UPDATES

ട്രെന്‍ഡിങ്ങ്

മെഡിക്കല്‍ കോഴ: കുമ്മനത്തിന്റെ കാര്യം പരുങ്ങലില്‍, കേന്ദ്ര നേതൃത്വം കണ്ണുരുട്ടുന്നു

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ വി.മുരളീധരനും ഒപ്പമുള്ളവര്‍ക്കുമെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വവും ആര്‍എസ്എസും.

മെഡിക്കല്‍ കോളേജ് കോഴ വിവാദം ബിജെപിയില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നില പരുങ്ങലിലായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പിച്ച വിവാദത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും ആര്‍എസ്എസിനും മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് കുമ്മനം. ഡല്‍ഹിയില്‍ കോഴത്തുക കൈപ്പറ്റിയ സതീഷ് നായരെ പിആര്‍ഒയുടെ ചുമതലയേല്‍പ്പിക്കാനായി കുമ്മനം, ആര്‍എസ്എസുമായോ ബിജെപി നേതാക്കളുമായോ കൂടിയാലോചിച്ചില്ലെന്നാണ് ആക്ഷേപമെന്നും മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നു. ഹിന്ദുത്വ സംഘടനാ നേതാവായ സുഹൃത്തിന്റെ സഹോദരനെന്ന നിലയില്‍ വ്യക്തിപശ്ചാത്തലം പോലും അന്വേഷിക്കാതെ സതീഷ് നായരെ നിവേദനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വരെ കുമ്മനം അനുവദിക്കുകയും ചെയ്തു എന്നും ആരോപണമുണ്ട്.

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായതിനാല്‍ സതീഷ് നായരെ വിശ്വാസത്തിലെടുത്തുവെന്ന കുമ്മനത്തിന്റെ വിശദീകരണം കേന്ദ്രനേതൃത്വത്തിന് ഒട്ടും തൃപ്തികരമായിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തന്റെ അതൃപ്തി കുമ്മനത്തെ അറിയിച്ചിട്ടുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസുമായും അമിത് ഷാ ഇന്നലെ ഫോണില്‍ സംസ്ഥാനത്തെ സംഭവവികാസങ്ങളുടെ വിശദാംശങ്ങള്‍ ആരാഞ്ഞു. അച്ചടക്ക നടപടിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്ന ആര്‍.എസ്.വിനോദിനെ ആര്‍എസ്എസിന്റെ മുന്നറിയിപ്പും എതിര്‍പ്പും വകവയ്ക്കാതെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും കുമ്മനത്തിന് വിനയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കൂടി ആവശ്യപ്രകാരമാണ് വിനോദിനെ തിരിച്ചെടുത്ത് സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ പദവി നല്‍കിയതെന്നാണ് കുമ്മനം ആര്‍എസ്എസ് നേതൃത്വത്തിന് നല്‍കിയ വിശദീകരണം.

ആര്‍.എസ്.വിനോദുമായുള്ള അടുപ്പം എം.ടി.രമേശിനെയും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പരിചയക്കുറവ് കാരണം കുമ്മനം രാജശേഖരന്‍ കൂടുതല്‍ കുടുക്കുകളില്‍ വീഴുമോയെന്ന ആശങ്ക് ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിനുണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ള കുമ്മനം രാജശേഖരന്റെ ഇടപെടലുകള്‍ നിയന്ത്രിക്കാനായി മുന്‍ പ്രചാരകന്‍ സോഹന്‍ലാലിനെ ആര്‍എസ്എസ് നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന് ലഭിക്കുന്ന നിവേദനങ്ങള്‍ കൈകാര്യം ചെയ്യുകയും ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ഇടപാടുകള്‍ നടത്തുകയുമാണ് സോഹന്‍ലാലിന്റെ ചുമതല. കുമ്മനത്തിന് വേണ്ടി മാസത്തില്‍ പത്ത് ദിവസം സോഹന്‍ലാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദ്ദേശം.

മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ വി.മുരളീധരനും ഒപ്പമുള്ളവര്‍ക്കുമെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വവും ആര്‍എസ്എസും. മുരളീധരന്‍ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചില മാധ്യമ ഓഫിസുകളില്‍ നേരിട്ട് എത്തിച്ചതെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് കിട്ടിയിരിക്കുന്ന പരാതി. പാര്‍ലമെന്റ് സമ്മേളനം കഴിയുമ്പോള്‍ അച്ചടക്ക നടപടികളിലേക്ക് കേന്ദ്ര നേതൃത്വം കടന്നേക്കും. കേരളത്തില്‍ ബിജെപി പദ്ധതിയിട്ടിരുന്ന മുന്നേറ്റങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍പിച്ച കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ വലിയ മാറ്റങ്ങളും കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്യുന്നുണ്ട്. അഴിമതി ആരോപണത്തിന്റെ പ്രത്യാഘാതമെന്ന തരത്തിലല്ലാതെ തന്ത്രപൂര്‍വമാകും നേതൃതലത്തിലെ ഈ മാറ്റം നടപ്പാക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍