UPDATES

വൈറല്‍

ഹിന്ദു വീടുകളില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ പാടില്ല എന്നു സൈബര്‍ സംഘികള്‍; കരോൾ അമ്പലത്തിൽ നിന്ന് തന്നെ തുടങ്ങട്ടെ എന്ന് അമ്പല കമ്മിറ്റി

ക്രിസ്മസിനെതിരെ സംഘപരിവാറിന്റെ വര്‍ഗ്ഗീയ വാള്‍; ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി സംഘപരിവാറിനെ വെല്ലുവിളിച്ച് കേരളത്തിലെ ഇടതുപക്ഷ സംഘടനകള്‍

ക്രിസ്മസ് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആരും വീടുകളില്‍ നക്ഷത്രം തൂക്കുകയോ കരോളില്‍ പങ്കെടുക്കുകയോ പോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായിട്ട് ഏതാനും ദിവസങ്ങളായി. രാജസ്ഥാനില്‍ കരോളിനിറങ്ങിയ പുരോഹിതര്‍ അടക്കമുള്ള സംഘത്തെ മതപരിവര്‍ത്തനം ആരോപിച്ച് സംഘപരിവാറുകാര്‍ ആക്രമിച്ചതാണ് ഈ വര്‍ഷത്തെ ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടായ ആദ്യത്തെ വാര്‍ത്ത. ക്രിസ്മസ് ആഘോഷിക്കുന്നത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടാണെന്നും അതിനാല്‍ ക്രിസ്മസ് ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നുമാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ് 92.7 എഫ്എം ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവര്‍ത്തന ക്യാമ്പെയ്‌നിംഗിന്റെ അംബാസഡര്‍ ആയതിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ജനങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ശേഖരിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനമാണ് ഇത്. ഇതിനിടെ ഉത്തര്‍പ്രദേശില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. സ്‌കൂളുകളില്‍ ഹിന്ദു കുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ ഭീഷണി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഹിന്ദു കുട്ടികളില്‍ നിന്നും പണം പിക്കുന്നതിനും ഭീഷണിയുണ്ട്. ക്രിസ്തു മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് ഈ മുന്നറിയിപ്പെന്നാണ് സംഘടനയുടെ വിശദീകരണം. മുന്നറിയിപ്പ് അവഗണിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഇവര്‍ അയച്ച ഭീഷണിക്കത്തില്‍ പറയുന്നത്. കൂടാതെ സംഘടനയുടെ ജില്ലാ യൂണിറ്റുകളോട് ക്രിസ്മസ് ആഘോഷിക്കുന്ന സ്‌കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹുദാര്‍ വ്യക്തമാക്കിയിരുന്നു.

ക്രിസ്മസ് മാത്രമല്ല പുതുവര്‍ഷവും ആഘോഷിക്കരുതെന്നാണ് ആന്ധ്രയില്‍ ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ അലിഗഡിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഇവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനുവരി ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നത് പാശ്ചാത്യ ശൈലിയാണെന്നും അത് ഹിന്ദുമതത്തിന്റെ പാരമ്പര്യത്തില്‍പ്പെട്ടതല്ലെന്നുമായിരുന്നു ഇവരുടെ വാദം.

കേരളത്തില്‍ സംഘപരിവാറിന്റെ ഇത്തരം വെല്ലുവിളികളോ ഭീഷണികളോ അധികമൊന്നും ഉയര്‍ന്നില്ലെങ്കിലും പലയിടങ്ങളിലും ഇടതുപക്ഷ സംഘടനകള്‍ നേരിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി സംഘപരിവാര്‍ സംഘടനകളെ വെല്ലിവിളിക്കുന്നത് കാണാമായിരുന്നു. തിരുവനന്തപുരം എംജി കോളേജില്‍ ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് മാനേജ്‌മെന്റ് ക്രിസ്മസ് ആഘോഷങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കോളേജിന് പുറത്ത് സമാന്തര ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു. കോളേജിന് പുറത്ത് കേക്ക് മുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. തിരുവനന്തപുരം പ്ലാമൂട്ടുക്കട ഇഎംഎസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് സംഘപരിവാര്‍ സംഘടനകളുടെ വെല്ലുവിളിയ്ക്ക് ഏറ്റവും നല്ല മറുപടി കൊടുത്തത്. പ്ലാമൂട്ടുക്കട ശ്രീ കൊച്ചുഭഗവതി ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ച കരോള്‍ ഉദ്ഘാടനം ചെയ്തത് ക്ഷേത്രത്തിലെ പൂജാരിയാണ്. ‘ഹിന്ദു വീടുകളില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ പാടില്ല’ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ട് നില്‍ക്കണം (സങ്കി) എന്നാപ്പിന്നെ ഇപ്രാവശ്യത്തെ കരോള്‍ അമ്പലത്തില്‍ നിന്ന് തന്നെ തുടങ്ങട്ടെ എന്ന് അമ്പല കമ്മിറ്റി’ എന്ന വിശദീകരണവുമായി ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. കേരളത്തിലെ മതേതര സ്വഭാവം പ്രകടിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു.

അതേസമയം ഹിന്ദു വീടുകളില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കരുതെന്ന് ആവശ്യപ്പെടുന്നവരോട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹസിച്ചുകൊണ്ട് ചോദിക്കുന്നത് തോമസ് ആല്‍വ എഡിസന്‍ ക്രിസ്ത്യാനിയായതിനാല്‍ അദ്ദേഹം കണ്ടുപിടിച്ച ബള്‍ബ് നിങ്ങള്‍ വീട്ടില്‍ ഉപയോഗിക്കില്ലേയെന്നാണ്. അതോടൊപ്പം മെഴുകുതിരി ക്രിസ്ത്യന്‍ പള്ളികളില്‍ ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതി പോകുമ്പോള്‍ വീട്ടില്‍ മെഴുകുതിരി കത്തിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുമോയെന്നും ചോദിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഭാര്യയും ക്രിസ്ത്യാനികളായോ? അമൃതാ ഫഡ്നാവിസിനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍

മുമ്പ് കേരളത്തിലെ എല്ലാ മതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ഓണം വാമനജയന്തിയാണെന്ന് പ്രഖ്യാപിച്ച് ഹിന്ദുക്കളുടെ ഉത്സവമാക്കാനും നേരത്തെ സംഘപരിവാര്‍ ശ്രമിച്ചിട്ടുണ്ട്. അസുരരാജാവായ മഹാബലിയുടെ പേരില്‍ ഓണം ആഘോഷിക്കുന്നതില്‍ സവര്‍ണ ഹൈന്ദവതയ്ക്കുള്ള അസഹിഷ്ണുതയാണ് ഇതിന് കാരണമെന്ന് അന്ന് ആരോപണം ഉയരുകയും ചെയ്തു. യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്മസ് ആയി ആഘോഷിക്കുന്നതെങ്കിലും എല്ലാ മതത്തിലുമുള്ളവര്‍-പ്രത്യേകിച്ചും കേരളത്തില്‍- ഇത് ആഘോഷിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഇന്ത്യ ഭരിക്കുന്ന ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

യു.പിയില്‍ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ അലങ്കോലമാക്കുമെന്ന് ഹിന്ദുതീവ്രവാദി സംഘടനകളുടെ ഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍