UPDATES

ട്രെന്‍ഡിങ്ങ്

‘ഈ കൊലപാതകത്തിനു പിന്നിൽ മതഭീകരതയുടെ കൈകളുണ്ട്’; ചാവക്കാട് നൗഷാദ് വധം എന്‍ഐഎ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

സിപിഎമ്മുകാർ ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാലും എങ്ങനെ വിശ്വസിക്കും? അനില്‍ അക്കര എംഎല്‍എ ചോദിക്കുന്നു

ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്. സാധാരണ രാഷ്ട്രീയ കൊലപാതകമായി ഇതിനെ കാണാനാകില്ലെന്നും മതഭീകരര്‍ നടത്തിയ ആസൂത്രിത കൊലയാണിതെന്നുമാണ് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്. കൊലപാതകം നടന്നിട്ട് രണ്ടു ദിവസത്തോളമാകുമ്പോഴും പൊലീസ് ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നതും എന്‍ ഐ എ കൊണ്ട് അന്വേഷണമെന്ന ആവശ്യത്തിനു കാരണമാണെന്നു കോണ്‍ഗ്രസ് പറയുന്നു.

മതഭീകരതയുടെ കൈകള്‍ ഈ കൊലപാതകത്തിനു പിന്നിലുണ്ട്. നൗഷാദ് ഒരു തികഞ്ഞ മതേതരവാദിയായിരുന്നു. പ്രദേശത്തെ ക്ഷേത്രോത്സവങ്ങള്‍ക്കൊക്കെ നേതൃത്വം കൊടുക്കുന്നൊരാളായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് ചെറുപ്പക്കാരുമുണ്ടായിരുന്നു. എന്‍ഡിഎഫില്‍ പ്രവര്‍ത്തിച്ചു വന്ന നിരവധി ചെറുപ്പക്കാരെ ബോധവത്കരണം നടത്തി കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നതും നൗഷാദ് ആയിരുന്നു. ഇതൊക്കെ എസ്ഡിപിഐയെ ചൊടിപ്പിച്ചിരുന്നു. ആര്‍എസ്എസ്സിനെ പോലെ വര്‍ഗീയത വളര്‍ത്തി അതില്‍ നിന്നും മുതലെടുപ്പ് നടത്തി വളരാന്‍ ശ്രമിക്കുന്നവരാണ് എസ്ഡിപിഐയും. നൗഷാദ് ഉള്ളത് തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാണെന്ന് അവര്‍ കരുതി. അതുകൊണ്ടവര്‍ കൊന്നു, ചാവക്കാട്ടെ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പറയുന്നു.

ചാവക്കാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ പലതും നടന്നിട്ടുണ്ടെങ്കിലും കണ്ണൂര്‍ മോഡലില്‍ ആസൂത്രിതമായി വന്ന് ഒരു കൊലപാതകം നടത്തുന്നത് ഇതാദ്യമായിട്ടാണെന്നും കോണ്‍ഗ്രസ് പറയുന്നു. ഈ കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാല്‍ മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളെ പോലെയല്ലെന്നു മനസിലാകുമെന്നാണ് ഷാനവാസ് അടക്കമുള്ള പ്രാദശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തക്ബീര്‍ മുഴക്കിയാണ് അക്രമികള്‍ കൊല നടത്തിയതെന്നും ഇവര്‍ പറയുന്നു. അക്രമികളുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട സബീഷ് നല്‍കുന്ന മൊഴിയില്‍ പറയുന്നത്, അല്ലാഹു അക്ബര്‍ വിളിച്ചാണ് അവര്‍ നൗഷാദിനെ വെട്ടിയതെന്നാണ്. സബീഷ് സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്.

വളരെ പ്രൊഷണലായിട്ടാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വെട്ടിയ രീതി മാരകമായിരുന്നു. 28 വെട്ടുകളാണ് നൗഷാദിന് ഏറ്റതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ പല വെട്ടുകളും പതിമൂന്നൂം പതിനഞ്ചും സെന്റീ മീറ്റര്‍ ആഴമുളളതായിരുന്നു. വായില്‍ ആണ് ഒരു വെട്ട് ഏറ്റിരിക്കുന്നത്. വായ് ഭാഗത്ത് വെട്ടിയാല്‍ പിന്നെ ശബ്ദിക്കാന്‍ കഴിയില്ല, അതുകൊണ്ടവര്‍ ആദ്യം അവിടെ വെട്ടിയെന്നാണ് കരുതുന്നത്. നൗഷാദ് നിലവിളിച്ചാലും പുറത്താരും കേള്‍ക്കില്ല. ഓടിപ്പോകാതിരിക്കാന്‍ വേണ്ടി രണ്ടു കാലിലും വെട്ടി. കാല്‍പാദങ്ങള്‍ രണ്ടും അറ്റുതൂങ്ങിയ നിലയിലായിരുന്നു. കഴുത്തിലും വെട്ടുകള്‍ ഉണ്ടായിരുന്നു. കൊല്ലുക തന്നെയായിരുന്നു ഉദ്ദേശം. നൗഷാദിനെ മാത്രമായിരുന്നു ടാര്‍ഗറ്റ് ചെയ്തതും. കൂടെയുണ്ടായിരുന്നവരോട് ഓടിപ്പോകാന്‍ പറഞ്ഞിരുന്നു. ഓടിപ്പോയില്ലങ്കില്‍ നിന്നെയും വെട്ടുമെന്നു അക്രമികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സബീഷ് മൊഴിയില്‍ പറയുന്നുണ്ട്. അവര്‍ക്ക് നൗഷാദിനെ മാത്രം മതിയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

എസ്ഡിപി ഐ ഒരു മതഭീകര സംഘടനയായതുകൊണ്ട് സമഗ്രമായ അന്വേഷണം തന്നെയാണ് ഇവിടെ വേണ്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്‍ ഐ എ വരണമെന്നു പറയുന്നത് അതുകൊണ്ടാണ്. ലോക്കല്‍ പൊലീസ് നിഷ്‌ക്രിയമാണ്. രണ്ടു ദിവസമായിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആരൊക്കെയോ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ ഒരാളുടെ പോലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പല തെളിവുകളും പരാതികളുമൊക്കെ പൊലീസിന് കൈമാറിയിട്ടും അവര്‍ അനങ്ങുന്നില്ല. വാടക കൊലയാളികളാണ് ചെയ്തതെന്ന തരത്തിലാണ് പൊലീസ് നീങ്ങുന്നത്. യഥാര്‍ത്ഥ പ്രതികളെയല്ല, ഡമ്മി പ്രതികളെ പിടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഡമ്മികളെയല്ല വേണ്ടത് കൊന്നവരെയാണ്. അത് പൊലീസ് ചെയ്യുമെന്നു കരുതുന്നില്ല. അതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സിയെ പോലുള്ളവരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു ആവശ്യത്തിന് പിന്നിൽ

നൗഷാദിനെ ഇല്ലാതാക്കിയതിലൂടെ ചാവക്കാടും പുന്നയിലുമൊക്കെ കൂടുതല്‍ വളരാമെന്ന ചിന്ത എസ്ഡിപി ഐക്ക് ഉണ്ടായിരിക്കാമെന്നു ഷാനവാസ് പറയുന്നു. നൗഷാദിന്റെ നേതൃത്വത്തില്‍ ഇവിടെ നിലനിന്നിരുന്ന മതേതരത്വ അന്തരീക്ഷം തകര്‍ക്കണം. അത് തകര്‍ത്താലെ എസ്ഡിപിഐക്ക് വളരാന്‍ കഴിയൂ. ഒരു പ്രദേശത്തിന്റെ സമാധാനം മാത്രമല്ല, പാവപ്പെട്ടൊരു കുടുംബത്തിന്റെ ആശ്രയം കൂടിയാണ് ഇല്ലാതാക്കിയിരിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമൊക്കെയായി മറ്റുള്ളവരെ സഹായിക്കാന്‍ നടന്നിരുന്ന നൗഷാദിന് സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു. രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് നൗഷാദിന്. ആ കുഞ്ഞുങ്ങളും കുടുംബവുമായി വാടകവീടുകളായിരുന്നു താമസിച്ചു വന്നിരുന്നത്. സാമ്പത്തിക ചുറ്റുപാടുകള്‍ വളരെ മോശമായിരുന്നു. എന്നിട്ടും നാടിനു വേണ്ടി പ്രവര്‍ത്തിച്ചൊരു നേതാവിനെയാണ് വര്‍ഗീയത പിടിച്ചവര്‍ ഇല്ലാതാക്കിയത്- ഷാനവാസ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം നൗഷാദിന്റെ കൊലപാതകം എസ്ഡിപിഐ നടത്തിയത് സിപിഎമ്മിന്റെ അറിവോടെയാണെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. നൗഷാദിനെ ഒഴിവാക്കേണ്ട ആവശ്യമുണ്ടായിരുന്ന സിപിഎം എസ്ഡിപിഐയെ കൊണ്ട് അത് ചെയ്യിച്ചതാവാമെന്നാണ് ആരോപണം. അനില്‍ അക്കര എംഎല്‍എയും ആ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ സിപിഎമ്മിന് നേരിട്ട് പങ്കുണ്ടാകില്ലെങ്കിലും എസ്ഡിപിഐ നടത്തിയ ഈ ഹീനകൃത്യം സിപിഎം അറിയാതെ ആയിരിക്കില്ലെന്നാണ് അനില്‍ അക്കര അഴിമുഖത്തോട് പ്രതികരിച്ചു. നൗഷാദിനെ സിപിഎം നിരന്തരം ആക്രമിച്ചിരുന്നുവെന്നും എസ്ഡിപിഐയെ പോലെ സിപിഎമ്മിനും നൗഷാദിനെ ഒഴിവാക്കേണ്ട ആവശ്യം ഉണ്ടായിരുന്നുവെന്നും എംഎല്‍എ ആരോപിക്കുന്നു.

കാലങ്ങളായി ചാവക്കാട് നഗരസഭ ഭരിക്കുന്നത് സിപിഎമ്മാണ്. ഇരുപത്തിയഞ്ചോളം വര്‍ഷമായി ഈ പ്രദേശം കൂടി ഉള്‍പ്പെടുന്ന ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതും സിപിഎം പ്രതിനിധിയാണ്. അങ്ങനെയുള്ളൊരിടത്താണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. പുന്ന സെന്‍ട്രല്‍ നഗരപ്രദേശമാണ്. ചാവക്കാട് ടൗണിന് അടുത്താണ്. അവിടെയാണ് വൈകിട്ട് ആറരയോടെ ഭീകാരാന്തരീക്ഷം സൃഷിച്ച് ആക്രമണം നടത്തിയത്. 14 പേര്‍ ഒമ്പതു ബൈക്കുകളിലായാണ് എത്തിയത്. അതും മുഖം മൂടി ധരിച്ച്, പ്രത്യേക വസ്ത്രമൊക്കെ ധരിച്ച്. അവര്‍ വന്ന് നാലുപേരെ കൊലപ്പെടുത്താന്‍ വേണ്ടിയെന്ന വണ്ണം വെട്ടിയിട്ട് യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചു പോവുകയും ചെയ്യുന്നു. പൊലീസ് ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. സിപിഎമ്മുകാർ ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാലും എങ്ങനെ വിശ്വസിക്കും? എന്നാണ് അനില്‍ അക്കര എംഎല്‍എ ചോദിക്കുന്നത്.

ചൊവ്വാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു നൗഷാദിനും ഒപ്പമുണ്ടായിരുന്ന ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ക്കെതിരേ ആക്രമണം ഉണ്ടാകുന്നത്. ഇതില്‍ നൗഷാദിനെ കൂടാതെ ബിജേഷിനും സാരമായി പരിക്കേറ്റിരുന്നു. അക്രമി സംഘത്തില്‍ പതിനാലു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മുഖം മൂടി ധരിച്ച് ഒമ്പതു ബൈക്കുകളിലായി എത്തിയ സംഘം അപ്രതീക്ഷിതമായി നൗഷാദിനെ ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികളെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

നൗഷാദിനെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണം ആയിരിക്കാമെന്ന നിഗമനത്തിലാണ് നാട്ടുകാരും. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്തല്ല അക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അടുത്തകാലത്തായി ചാവക്കാട്, പുന്ന പ്രദേശങ്ങളില്‍ അടിപിടിയോ അക്രമസംഭവങ്ങളോ ഒന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് അപ്രതീക്ഷിതമായി കേട്ട കൊലപാതക വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിട്ടുമുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പുന്നയില്‍ മാസങ്ങള്‍ക്ക് മുമ്പ് ചെറിയ അടിപിടികള്‍ നടന്നിരുന്നുവെങ്കിലും അതൊന്നും കൊലപാതകത്തിന് പ്രകോപനം സൃഷ്ടിക്കുന്നതരത്തിലേക്ക് വളര്‍ന്നിരുന്നുമില്ല. അതുകൊണ്ട് തന്നെ നൗഷാദിനെ വകവരുത്തുക എന്നത് മറ്റേതെങ്കിലും ഉദ്ദേശത്തിനു പുറത്തുണ്ടായതായിരിക്കാമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരുടെ ചില ഫെയ്‌സ്ബുക്ക് കമന്റുകളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. എസ്ഡ്പിഐ കേരളം എന്ന പേജിലെ കമന്റുകളാണ് നൗഷാദിന്റേത് ആസൂത്രിത കൊലപാതകമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നത്. നൗഷാദ് നിന്റെ കാര്യം പോക്കാ, വെട്ടാന്‍ പറ്റിയ തടിയാണ്, ഇവന്റെ ബ്ലഡ് ഏതാണെന്നു നോക്കീട്ട് ഹിറ സെന്ററില്‍ അറിയിക്കാന്‍ ജ: അമീര്‍ പറഞ്ഞിട്ടുണ്ട്, ഇവനെയൊന്നും ഭൂമിക്ക് വേണ്ടല്ലോ തുടങ്ങിയ കമന്റുകളാണ് നൗഷാദിനെതിരായിട്ട് വന്നിട്ടുള്ളത്. എസ്ഡിപിഐയില്‍ നിന്നും നൗഷാദ് നിരന്തരം ഭീഷണി നേരിട്ടിരുന്നതായും പറയുന്നുണ്ട്.

ഇക്കാര്യം വ്യക്തമാക്കി നൗഷാദ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്ന് എസ്ഡ്പിഐ പ്രവര്‍ത്തകരെ വിളിച്ച് താക്കീത് നല്‍കി വിടുകയായിരുന്നു പൊലീസ് ചെയ്തത്. ഭീഷണി ഉള്ളതുകൊണ്ട് തന്നെ നൗഷാദ് കരുതിയായിരുന്നു നടന്നിരുന്നതും. സാധാരണ വൈകുന്നേരം സമയം ആയാല്‍ നൗഷാദിനൊപ്പം അഞ്ചെട്ട് ആളുകളെങ്കിലും എപ്പോഴും കാണുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ബുധനാഴ്ച്ച സ്ഥിരം കൂടെയുണ്ടാകുന്നവര്‍ നൗഷാദിനൊപ്പം ഇല്ലായിരുന്നു. വേറെ മൂന്നുനാലു പേരായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുന്ന സെന്‍ട്രലില്‍ ഇവരുമായി സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയവര്‍ ആക്രമിക്കുന്നത്.

സമയം വൈകിട്ട് ആറരയെ ആയിരുന്നുള്ളുവെങ്കിലും ജംഗ്ഷനിലും അന്ന് ആളു കുറവായിരുന്നു. ഇതെല്ലാം മനസിലാക്കി തന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. നൗഷാദിനെ അവര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഒടുവില്‍ അവര്‍ക്ക് അനുകൂലമായൊരു സാഹചര്യത്തില്‍ കിട്ടയപ്പോഴായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ച് നൗഷാദിനെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്ന വിവരം തങ്ങള്‍ക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നൗഷാദിന്റെ കൂടെയുള്ള ചിലരുമായി എസ്ഡിപിഐക്കാര്‍ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. നൗഷാദ് നേരിട്ട് ഇടപെട്ട് എസ്ഡ്പിഐയുമായി അക്രമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൊല്ലാനുള്ള പകയുമായി എസ്ഡ്പിഐക്കാര്‍ നൗഷാദിനു പിന്നാലെ നടക്കുന്നുണ്ടെന്ന് കരുതിയില്ലെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.

 

ലക്ഷ്യമിട്ടത് ഡി.കെ ശിവകുമാറിനെ, കൊണ്ടത് കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയ്ക്ക്; ഹവാല ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടി ആദായനികുതി വകുപ്പ്

 

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍