UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി: രമേശ് ചെന്നിത്തല

യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാന്‍ എല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്

സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇപ്പോള്‍ അപകടത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാന്‍ എല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് കോ-ലീ-ബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന. അരി ആഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കില്ല.

മോദിയെ താഴെയിറക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമങ്ങളെല്ലാം. അപ്പോള്‍ പിന്നെ എങ്ങനെയാണ് ബിജെപി യുഡിഎഫിന് വോട്ട് ചെയ്യുകയെന്നും ചെന്നിത്തല ചോദിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനായി കാസര്‍ഗോഡ് എത്തിയതാണ് ചെന്നിത്തല.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചിരുന്നു. പ്രണയം നടിച്ചായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ പീഡിപ്പിക്കപ്പെട്ടതായി മൊഴി ലഭിച്ചത്.

ആരോപണ വിധേയനായ യുവാവിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സിപിഎം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി. യുവതിയെയും കുട്ടിയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

അതേസമയം ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവാവിനോ യുവതിക്കോ യാതൊരു ബന്ധവുമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ എട്ട് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ എല്ലായ്‌പ്പോഴും ആളുകള്‍ വന്ന് പോകുന്ന സ്ഥലമാണ് സിപിഎം ഓഫീസ്. പാര്‍ട്ടിയും പോലീസും ഇക്കാര്യം അന്വേഷിക്കണം. ഇതേക്കുറിച്ച് പോലീസ് സത്യസന്ധമായ അന്വേഷണം നടത്തേണ്ടതും പാര്‍ട്ടിയുടെ ആവശ്യമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും സുഭാഷ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍