UPDATES

ഐആര്‍ടിഎസില്‍ നിന്ന് ഐപിഎസിലേക്ക്; ആരാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണ്‍?

ഐപിഎസ് നേടി മുന്നൂ വർഷം മാത്രം പിന്നിടുന്ന ചൈത്ര തെരേസ ജോണ്‍ തലശ്ശേരി പോലീസ് സബ്ഡിവിഷനിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന നിലയിലാണ് ആദ്യം അറിയപ്പെടുന്നത്

പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ തേടി തിരുവന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡിസിപിക്കെതിരെ നടപടി. ഇന്ന് കേരളം ശ്രദ്ധിച്ച പ്രധാന വാർത്തകളിൽ ഒന്നായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിലാണ് ഡ‍ിസിപി ചുമതല വഹിക്കുന്ന എസ്.പി ചൈത്ര തെരേസ ജോണിനെതിരെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞിരുന്നു. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തിലെ പ്രതികൾ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല. ഇതിന് പിറകെയായിരുന്നു എസ്.പി ചൈത്ര തെരേസ ജോണിനോട് ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയത്.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഓഫീസുകളിൽ ഒന്നിൽ പോലീസുമായി രാത്രി കടന്ന് പരിശോധന നടത്താൻ ധൈര്യം കാണിച്ച വനിതാ ഉദ്യോഗസ്ഥ. ഇതാണ് കോഴിക്കോട് സ്വദേശിയാ ചൈത്ര തെരേസ ജോണ്‍. ഐപിഎസ് നേടി മുന്നൂ വർഷം മാത്രം പിന്നിടുന്ന ചൈത്ര തെരേസ ജോണ്‍ തലശ്ശേരി പോലീസ് സബ് ഡിവിഷനിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന നിലയിലാണ് ആദ്യം അറിയപ്പെടുന്നത്. 1961ല്‍ തലശ്ശേരി സബ് ഡിവിഷന്‍ രൂപവത്കരിച്ചതിന് ശേഷം നിയമിക്കപ്പെടുന്ന അറുപത്തിനാലാമത്തെ ഐ.പി.എസ്. ഓഫീസറായിരുന്നു ചൈത്ര തെരേസ ജോണ്‍.

രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച കണ്ണുരിൽ തലശ്ശേരി പോലീസ് സബ്ഡിവിഷനിലെ ചുമതലയിലിരിക്കെ സുപ്രധാനമായ രണ്ട് കൊലപാതക കേസുകളുടെ മേൽനോട്ട ചുമതല ചൈത്ര തെരേസ ജോണിനായിരുന്നു. ചുമതലയേറ്റശേഷം ആദ്യമുണ്ടായ രാഷ്ട്രീയ കൊലപാതകം എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെതായിരുന്നു. രണ്ടാമത്തേത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റേതും. ശ്യാമ പ്രസാദ് വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപി ഏ പ്രവർ‌ത്തകരായിരുന്നു പ്രതിസ്ഥാനത്ത് എങ്കിൽ കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധക്കേസിൽ സിപിഎം ആയിരുന്നു പ്രതിസ്ഥാനത്ത്. ഭാരിച്ച ഉത്തരവാദിത്വമായിരുന്നു അന്ന് തെരേസയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഒപ്പം മേഖലയിലെ ക്രമസമാധാനം എന്ന ചുമതലയും. കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിര്‍ദേശങ്ങളുമായി പ്രതികളെ കണ്ടെത്തുന്നതിനായി അവർ നിരന്തരം പ്രവര്‍ത്തിച്ചു. അതിന് ഫലവുമുണ്ടായി.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതലയും ചൈത്രാ തേരേസാ ജോൺ വഹിച്ചിട്ടുണ്ട്. വനിതാ സെൽ എസ്.പിയുടെ ചുമതലയിലിരിക്കെയാണ് ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല ചൈത്ര തെരേസ ജോണ്‍ വഹിച്ചിരുന്നത്. ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ സിപിഎം ഓാഫീസിലെ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആരാണ് ചൈത്ര തെരേസ ജോണ്‍?

ഐആര്‍ടിഎസ്സില്‍നിന്ന് ഐപിഎസ്സിലേക്ക്

2015 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോൺ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ നിന്നും രാജിവച്ചാണ്  ഇന്ത്യൻ പോലീസ് സർവീസിലെത്തുന്നത്. 2012ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐ.ആര്‍.ടി.എസ്സ് യോഗ്യത നേടിയ ചൈത്ര തെരേസ രണ്ട് വർഷങ്ങൾക്ക് ശേഷം രാജിവെച്ച് വീണ്ടും പരീക്ഷയെഴുതി. ഇതിൽ 111ാം റാങ്കോടെ ഐപിഎസ് സ്വന്തമാക്കുകയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥനായ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഡോ. ജോണ്‍ ജോസഫിന്റേയും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. മേരിയുടേയും മകളായ ചൈത്ര തെരേസ ജോൺ.

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം. ബെംഗളുരു ക്രൈസ്റ്റ് കോളേജില്‍നിന്ന് സൈക്കോളജി, സോഷ്യോളജി സാഹിത്യത്തില്‍ ബിരുദവും ഹെദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഇവർ. സിവിൽ സർവീസ് പരിശീലനത്തിൽ മികച്ച വനിതാ ഓള്‍റൗണ്ട് പ്രൊബേഷണര്‍, മികച്ച വനിതാ ഔട്ട്‌ഡോര്‍ പ്രൊബേഷണര്‍ എന്നീ അംഗീകാരങ്ങളും നേടിയിരുന്നു.

ഡിറ്റക്ടീവ് നോവലുകളോടുള്ള താത്പര്യമാണ് ഐ.പി.എസ്സിനോട് താത്പര്യമുണ്ടാക്കിയതെന്നാണ് വായന ഏറെ ഇഷ്ടപ്പടുന്ന തെരേസാ ജോണ്‍ മുൻപ് മാതൃഭുമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. തിരക്കുകള്‍ക്കിടയിലും ദിവസം 10 മിനിറ്റ് ഇപ്പോഴും വായനയ്ക്കായി നീക്കിവെക്കും. ഒരുപാട് ആഗ്രഹിച്ച് നേടിയ ജോലിയായായതിനാൽ ഏറെയിഷ്ടമാണെന്ന് പോലീസ് ഉദ്യോഗമെന്നും അവർ പറയുന്നു. ജോര്‍ജ് അലന്‍ ജോണ്‍ ആണ് സഹോദരൻ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍