UPDATES

ട്രെന്‍ഡിങ്ങ്

ഹിമാ ശങ്കറിനെയും ലസിത പാലക്കലിനെയും അധിക്ഷേപിച്ച ‘ബിഗ് ബോസി’നെ ഹീറോ ആക്കുമ്പോള്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്ന സാബുമോന് എല്ലാ വിധ ആശംസകളും

Avatar

ഗിരീഷ്‌ പി

എല്ലാവരും ജനപ്രിയരാകാന്‍ ശ്രമിക്കുന്നു എന്നത് നമ്മുടെ കാലത്തിന്റെ ഗതികേടാണ് എന്നെഴുതിയത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും, ദി ട്രിബ്യൂണിന്‍റെ മുന്‍ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹരീഷ് ഖാരെയാണ്. എന്നാൽ ചിലരെ ജനപ്രിയർ ആക്കുന്നതിൽ രാജ്യത്തെ ചില പ്രമുഖ മാധ്യമങ്ങൾക്കു വലിയ പങ്കുണ്ട്. ‘ജനപ്രിയൻ’ എന്ന ലേബൽ കേരള സമൂഹം നൽകി ആദരിച്ച നടനെ പിന്നീട് നാം കണ്ടത് സെന്‍ട്രല്‍ ജയിലിലാണ്. ജയിലിൽ കഴിയുന്നത് മോശമാകുന്നത് ഒരു പീഡനക്കേസിലെ പ്രതി എന്ന് ആരോപിക്കപ്പെട്ട് കിടക്കേണ്ടി വരുമ്പോഴാണ്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ വിജയി സാബു മോന്‍ അബ്ദുസമദ് ആണ്. ലോകത്തെ പല ഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബി​ഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബി​ഗ് ബോസ്. മലയാളത്തിലേക്ക് ഈ ഷോ വന്നപ്പോൾ വലിയ തരത്തിലുള്ള വിമർശനങ്ങൾ തുടക്കം തൊട്ടേ ഉണ്ടായെങ്കിലും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഷോ അവസാനിക്കുന്നത്. ഷോ തുടങ്ങുമ്പോൾ‌ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേർ മാറ്റുരച്ച ബി​ഗ് ബോസ് ഷോയിൽ നൂറ് ദിവസവും വീടിനെ സജീവമാക്കി നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവിൽ ജേതാവായി മാറിയ സാബു മോൻ അബ്ദുസമദ് എന്ന് ബിഗ് ബോസ് പരിപാടി അണിയറ പ്രവർത്തകരും, ആരാധകരും അഭിപ്രായപ്പെടുന്നു.

ബിഗ് ബോസ് ടി വി ഷോയുടെ ഹൈലൈറ്റ് അവതാരകനായെത്തിയ മോഹൻലാൽ തന്നെ ആയിരുന്നു. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ ഒടുവില്‍ അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനുമാണ് പരിപാടി അവതരിപ്പിക്കുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ അവതാരകനായെത്തുന്ന ഒരു പ്രോഗ്രാം ഏഷ്യാനെറ്റ് പോലെ ഒരു ചാനൽ മുത്തശ്ശി സംപ്രേക്ഷണം ചെയ്യുമ്പോൾ സ്വാഭാവികമായും പരസ്യങ്ങൾ കൊണ്ടെങ്കിലും വൻ വിജയമായില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

മനുഷ്യരെ അങ്ങോട്ട് ചെന്ന് കൂട്ടിക്കൊണ്ട് പോയി അബദ്ധങ്ങളിലും, ചതികളിലും പെടുത്തി ഒരു കോമാളിയാക്കി കൊണ്ട് അവതരിപ്പിച്ചു നൂറു കണക്കിന് എപ്പിസോഡുകൾ ചെയ്ത ‘തരികിട’ എന്ന പരിപാടിയുടെ അവതാരകനായാണ് സാബുമോൻ ആദ്യം പ്രത്യക്ഷപ്പെടുന്നത്. തരികിട പോലെ മനുഷ്യന്റെ ആശങ്കകളും, അബദ്ധങ്ങളും ഫാൻ ടൈമിന് വേണ്ടി പ്രേക്ഷകർക്ക് വിൽക്കുന്ന പരിപാടി അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ തന്നെ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ കുറിച്ച് ഊഹിക്കാമല്ലോ!

പിന്നീട് ചില സിനിമകളിൽ അഭിനയിച്ചു. നവമാധ്യമങ്ങളിൽ സജീവമായതോടെയാണ് സാബുവിന്റെ ചില ഇടപെടലുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെയും, ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്യണമെന്ന് മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അയാൾക്കെതിരെ സാബുമോൻ ഫെയ്‌സ്‌ബുക്കിൽ നടത്തിയ വ്യക്തി അധിക്ഷേപത്തിന് കയ്യും കണക്കുമില്ല. രാമകൃഷ്ണൻ കട്ടപ്പനയില്‍ തപസ്യ നൃത്തകലാക്ഷേത്രത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കലാഭവന്‍ മണി അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങൾ സാബുമോൻ ഷെയർ ചെയ്തു കൊണ്ട് സഹോദരന്റെ മരണത്തിലെ സങ്കടം കാരണം ടൂറ് പോയ ആദ്യത്തെ അനിയന്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റിട്ടത്.

യുവ മോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരെ സാബുമോൻ നടത്തിയ അധിക്ഷേപത്തിൻറെ പേരിൽ പോലീസ് അറസ്റ്റ് ഉറപ്പിച്ചിരുന്ന സമയത്ത് ആണ് ബിഗ് ബോസിലേക്കു ക്ഷണം ലഭിക്കുന്നത്. അങ്ങേയറ്റം നിന്ദ്യമായ, സ്ത്രീ വിരുദ്ധ ഭാഷയിൽ ആയിരുന്നു ലസിതക്കെതിരെ സാബു മോന്റെ ഫെയ്സ്ബൂക് കുറിപ്പുകൾ. ലസിത പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന തരത്തിലേക്ക് വരെ ചില കമന്റുകൾ അതിർത്തികൾ ലംഘിച്ചു.

ബിഗ് ബോസ് റിയാലിറ്റി ഷോ വിന്നറായി സാബുവിനെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നതിന് ഒരു രീതി ഇങ്ങനെയാണ്; ‘വില്ലനിൽ നിന്നും നായകനിലേക്ക്’. ഇവരാരും തന്നെ സാബുവിന്റെ ‘വില്ലത്തരം’ എക്‌സ്‌പ്ലോർ ചെയ്യാനോ, ഇങ്ങനെയൊരാളെ വീണ്ടും പൊതു ഇടത്തിലേക്ക് ഹീറോ ആയി പ്ലേസ് ചെയ്യുന്നതിലെ അപകടം ചൂണ്ടിക്കാണിക്കാനോ തയ്യാറായില്ല.

സാബുമോൻ അബ്ദുസമ്മദിനോട് വ്യക്തിപരമായി യാതൊരു പ്രശ്നവും ഇല്ല, എതിര്‍പ്പ് ദ്ദേഹം എടുക്കുന്ന നിലപാടുകൾ, പ്രയോഗങ്ങൾ, നവമാധ്യമ ഇടപെടലുകൾ എന്നിവയോടാണ്. ബിഗ് ബോസ്സിലെ മറ്റൊരു മത്സരാർത്ഥി നാടക പ്രവര്‍ത്തകയും നടിയുമായ ഹിമ ശങ്കറുമായുള്ള സാബുമോന്റെ വാക്കേറ്റം വൈറൽ ആയതിനു പിന്നിൽ ശക്തമായ പുരുഷ ബോധത്തിന്റെ കാര്യങ്ങൾ ആണ് പ്രവർത്തിച്ചിരിക്കുന്നത്. അങ്ങേയറ്റം ഹിംസാത്മകമായി ഹിമ ശങ്കറിനെ നേരിടുന്ന സാബുമോന്റെ വീഡിയോ ക്ലിപ്പ് ആയിരങ്ങൾ ഷെയർ ചെയ്തത് ‘ഫെമിനിച്ചിക്ക് ചുട്ട മറുപടി’ ലൈനിൽ ആണ്.

“ബിഗ്പ ബോസ് റിയാലിറ്റി ഷോയിൽ പലതും യഥാര്‍ത്ഥമായിരുന്നെങ്കില്‍ സാബുവിന്റേയും അര്‍ച്ചനയുടേയും യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരേണ്ടതായിരുന്നു. എന്തിന് അത് മൂടി വക്കുന്നു? ചില വ്യക്തി താത്പര്യങ്ങളും ഈഗോകളും, വിരോധവും തീര്‍ച്ചയായും ഉണ്ട്. രണ്ട് തവണയും എന്നെ പോര്‍ട്രയ് ചെയ്തതില്‍ നിന്ന് മനസിലായി.” മത്സരാർത്ഥി ഹിമ ശങ്കറിന്റെ വാക്കുകളാണ്. പ്രസ്തുത പരിപാടി സ്ക്രിപ്റ്റഡ് ആണെന്നും അവർ ആരോപിക്കുന്നുണ്ട്.

ജനത്തിന് മുൻപിൽ എന്ത് തോന്നിവാസവും വിളിച്ചു പറയാൻ പി സി ജോർജിന് ലൈസൻസിന് ലഭിച്ചതിന്റെ മുഖ്യകാരണക്കാർ സൂര്യന് താഴെയുള്ള ഏതു വിഷയങ്ങൾക്കും സെന്‍സേഷണലിസത്തിനു വേണ്ടി അയാളെ ചർച്ചക്ക് പ്രതിഷ്ഠിച്ചിരുത്തിയ മാധ്യമ പ്രവർത്തകർ തന്നെയാണ്. ബലാത്സംഗ ഇരകൾക്കെതിരെ നിരന്തരം അസഭ്യ പ്രസ്താവനകൾ നടത്തുന്ന ഒരു ജനപ്രതിനിധി പ്രബുദ്ധ കേരളത്തിന് ഇന്ന് നാണക്കേടാണ്. പി സി യെ ബഹിഷ്‌കരിച്ചു കൂടെയെന്ന് സ്ത്രീ എഴുത്തുകാർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത് കൂടി ഇവിടെ പരാമർശത്തിന് വിധയേമാക്കേണ്ട ഒന്നാണ്.

കോർപറേറ്റ് കിടമത്സരവും, ടി ആർ പി യുമെല്ലാം എന്തിനുമുള്ള എക്സ്ക്യൂസുകളല്ല, ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്കു തെരഞ്ഞെടുത്ത പല മത്സരാര്‍ത്ഥികളെയും ശ്രദ്ധിച്ചാൽ എന്താണ് ആ പരിപാടി പ്രൊപ്പഗേറ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാവും. ചുംബന സമരത്തെ തല്ലിതോൽപ്പിക്കാൻ ഇറങ്ങിയ മുഹമ്മദ് ബക്ഷി ബിഗ് ബോസ് വീട്ടിൽ ഇടം പിടിച്ചത് ഒട്ടും യാദൃശ്ചികമല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം എന്ന കടമ വല്ലപ്പോഴും നിർവഹിക്കുന്നത് കൊണ്ട് ഒരു മാധ്യമ സ്ഥാപനവും ഇന്നേ വരെ തകർന്നിട്ടില്ല എന്നാണറിവ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്ന സാബുമോന് എല്ലാ വിധ ആശംസകളും. സ്വയം തിരുത്താനും, സഭ്യതയുടെ പൊതു ഇടത്തിൽ ഇടപെടാനും, സ്ത്രീകളെ മേലിൽ എങ്കിലും അപമാനിക്കാതിരിക്കാനും ഭാവിയിൽ എങ്കിലും ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ വിരാമമിടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോഹൻലാലിന്റെ ബിഗ് ബോസ് സ്ക്രിപ്റ്റഡ് പ്രോഗ്രാം, മത്സരാർത്ഥികൾക്കിടയിൽ പക്ഷപാതിത്വം: വെളിപ്പെടുത്തലുമായി ഹിമ ശങ്കർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍