UPDATES

ആടിനെ പട്ടിയാക്കുന്ന പിണറായി പോലീസ്; എടപ്പാള്‍ തിയേറ്റര്‍ ഉടമയ്ക്ക് മേല്‍ പോക്‌സോ; അപ്പോള്‍ അന്വേഷണം വൈകിപ്പിച്ച പൊലീസുകാര്‍ക്കെതിരെയോ?

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭൂരിഭാഗം ബാല ലൈംഗിക പീഡന കേസിലും (പോക്‌സോ കേസുകള്‍) പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകളില്‍ എത്ര പൊലീസുകാര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്? പോക്‌സോ ചുമത്തിയിട്ടുണ്ട്?

കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനം മറച്ചുവയ്ക്കുന്നവര്‍ക്കെതിരേ കേസ് എടുക്കാനും അവര്‍ക്ക് ആറുമാസം മുതല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാനും പോക്‌സോ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഇതനുസരിച്ച് എടപ്പാളില്‍ തിയേറ്ററില്‍ വച്ച് 10 വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ വിവരം അറിയിക്കാന്‍ വൈകിയതിന്റെ പേരില്‍ ഗോവിന്ദ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പോക്‌സോ ചുമത്തിയതിന് ഒരു ന്യായീകരണം പറയാന്‍ കഴിയും പൊലീസിന്. പക്ഷേ, ഈ നിയമവും നിയമലംഘനവും പൊലീസിന് ബാധകമല്ലെന്നുണ്ടോ? കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭൂരിഭാഗം ബാല ലൈംഗിക പീഡന കേസിലും (പോക്‌സോ കേസുകള്‍) പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകളില്‍ എത്ര പൊലീസുകാര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്? പോക്‌സോ ചുമത്തിയിട്ടുണ്ട്?

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പ്രതികളെ പിടികൂടി അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷത്തിനകം ശിക്ഷ വിധി പ്രഖ്യാപിക്കണം എന്ന് പോക്‌സോ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. എത്ര കേസുകളില്‍ പൊലീസ് ഈ നിയമം പാലിച്ചിട്ടുണ്ട്? പാലിക്കാത്ത പൊലീസുകാരില്‍ എത്രപേര്‍ക്കെതിരേ കേസ് ചുമത്തിയിട്ടുണ്ട്? എടപ്പാള്‍ സംഭവത്തില്‍ തന്നെ, വൈകിയാണെങ്കില്‍ പോലും വിവരം പൊലീസിന് കിട്ടിയിട്ടും ഉടനടി നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നോ? ( കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചൂ എന്ന് ന്യായം പറയുമായിരിക്കാം. അതിത്രത്തോളം സാമൂഹ്യ ഇടപെടല്‍ ഉണ്ടായതുകൊണ്ട് മാത്രം). എന്നാല്‍ കേരളത്തില്‍ നടക്കുന്ന (ദിനംപ്രതിയെന്നോണം അത് നടക്കുന്നുമുണ്ട്) ബാലലൈംഗിക ചൂഷണത്തില്‍ നൂറിലൊന്നു പോലും ജനശ്രദ്ധയിലേക്ക് വരാതെ പോവുകയാണ്. അത്തരത്തില്‍ മറച്ചുവയ്ക്കപ്പെടുന്ന കേസുകളില്‍ എല്ലാം പൊലീസ് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നാണോ?

ഏഴും പത്തും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുമായി ബന്ധപ്പെട്ട് 2017 സെപ്തംബറില്‍ മങ്കട പൊലീസ് സ്‌റ്റേഷനില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (എഫ് ഐ ആര്‍ നം.0418, എഫ് ഐ ആര്‍ നം. 0419). പോക്‌സോ (Protection of Children from Sexual Offences Act (POCSO) ചുമത്തിയ കേസുകളാണവ. പോക്‌സോ കേസുകളുടെ നടപടി ക്രമങ്ങള്‍ എങ്ങനെയായിരിക്കണം എന്നറിയാത്തയാളല്ലല്ലോ ആ കേസിന്റെ അന്വേഷണ ഉത്തരവാദിത്വം ഉള്ള പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ കുറ്റപത്രം പോക്‌സോ കോടതികളിലോ, പോക്‌സോ ഡെസിഗ്‌നേറ്റഡ് കോടതികളിലോ സമര്‍പ്പിക്കണമെന്നിരിക്കെ കഴിഞ്ഞ എട്ടുമാസമായിട്ടും പ്രതികളിലാരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. 164 എടുത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടികളുടെ മൊഴി സമര്‍പ്പിച്ചിട്ടുപോലുമില്ലെന്നാണ് അറിവ്. കുട്ടികള്‍ മൊഴി മാറ്റുന്നു, പ്രതികളായവരുടെ പേരുകള്‍ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നുവെന്നൊക്കെയുള്ള ന്യായീകരണങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ട്. ഏഴും പത്തും വയസുള്ള രണ്ടു കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട കേസിലാണ് പൊലീസിന്റെ ഈ ഇഴഞ്ഞുനീങ്ങല്‍.

പോക്‌സോ നിയമപ്രകാരം പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയെടുക്കേണ്ടതാണ്. അദ്ദേഹത്തിനെതിരേയും പോക്‌സോ ചുമത്തണം. എടപ്പാള്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരേ ഉണ്ടായ കര്‍ത്തവ്യബോധം ഈ പൊലീസുകാര്‍ക്കെതിരേ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. നിയമത്തിനു മുന്നില്‍ ഒരാളും അധീതരല്ലാത്ത ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പൊലീസിന് അതൊന്നും ബാധകമല്ലെന്നാണോ?

എടപ്പാളിലെ കേസില്‍ തെളിവുകള്‍ ശക്തമായിരുന്നില്ലെങ്കില്‍, വെറുമൊരു പരാതി മാത്രമാണ് പൊലീസിന് കിട്ടിയിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം എന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമല്ലേ. അവളുടെ അമ്മയൊരു പോക്കു കേസാണ്, അതുകൊണ്ട് ഇതിലൊന്നും ഇടപെടാതിരിക്കുകയാണ് നല്ലതെന്ന് ഉപദേശിച്ച പൊലീസുകാരാണ് ഇവിടെയുള്ളത്. കേരളത്തില്‍ വെറും എഴുശതമാനം കേസുകളില്‍ മാത്രമാണ് പോക്‌സോ ചുമത്തിയിട്ടുള്ളതെന്ന കണക്ക് കേള്‍ക്കുമ്പോഴും മനസിലാകും പൊലീസിന്റെ ശുഷ്‌കാന്തി.

എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് നിയമം അനുസരിച്ചാണ് അതിന്റെ പേരില്‍ പൊലീസിന്റെ മേല്‍ കുതിര കയറാന്‍ വരുന്നതെന്തിനാണെന്ന് പൊലീസുകാരും പൊലീസിനെ ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിയുടെ അരാധകരും ചോദിക്കാം. ഈ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാവിനു വേണ്ടി ഹാജരാകുന്നത് ബി എ ആളൂര്‍ എന്ന വക്കീല്‍ ആണെന്നാണ് അറിയുന്നത്. ആ സ്ത്രീക്ക് ആളൂരിനെ പോലൊരു വക്കീലിന് തന്റെ വക്കാലത്ത് കൊടുക്കാനുള്ള ത്രാണിയൊന്നും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നുകില്‍ ആപത്ബാന്ധവനായ ആളൂര്‍ സ്വയം ഇറങ്ങി വന്നതാവണം, അതല്ലെങ്കില്‍ കേസില്‍ അത്ര താത്പര്യമുള്ളവര്‍ കൊണ്ടുവരുന്നത് തന്നെയായിരിക്കും. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞതും അതു തന്നെയാണ്. പ്രതികളെ രക്ഷിക്കാന്‍ ഉതകുന്ന നടപടിയാണ് പൊലീസ് ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഈ ഉത്സാഹം എന്ന് സാമന്യേന ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയങ്ങനെയൊന്നും അല്ലെങ്കില്‍ തന്നെ, മറ്റൊരു ചോദ്യമുണ്ടല്ലോ; നിയമം പൊലീസിനും ബാധകമല്ലേ? അതിനെന്ത് ഉത്തരം പറയും!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

എടപ്പാള്‍ തിയേറ്റര്‍ പീഡനം; ആരുമറിയാതെ പോകുമായിരുന്ന ആ ക്രൂരത പുറത്തു കൊണ്ടുവന്നതിന് ധന്യയോടും ശിഹാബിനോടും നന്ദി പറയാം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍