UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണ്‍ ഓഫ് ചെയ്ത് വച്ചു; നാട്ടില്‍ നടന്ന പുകിലൊന്നും സി ഐ നവാസ് അറിഞ്ഞില്ല

രാത്രി ഒന്നരയോടെ ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണ് നവാസിന്റെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും റെയില്‍വേ പോലീസിന്റെ സഹായം തേടി സന്ദേശം കൈമാറിയതും

‘ഒരു യാത്ര പോകുന്നു’ എന്ന് ഭാര്യയ്ക്ക് മെസേജ് അയച്ച ശേഷം യാത്ര തുടങ്ങിയ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ സിഐ നവാസ് പിന്നീട് നാട്ടില്‍ നടന്ന പുകിലൊന്നും അറിഞ്ഞില്ലെന്ന് സൂചന. മൂന്ന് ദിവസം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറി നിന്നപ്പോള്‍ തന്റെ തിരോധാനം വലിയ വാര്‍ത്തയായതും വിവാദമായതും തന്നെ കണ്ടെത്താന്‍ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇരുപത് പോലീസുകാരുടെ പ്രത്യേക സംഘം രൂപീകരിച്ചതുമൊന്നും നവാസ് അറിഞ്ഞിരുന്നില്ല.

നാഗര്‍കോവില്‍-കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് നവാസിനെ പോലീസ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താന്‍ സഹായിച്ചത്. കൊല്ലത്തേക്ക് ബസിലെത്തിയ ശേഷം ട്രെയിനില്‍ മധുര വഴി രാമേശ്വരത്ത് എത്തിയെന്നാണ് അറിയുന്നത്. കരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് നവാസ് വീട്ടുകാരുമായി സംസാരിച്ചത്. അപ്പോഴാണ് നാട്ടില്‍ തന്നെച്ചൊല്ലിയുണ്ടായ കോലാഹലത്തെക്കുറിച്ച് ഇദ്ദേഹം അറിഞ്ഞത് തന്നെ.

ഔദ്യോഗിക നമ്പര്‍ തിരിച്ചേല്‍പ്പിച്ചിരുന്ന നവാസ് സ്വന്തം ഫോണ്‍ ഓഫാക്കിയിരുന്നു. രാത്രി ഒന്നരയോടെ വീണ്ടും ഓണ്‍ ചെയ്തപ്പോഴാണ് നവാസിന്റെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും റെയില്‍വേ പോലീസിന്റെ സഹായം തേടി സന്ദേശം കൈമാറിയതും. 13-ാം തിയതി തന്നെ നവാസ് ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞിരുന്നു. അന്ന് ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനിലെത്തി തന്റെ ഔദ്യോഗിക സിം കീഴുദ്യോഗസ്ഥന് കൈമാറുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തില്‍ നവാസ് അസ്വസ്ഥനായിരുന്നെന്ന് ഭാര്യ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഉച്ചയ്ക്ക് ശേഷം നവാസ് കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. മലമ്പുഴ പോലീസാണ് നവാസിനെയും കൊണ്ടുവരുന്നത്. മധുരയ്ക്ക് പോകാനിടയായ സാഹചര്യം അറിയാന്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യും.

read more:അഭിനന്ദന്‍ വര്‍ധ്മാനെ പരിഹസിക്കുന്ന പാക് പരസ്യത്തെ ന്യായീകരിച്ച് ശശി തരൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍