UPDATES

ട്രെന്‍ഡിങ്ങ്

ക്രയോജനികും സിഐഎയും ഒന്നുമല്ല, ചാരക്കേസിന് പിന്നില്‍ ഋഷിരാജ് സിംഗിന്റെ വീടന്വേഷണം: വിവാദ പരാമര്‍ശവുമായി സെന്‍കുമാര്‍

ക്രയോജനിക് എന്‍ജിനെക്കുറിച്ച് അറിയാവുന്ന ശാസ്ത്രജ്ഞര്‍ ഐഎസ്ആര്‍ഒയിലില്ലെന്ന് മാധവന്‍ നായര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍

കോടതി തള്ളിക്കളഞ്ഞ ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ച് വിവാദ പരാമര്‍ശവുമായി മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍. കേസില്‍ നമ്പി നാരായണന്‍ നിരപരാധിയാണെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഒരിക്കല്‍ കേസ് അന്വേഷിച്ച സെന്‍കുമാര്‍ ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലത്ത് ഒരു അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് സെന്‍കുമാര്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

94ല്‍ ഇന്ത്യയ്ക്ക് ക്രയോജനിക് എന്‍ജിനെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന മാധവന്‍ നായര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സെന്‍കുമാര്‍ ഇന്ന് കൊല്ലത്ത് നടത്തിയ വെളിപ്പെടുത്തല്‍. കൂടാതെ ക്രയോജനിക് എന്‍ജിനെക്കുറിച്ച് അറിയാവുന്ന ശാസ്ത്രജ്ഞര്‍ ഐഎസ്ആര്‍ഒയിലില്ല. ഈ പറയുന്ന ആളൊക്കെ സ്വയം വിരമിക്കലിന് അപേക്ഷ കൊടുത്ത കത്ത് തന്റെ അന്വേഷണത്തില്‍ കണ്ടെടുത്തതാണെന്നും നമ്പി നാരായണന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ സെന്‍കുമാര്‍ പറയുന്നു.

സിഐഎയോ ക്രയോജനിക് എന്‍ജിനോ ഒന്നുമല്ലാതെ പിന്നെ എന്താണ് ചാരക്കേസിന് പിന്നിലെന്നതും സെന്‍കുമാര്‍ പറയുന്നുണ്ട്. 1994ല്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗിന് പോലീസ് ക്വാര്‍ട്ടേഴ്‌സോ വാടക വീടോ ലഭിക്കാതിരുന്നതിന്റെ ഫലമാണ് ചാരക്കേസെന്നാണ് സെന്‍കുമാറിന്റെ കണ്ടെത്തല്‍. അക്കാലത്ത് കൊള്ളാവുന്ന വീടൊക്കെ മാലിക്കാര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് മനസിലാക്കിയ ഋഷിരാജ് സിംഗ് ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വിജയന്‍ നടത്തിയ അന്വേഷണത്തില്‍ പോലീസ് മറിയം റഷീദയുടെ വീട്ടിലെത്തുകയായിരുന്നു. പാസ്‌പോര്‍ട്ടില്‍ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് ഫോണ്‍ നമ്പര്‍ ശേഖരിച്ചപ്പോള്‍ കാര്യങ്ങള്‍ മനസിലായെന്നും സെന്‍കുമാര്‍ പറയുന്നു. വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഇതിന് മുമ്പ് ജഡ്ജി പരാതിക്കാരനായ ഒരു കേസുണ്ടായിരുന്നു. ഹൈക്കോടതി വിജിലന്‍സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസ്. എന്നാല്‍ ഇതില്‍ വിചാരണ ആരംഭിച്ചിട്ടില്ല. ഇതേക്കുറിച്ച് താന്‍ പുസ്തകമെഴുതുന്നുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും ക്രയോജനിക് എന്‍ജിനുമെല്ലാം പിന്നീട് വന്നു പെട്ടു പോയ സംഭവങ്ങളാണെന്നും സെന്‍കുമാര്‍ പറയുന്നു.

1996ല്‍ കൊച്ചിയില്‍ കമ്മിഷണറായ തന്നെ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാര്‍ വിളിച്ചാണ് ചാരക്കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. സിബിഐയ്ക്ക് നല്‍കിയ അന്വേഷണ അനുമതി റദ്ദാക്കിയാണ് സംസ്ഥാന പോലീസ് തന്നെ വീണ്ടും കേസ് ഏറ്റെടുത്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ സിബിഐ അന്വേഷിച്ച കേസ് രണ്ടാമത് സംസ്ഥാന പോലീസ് അന്വേഷിച്ച ഈയൊരു സംഭവം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പലരും ജീവചരിത്രങ്ങളെഴുതുമ്പോള്‍ മാധ്യമങ്ങള്‍ മറുകണ്ടം ചാടി പലതും പറയുകയാണ്. എന്നാല്‍ ഐഎസ്ആര്‍ഒ കേസ് എന്തുകൊണ്ടുണ്ടായി എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സെന്‍കുമാര്‍ പറയുന്നു.

ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റവിമുക്തനാണെന്നും അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും നേരത്തെ സുപ്രിംകോടതി പ്രഖ്യാപിച്ചതാണ്. അതേസമയം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി. ഈ സാഹചര്യത്തിലാണ് നമ്പി നാരായണനെ ഒരിക്കല്‍കൂടി സംശയത്തിന്റെ നിഴലിലാക്കുന്ന പ്രസ്താവന സെന്‍കുമാറിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍