UPDATES

ട്രെന്‍ഡിങ്ങ്

കുരിശോ തൃശൂലമോ! ഹിന്ദുത്വ അധിനിവേശം നാഗാലാന്‍ഡില്‍ അനുവദിക്കരുതെന്ന് ക്രിസ്ത്യന്‍ സംഘടന

ബിജെപി രാജ്യത്ത് അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷവേട്ട നടക്കുകയാണെന്നും എന്‍ബിപിസി

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന. തൃശൂലം വേണോ കുരിശു വേണോ എന്ന് വിശ്വാസികളായവര്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയായ നാഗാലാന്‍ഡ് ബാപ്പിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍(എന്‍ബിസിസി) തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഫെബ്രുവരി 27 നാണ് നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ്. എന്‍ബിസിസി തങ്ങളുടെ കത്ത് നാഗാലാന്‍ഡിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷന്മാര്‍ക്കും അയച്ചിട്ടുണ്ട്.

പണത്തിനു വേണ്ടി ക്രിസ്തീയ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബലികഴിക്കരുതെന്നും ക്രിസ്്തുവിന്റെ ഹൃദയം തുളയ്ക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നുമാണ് എന്‍ബിസിസി വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷങ്ങളുടെ സ്ഥിതി വളരെ ദയനീയമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ആര്‍എസ്എസ്സിന്റെ ഭാഗമായ ബിജെപി രാജ്യത്ത് അധികാരത്തില്‍ വന്നതിനു പിന്നാലെ മുന്‍പെങ്ങുമില്ലാത്തവിധം രാജ്യത്ത് ഹിന്ദുത്വം ശക്തവും വ്യാപകവുമായിരിക്കുകയാണ്. ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണത്. ആരാണോ രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തെ തകര്‍ക്കാന്‍ നോക്കുന്നത്, അവര്‍ക്കൊപ്പം നാഗാലാന്‍ഡിലെ രാഷ്ട്രീയക്കാര്‍ കൂടുകയാണെങ്കില്‍ ദൈവം തീര്‍ച്ചയായും നിരാശനാകുമെന്നും കത്തില്‍ പറയുന്നു.

ഹിന്ദുത്വ അധിനിവേശത്തെ ശക്തമായി തന്നെ തടയണമെന്നാവശ്യപ്പെടുന്ന എന്‍ബിപിസി, ബിജെപി ഏതുവിധേനയും ക്രിസത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാന്‍ഡില്‍ ഭരണം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും പറയുന്നു.

യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെ പോകുന്നവര്‍ വ്യാജപ്രചാരണങ്ങള്‍ വീണുപോകാന്‍ സാധ്യതയുണ്ട്. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ വേട്ട മൂന്നിരട്ടിയോളം ശക്തമായിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ക്രിസ്ത്യന്‍ മിഷണറിമാരും പാസ്റ്റര്‍മാരും അടക്കം സഭാവക്താക്കള്‍ പലരും തെരുവുകളില്‍ അക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നു, കുട്ടികള്‍ വിദ്യാലയങ്ങളില്‍ വിവേചനങ്ങള്‍ക്ക് വിധേയരാകുന്നു. ആരാധാനാലയങ്ങള്‍ കത്തിക്കുന്നു, വിശ്വാസികള്‍ പലതരത്തില്‍ ഉപദ്രവിക്കപ്പെടുന്നു. ബൈബിള്‍ പോലും പരസ്യമായി കത്തിക്കുകയാണ്; എന്‍ബിപിസി കുറ്റപ്പെടുത്തുന്നു.

ക്രിസത്യന്‍ ഭൂരിപക്ഷസംസ്ഥാനമായ നാഗാലാന്‍ഡില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി സ്ഥാനാര്‍ത്ഥികളാകുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രിസത്യാനികളാണ്. ഇവരെ ലക്ഷ്യംവച്ചു തന്നെയാണ് എന്‍ബിപിസി ഇത്തരമൊരു തുറന്ന കത്ത് എഴുതിയിരിക്കുന്നതും. എന്നാല്‍ ഇത്തരമൊരു കത്തിനോട് ബിജെപി സംസ്ഥാനഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍