഈ വിഷമെല്ലാം ഒരു സാധാരണ മനുഷ്യന്റെ സാമാന്യബുദ്ധിയെ ഇല്ലാതാക്കന്‍ എത്രയോ അധികം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍