UPDATES

സിനിമ

അതേ പോലീസ്.. അതേ വില്ലൻ‌‌… അതേ പ്രതികാരം, പക്ഷെ ക്രിസ്‌മസ്‌ ചിത്രങ്ങളിലെ ചാമ്പ്യൻ: അടങ്ക മറു-റിവ്യൂ

മാസ് എന്റർടൈനർ എന്ന നിലയിൽ വാങ്ങിക്കുന്ന ടിക്കറ്റ് കാശിനോട് ഒരുപരിധി വരെ നീതി പുലർത്താനാവുന്നു എന്നതാണ് അടങ്കാ മറു നേടുന്ന ക്രിസ്മസ് വിജയത്തിന് നിദാനം.

ശൈലന്‍

ശൈലന്‍

ക്രിസ്‌മസ്‌ വെക്കേഷൻ പ്രമാണിച്ച് തമിഴിൽ അഞ്ച് സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ധനുഷിന്റെ ‘മാരി-2’ , വിജയ് സേതുപതിയുടെ ‘സീതാക്കാത്തി’ , ജയം രവിയുടെ ‘അടങ്ക മറു’ വിഷ്ണു വിശാലിന്റെ ‘സിലുക്കുവാർപ്പട്ടി’ ഐശ്വര്യ രാജേഷ് ലീഡ് റോൾ ചെയ്യുന്ന ‘കനാ’. എന്നിവയായിരുന്നു അവ. ഒപ്പം കെ ജി എഫ് ന്റെ ഡബ്ബിംഗ് വേർഷനും.

ഹൈപ്പിലും ഓപ്പണിംഗിലും ധനുഷിന്റെ മാരി-2 ആയിരുന്നു മുന്നിലെങ്കിലും ആദ്യ ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും ജയം രവി അടങ്കാ മറുവുമായി ബോക്സോഫീസിൽ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. മലയാളം റിലീസുകളുടെ ആധിക്യം കാരണം കേരളത്തിൽ ഒരുവിധം സെന്ററുകളിലൊന്നും അടങ്കാ മറുവിന് ഇതുവരെ സ്ക്രീൻ ലഭിച്ചിട്ടില്ല.

“അടങ്ക മറു.. അത്തു മീറു..തിമിരി എഴു…തിരുപ്പിഅടി” എന്നാൽ തോൽ തിരുമാവളവന്റെ വിടുതലൈ ചിരുത്തൈകൾ കട്ച്ചിയുടെ പൊളിറ്റിക്കൽ സ്ലോഗൺ ആണ്. അതിൽ നിന്നാണ് അടങ്ക മറു എന്ന ആദ്യവാചകം അടർത്തിയെടുത്ത് കാർത്തിക് തങ്കവേൽ എന്ന സംവിധായകൻ തന്റെ ആദ്യപടത്തിന് ശീർഷകമാക്കിയിരിക്കുന്നത്. Refuse to obey എന്നാണ് ലളിതമായി പറഞ്ഞാൽ അതിന്റെ അർത്ഥം. Obey the rule എന്ന് ആവശ്യത്തിനും അനാവശ്യത്തിനും മിനിറ്റിന് മുപ്പതു തവണ കേട്ട് വെറുത്ത് പണ്ടാരടങ്ങി, ജോലിയിൽ ജോയിൻ ചെയ്ത് അധികം നാളുകൾക്കുള്ളിൽ തന്നെ, അത് രാജിവെച്ച് നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് അടങ്ക മ്റു

കണ്ടുമടുത്ത പോലീസുകാരനായിത്തന്നെയാണ് സിനിമയിൽ ജയം രവിയുടെ സുഭാഷ് എസ് ഐ അവതരിക്കുന്നത്. കോളേജിനരികിലുള്ള ടാസ്മാക് ഔട്ട്ലെറ്റ് പൂട്ടാനായി ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കരികിലേക്ക് അയാൾ സ്ലോമോഷനിൽ അവതരിക്കുന്നു. ആദ്യം കാണിക്കുന്നത് ഷൂസ് തന്നെ.. പിന്നെ ഒരു വില്ലൻ വരുന്നു.. പതിവുപോലെ മന്ത്രിയുടെ മകൻ. ചറപറവില്ലന്മാർ വരുന്നു. പതിവുപോൽ കലക്റ്ററുടെ മകൻ, പോലീസുന്നതന്റെ മകൻ, വ്യവസായപ്രമുഖന്റെ മകൻ, ഇവരുടെയൊക്കെ അപ്പന്മാർ, ഏറാന്മൂളുന്ന പോലീസ് ഉദ്യോഗസ്ഥർ… ഒറ്റയ്ക്കുപൊരുതുന്ന നായകൻ.. സ്വാഭാവികമായതോൽവി. കുടുംബത്തിന്റെ കുളം തോണ്ടൽ… ഇത്രയും അടങ്ങിയ ഫസ്റ്റ് ഹാഫ് അടിമുടി ക്ലീഷേകളാൽ സമ്പന്നവും ഫ്രെയിം റ്റു ഫ്രെയിം പ്രവചനാത്മകവുമാണ്.

എന്നാൽ ഇടവേളയ്ക്കുശേഷമുള്ള നായകന്റെ പ്രതികാരത്തിന്റെ രീതികൾ വറൈറ്റിയാർന്നതാണ്. പടത്തിന്റെ തലവര മാറ്റുന്നതും ഈ സെക്കന്റ് ഹാഫ് തന്നെ. ലൂപ്പ് ഹോൾസ് ഒരുപാടുണ്ടെങ്കിലും ക്ലീഷെ മറു അവിടുന്നങ്ങോട്ട് ഫസ്റ്റ് ക്ലാസ് ത്രില്ലർ ആയി മാറുന്നു.. സാദാപ്രേക്ഷകനെ സംബന്ധിച്ച് രോമാഞ്ചിഫിക്കേഷന് ഒട്ടനവധി സന്ദർഭങ്ങൾ സമ്മാനിക്കുന്നു പ്രതികാരനിർവഹണത്തിൽ നായകന്റെയും സംവിധായകന്റെയും പാതകൾ.

ഭാവിയിൽ പ്രതീക്ഷയർപ്പിക്കാവുന്ന സംവിധായകൻ ആണ് താനെന്ന് അടിവരയിട്ടുകൊണ്ട് തന്നെയാണ്‌ കാർത്തിക് തങ്കവേൽ പടം അവസാനിപ്പിക്കുന്നത്. എത്രകണ്ട് പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടതില്ലെങ്കിലും റെയ്പ്പിസ്റ്റിനെ മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് കൊല്ലാനുള്ള അവസരം നൽകുന്നതൊക്കെ അതിരടി മാസാണ്. കലിപ്പിലാണ് ജയം രവി പടത്തിലുടനീളം. കാമുകിയായി രാസി ഖന്ന ഉണ്ടെങ്കിലും ഒരേയൊരു ഡ്യുയറ്റ് പാടാനുള്ള അവസരമേ സംവിധായകൻ കൊടുക്കുന്നുള്ളൂ.. പ്രതികാരം കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോൾ പ്രണയരംഗങ്ങൾ തിരുകി കയറ്റാതിരിക്കാനുള്ള ഔചിത്യബോധം കാർത്തിക് തങ്കവേൽ കാണിച്ചത് വല്യ ആശ്വാസം. പല വലിയ സംവിധായകർക്കും ഇല്ലാത്ത ഒന്നാണ് അത്.
.
ബാബു ആന്റണി, സമ്പത്ത് രാജ്, അഴകം പെരുമാൾ, മുനീഷ്, പൊൻ വണ്ണൻ എന്നിവരൊക്കെയാണ് മറ്റ് അഭിനേതാക്കൾ. സമ്പത്ത് പതിവുപോൽ പൊളിച്ചു. ബാബു ആന്റണി ഒരു പരിധിവരെ മെയിൻ വില്ലനായ് ഉയർത്തി അവസാനം വരെ നിലനിർത്തിയിട്ടുണ്ട്. പുള്ളിയ്ക്ക് ഇപ്പോഴും പഴയകാല ആരാധകരിൽ നിന്നും കിട്ടുന്ന കയ്യടിയെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ വേണ്ടതൊന്നും സംവിധായകൻ ചെയ്തിട്ടുമില്ല.

മാസ് എന്റർടൈനർ എന്ന നിലയിൽ വാങ്ങിക്കുന്ന ടിക്കറ്റ് കാശിനോട് ഒരുപരിധി വരെ നീതി പുലർത്താനാവുന്നു എന്നതാണ് അടങ്കാ മറു നേടുന്ന ക്രിസ്മസ് വിജയത്തിന് നിദാനം.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍