UPDATES

ട്രെന്‍ഡിങ്ങ്

വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുക, ദളിത്‌, ന്യൂനപക്ഷങ്ങളെ പുറത്താക്കുക; കേരളത്തിലെ സ്വന്തം കേന്ദ്ര സര്‍വകലാശാല മോഡലാണ്

വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് അധ്യാപകരെ സര്‍ക്കുലര്‍ മുഖേന യൂണിവേഴ്‌സിറ്റി വിലക്കിയിട്ടുണ്ട്

വിദ്യാര്‍ത്ഥി വിരുദ്ധതയുടെയും ദളിത് വിദ്യാര്‍ത്ഥി വേട്ടയുടെയും കൃത്യമായ നടത്തിപ്പ് രീതി കൊണ്ട് എല്ലാ വിമത സ്വരങ്ങളെയും അടിച്ചമര്‍ത്തുകയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള. ഒരു യൂണിവേഴ്‌സിറ്റി അന്തരീക്ഷത്തിനുള്ളിലെ അധികാര പ്രയോഗത്തിനപ്പുറം ഈ സംഭവങ്ങളെ ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കുള്ളില്‍ തന്നെ വരച്ചിടാവുന്നതാണ്. തുടക്കം മുതല്‍ക്കേ അഡ്മിനിസ്‌ട്രേഷന്‍ പുലര്‍ത്തിപ്പോരുന്ന കടുത്ത വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ പിന്നീട് ഭയപ്പെടുത്തുന്ന രൂപത്തില്‍ ഇടപെട്ടു തുടങ്ങിയിരിക്കുകയാണ്. പ്രവര്‍ത്തനമാരംഭിച്ച് പത്തു വര്‍ഷം പിന്നിടുമ്പോള്‍ അന്‍പതോളം കേസുകളാണ് നിലവില്‍ യൂണിവേഴ്സിറ്റിക്ക് എതിരേയുള്ളത്. ഇതില്‍ 42 എണ്ണം ഹൈക്കോടതിയിലും 5 എണ്ണം കാഞ്ഞങ്ങാട് സബോര്‍ഡിനേറ്റ് ജഡ്ജസ് / മുനിസിഫ് കോടതിയിലുമാണുള്ളത്.

മൊത്തമായി കാവിവത്കരിക്കപ്പെട്ട അഡ്മിനിസ്‌ട്രേഷന്‍, വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുകയും അവരുടെ അക്കാദമികമായ സാധ്യതകളെ പൂര്‍ണമായി തകര്‍ക്കുകയും ചെയ്യുകയാണ്. ഇതിനോടൊപ്പം, വിദ്യാര്‍ത്ഥി പക്ഷത്തു നില്‍ക്കുന്ന അസംഘടിതരായ അനധ്യാപക തൊഴിലാളികളെ യൂണിവേഴ്‌സിറ്റി അകാരണമായി പിരിച്ചു വിട്ടിരുന്നു. മറുപക്ഷത്ത് എല്ലാ യുജിസി നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ട് ഓഫീസ് നിയമനങ്ങള്‍ നടത്തുകയും, അതിലൂടെ ആര്‍എസ്എസ് അജണ്ട ദീര്‍ഘകാലമായി നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്.

ഉന്നത വിദ്യാഭാസ മേഖല അടിസ്ഥാനപരമായി നല്‍കുന്ന എല്ലാ അവകാശങ്ങളെയും മാറ്റി നിര്‍ത്തിയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള പ്രവര്‍ത്തിക്കുന്നത്. ഈ അക്കാദമിക വര്‍ഷത്തിന്റെ ആരംഭം മുതലുള്ള വിദ്യാര്‍ത്ഥി വേട്ട ഏറെ പ്രതിഷേധം ഉണ്ടാക്കിയ സാഹചര്യത്തിലും, അതിന്റെ തുടര്‍ച്ച യൂണിവേഴ്‌സിറ്റി ഉറപ്പാക്കുന്നുണ്ട് എന്നിടത്താണ് അതിനെ രാഷ്ട്രീയമായി നേരിടേണ്ടതിന്റെ പ്രസക്തി.

ലിംഗ്വിസ്റ്റിക്സ്‌ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അന്നപൂര്‍ണിയെ രാത്രി സ്വന്തം ക്യാമ്പസ്സില്‍ ഇരുന്നു എന്ന കാരണം പറഞ്ഞു പുറത്താക്കുകയും തുടര്‍ന്ന് അവള്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി സ്റ്റാഫില്‍ നിന്നും ശാരീരികമായ ആക്രമണം നേരിടേണ്ടി വരികയും ചെയ്തു. ഇത്രയും രൂക്ഷമായ പ്രശ്‌നത്തില്‍ യൂണിവേഴ്‌സിറ്റി ഇടപെടുകയോ, വിദ്യാര്‍ത്ഥിയെ ആക്രമിച്ച സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അന്നപൂര്‍ണിയെ പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിസ്മിസ് ചെയ്യുകയാണുണ്ടായത്. ഇത്തരം സംഭവങ്ങള്‍ യൂണിവേഴ്‌സിറ്റി ഇടങ്ങളിലെ ലിംഗ, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പല തരത്തിലുള്ള അതിക്രമങ്ങളെയെയും അതിനെ അധികാരമുപയോഗിച്ച് ന്യായീകരിക്കുന്ന ആണിടങ്ങളായ അഡ്മിനിസ്‌ട്രേഷനെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നവയാണ്.

Also Read: സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

Also Read: ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു; അധ്യാപകനെ പുറത്താക്കി

Also Read: കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

വിദ്യാര്‍ത്ഥികളുടെ അക്കാദമിക ഭാവിയെക്കുറിച്ച് കാര്യമായ മുന്‍കരുതലുകളോ ചിന്തയോ ഒരു ഘട്ടത്തിലും യൂണിവേഴ്‌സിറ്റി പ്രകടിപ്പിച്ചിട്ടില്ല. സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ വിദ്യാര്‍ത്ഥി വിഷ്ണുരാജിനെ അറ്റന്‍ഡന്‍സ് കുറവാണെന്നു പറഞ്ഞു സെമ്മ് ഔട്ട് ആക്കിയതിനാല്‍, ജെആര്‍എഫ് നഷ്ടപ്പെടുകയുണ്ടായി. ഇത്തരം നടപടികളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുന്ന അക്കാദമികമായ നഷ്ടത്തെക്കുറിച്ചോ അതിലൂടെ യൂണിവേഴ്‌സിറ്റി സൃഷ്ടിക്കുന്ന നൈതികമല്ലാത്ത അന്തരീക്ഷത്തിനെപ്പറ്റിയോ കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ വിഷ്ണുവിന് മറുപടിയായി പറഞ്ഞത്. ഇതിനു തുടര്‍ച്ചയായി സംഭവിച്ചത് വൈകി ഹോസ്റ്റലില്‍ കയറിയെന്നാരോപിച്ച് സുബ്രമണ്യം, റാം, ശില്പ, അഭിനന്ത്, അലീന എന്നിവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയാണ്; തീര്‍ത്തും ഏകപക്ഷീയമായ ഇത്തരം നടപടികള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പലപ്പോഴും ഇല്ലെന്നതാണ് ശ്രദ്ധേയം.

 

യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങളില്‍ കൃത്യമായി ജാതി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും കാണാം. ദളിത്/ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക് ഒട്ടും സൗഹൃദപരമല്ലാത്ത അന്തരീക്ഷമാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലുള്ളത്. ഈ വര്‍ഷം ഗവേഷണത്തിന് യോഗ്യത നേടി യൂണിവേഴ്‌സിറ്റിയില്‍ എത്തിയ അജിത് കെ, ശിവകുമാര്‍ എന്നീ ദളിത് വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ഒട്ടും യുക്തിക്ക് നിരക്കാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കുകയുണ്ടായി. ശിവകുമാറിന്റെ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തതിന്റെ ഔദ്യോഗിക അറിയിപ്പ് ഇനിയും കൊടുത്തിട്ടില്ലാത്തതിനാല്‍ തന്നെ തുടര്‍പഠനം പോലും വഴി മുട്ടി നില്‍ക്കുകയാണ്. ബിഹാര്‍ സ്വദേശിയായ ദളിത് വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് നിയമ നടപടിക്ക് പോലും ഇദ്ദേഹത്തിന് പരിമിതികളുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നോട്ട് നിക്കുന്ന ഭൂരിപക്ഷം വരുന്ന ദളിത്/ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും നിയമപരമായി യൂണിവേഴ്‌സിറ്റി നടപടികളെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യം അഡ്മിനിസ്‌ട്രേഷനുണ്ട്. അജിത്തിന്റെ അഡ്മിഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്, ഇന്റര്‍വ്യൂ സമയത്ത് ഗൈഡ് ഇല്ലായിരുന്നു എന്നാണ് യൂണിവേഴ്‌സിറ്റി ആദ്യം വാദിച്ചത്. തുടര്‍ന്ന് അജിത് കോടതിയെ സമീപിച്ചപ്പോള്‍ യുജിസി മാനദണ്ഡങ്ങളുടെ പേരിലായിരുന്നു നടപടി എന്നായിരുന്നു ന്യായീകരണം. യൂണിവേഴ്‌സിറ്റി നടത്തിയ ദളിത് വിദ്യാര്‍ത്ഥി വേട്ടയുടെ അവസാനത്തെ ഉദാഹരണമായിരുന്നു തെലുങ്കാനയില്‍ നിന്നുള്ള ലിംഗ്വിസ്റ്റിക്സ്‌ വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥി നാഗരാജു. യൂണിവേഴ്‌സിറ്റിയിലെ ചില്ലുഗ്ലാസ്സ് പൊട്ടിച്ചു എന്നാരോപിച്ച് പോലീസിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് നാഗരാജുവിനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും, അഞ്ചു ദിവസം ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഈ സംഭവം യുണിവേഴ്‌സിറ്റിക്ക് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയെങ്കിലും അഡ്മിനിസ്ട്രേഷന്റെ സമീപനത്തിന് കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല.

നാഗരാജുവിനെതിരെയുള്ള യൂണിവേഴ്‌സിറ്റിയുടെ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യാപകന്‍ പ്രസാദ് പന്ന്യന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റി ഇപ്പോള്‍ അദ്ദേഹത്തെ പഠന വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലികമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും, വിമതസ്വരങ്ങളെ ഏതുവിധേനയും തകര്‍ക്കുക എന്നതുമാണ് ഇതിനു പിറകിലുള്ളത്. യൂണിവേഴ്‌സിറ്റിയിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയിരുന്നു പ്രസാദ് പന്ന്യന്‍. യൂണിവേഴ്‌സിറ്റിയിലുള്ള മള്‍ട്ടി പാര്‍പ്പസ് ഹാളിന്റെ നിര്‍മാണത്തിലെ അഴിമതിയാരോപണത്തെ തുടര്‍ന്ന് അന്വേഷണം ഉണ്ടാവും എന്ന ഘട്ടത്തില്‍ പ്രസാദിനെ ആ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയുണ്ടായി.

ഇത്തരത്തില്‍ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടാണ്, യൂണിവേഴ്‌സിറ്റി ആശയങ്ങളെ എക്കാലത്തും നേരിടുന്നത്. ഈയിടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനു കാരണമായി പറയുന്നത് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. അതില്‍ വിസിയെയും രജിസ്ട്രാറെയും വിമര്‍ശിച്ചു എന്നതാണ് കുറ്റം. എന്നാല്‍ ഇപ്പറഞ്ഞ വിമര്‍ശനം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുമായി ബന്ധപ്പെട്ടതാണെന്നു തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ആരുടേയും പേരു പരാമരര്‍ശിക്കാത്ത ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രണ്ടു മാസത്തോളമായി സസ്‌പെന്‍ഷനില്‍ ആയിരുന്നു അഖില്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ നടന്ന എന്‍ക്വയറിയില്‍ അഖില്‍ തന്റെ ഭാഗം വ്യക്തമാക്കുകയും, മേല്‍പ്പറഞ്ഞ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് ഇപ്പോഴുള്ള പുറത്താക്കല്‍.

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങള്‍ക്ക് അധ്യാപകരെ സമീപിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് അധ്യാപകരെ സര്‍ക്കുലര്‍ മുഖേന യൂണിവേഴ്‌സിറ്റി വിലക്കിയിട്ടുണ്ട് എന്നറിഞ്ഞു. ഇത്തരം നടപടികളിലൂടെ യൂണിവേഴ്‌സിറ്റി അധികൃതര്‍ മുന്നോട്ടു വയ്ക്കുന്ന നിഷ്‌ക്രിയമായ ഒരു കലാലയാന്തരീക്ഷം അടിയന്തിരമായി ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റി എന്ന നിലയ്ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള പിന്തുടരുന്നതും പ്രദാനം ചെയ്യുന്നതുമായ ഇടം തികച്ചും എതിര്‍ക്കപ്പെടേണ്ടതാണ്. സംഘപരിവാറിന്റെ നടത്തിപ്പ് ശാലയായി ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ മാറ്റുക എന്നത് അതിന്റെ എല്ലാത്തരം സാധ്യതകളെയും ചുരുക്കുന്ന രാഷ്ട്രീയ അജണ്ടയാണ്. അത് തടയുന്നതിനൊപ്പം അതിനു തുടര്‍ച്ചയുണ്ടാകില്ല എന്നുകൂടി ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.

കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

മൈഥിലി എം എസ്

മൈഥിലി എം എസ്

ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയില്‍ (EFLU) ഗവേഷണ വിദ്യാർത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍