UPDATES

സിനിമ

എല്ലാ അഭിനേതാക്കള്‍ക്കും ഒരു മാസ്റ്റര്‍പീസ് കഥാപാത്രം കാത്തിരിപ്പുണ്ട്; ജോജുവിന് അത് ജോസഫാണ്

ജോസഫ് ആയി പകർന്നാട്ടം നടത്തിയിരിക്കുന്നു ജോജു തനിക്ക് വേണ്ടി മാത്രം തയ്യാറാക്കിയ വേഷം എന്ന് തോന്നിക്കുന്ന രീതിയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്

Avatar

ഗിരീഷ്‌ പി

പ്രമേയത്തിനും, അവതരണത്തിനും മുകളിൽ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ മലയാള സിനിമ ചരിത്രത്തിലുണ്ട്. എം പത്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ ഒരുപക്ഷെ സിനിമ പ്രേമികളുടെ നിരൂപണ താളുകളിൽ രേഖപ്പെടുത്തുക ടൈറ്റിൽ കഥാപാത്രത്തെ അവിസ്മരണയീമാക്കിയ ജോജു ജോർജിന്റെ പേരിലായിരിക്കും.

വില്ലൻ വേഷങ്ങളിലൂടെയും, സഹവേഷങ്ങളിലൂടെയും, ഹാസ്യവേഷങ്ങളിലൂടെയും ശ്രദ്ധേയനായ ജോജു ജോര്‍ജ് നായകനാകാന്‍ ഒരുങ്ങുന്നു എന്ന വാർത്തയോട് കൂടി ആണ് ജോസഫ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം ശ്രദ്ധ നേടുന്നത്. ജോജുവിന്റെ പുതിയ മേക്ക് ഓവറും പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തി, ട്രെയ്‌ലറും, ടീസറും ഈ പ്രതീക്ഷയെ വാനോളം ഉയർത്തി. ഒടുവിൽ ചിത്രം തിയേറ്ററിൽ കണ്ടിറങ്ങിയപ്പോൾ എല്ലാ കാത്തിരിപ്പിന്റെയും പൂർണതയുടെ പരിസമാപ്തി ആയിരുന്നു എന്ന് വേണം പറയാൻ.

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ്. അദ്ദേഹത്തിന്റെ വിരസമായ, ഏകാന്തമായ, മദ്യത്തിൽ അഭയം പ്രാപിച്ച റിട്ടയേർഡ് ലൈഫ്. പ്രണയ നഷ്ടവും, തുടർന്നുള്ള വിവാഹവും പരാജയത്തിൽ കലാശിച്ചെങ്കിലും ജോസഫിന്റെ ഒഫീഷ്യൽ ജീവിതം അത്രമേൽ നിരര്‍ത്ഥകമല്ല. വിരമിച്ചിട്ടും സുപ്രധാനമായ പല കേസുകളിലും പോലീസ് ഇപ്പോഴും അദ്ദേഹത്തിന്റെ കൂർമബുദ്ധിയെയും, നിരീക്ഷണ പാടവത്തെയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ മദ്യവും, കഞ്ചാവും, സുഹൃത്തുക്കളുടെ സാന്നിധ്യവും ഇഷ്ടപ്പെടുന്ന ജോസഫ് ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇപ്പോഴും കേസുകൾ അന്വേഷിക്കാൻ ഇറങ്ങി പുറപ്പെടുന്നത്.

ഓരോ സീനിലും സീക്വന്‍സിലും ജോജു സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. കാമുകനായും ഭര്‍ത്താവായും അച്ഛനായുമൊക്കെയുള്ള ഭാവങ്ങള്‍ ജോജു അവിസ്മരണീയമാക്കി. ചിത്രത്തിൽ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള ‘ജോസഫി’ലേക്കുള്ള ജോജുവിന്‍റെ ട്രാൻസ്ഫോർമേഷൻ ഒരർത്ഥത്തിൽ സിനിമ ജീവീതത്തിലെ ജോജു ജോർജിന്റെ കൂടി ട്രാൻസ്ഫോർമേഷൻ ആണ്.

വില്ലന്റെ വലം കൈ കഥാപാത്രങ്ങൾ, പൂവാലനായ ലോക്കൽ ഗുണ്ടയുടെ കോമിക് കഥാപാത്രങ്ങളിൽ നിന്നും നരച്ചു നീണ്ട മീശയും താടിയും കണ്ണുകളിലെ തീക്ഷ്ണതയും നിറഞ്ഞ ആത്മസംഘർഷം അനുഭവിക്കുന്ന ജോസഫിലേക്കുള്ള ജോജുവിന്റെ പരകായ പ്രവേശം പ്രേക്ഷകന് ഒരേ സമയം അത്ഭുതവും, ഞെട്ടലുമുണ്ടാക്കുന്നുണ്ട്. വളരെയേറെ സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ തികഞ്ഞ പൂർണതയോടെ തന്നെ ജോജു അവതരിപ്പിച്ചിരിക്കുന്നു.

രണ്ട് നായികമാരും മകളും നഷ്ടപ്പെട്ട ജോസഫിന്‍റെ വാർധക്യജീവിതം വൈകാരികസംഘർഷങ്ങളുടെ യുദ്ധഭൂമിയാണ്. അതിഭാവുകത പ്രകടനങ്ങളോ, കണ്ണ് നീർ പുഴയോ ഇല്ലാതെ മിതത്വത്തോടെ ജോജു അത് കൈകാര്യം ചെയ്തിട്ടുണ്ട്. ജോസഫ് ആയി പകർന്നാട്ടം നടത്തിയിരിക്കുന്നു ജോജു തനിക്ക് വേണ്ടി മാത്രം തയ്യാറാക്കിയ വേഷം എന്ന് തോന്നിക്കുന്ന രീതിയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.

ജോജുവിനെ ഇത്തരമൊരു റോളിലേക്ക് കാസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകൻ എം. പത്മകുമാർ അഭിനന്ദനം അർഹിക്കുന്നുണ്ട്. വർഗം, വാസ്തവം, ശിക്കാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പത്മകുമാറിന്റെ ചിത്രങ്ങൾ സമീപ കാലത്ത് നിരാശയുണ്ടാക്കിയെങ്കിലും ഗംഭീര തിരിച്ചു വരവ് ആണ് അദ്ദേഹം ജോസഫിലൂടെ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും, പോലീസുദ്യോഗസ്ഥനുമായ ഷാഹി കബീർ റിയലിസ്റ്റിക്കും ആഴമേറിയതുമായ തലത്തിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ദിലീഷ് പോത്തന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

ആക്ഷൻ ഹീറോ ബിജുവിലും’, ‘ഉദാഹരണം സുജാതയിലും’, ‘രാമന്റെ ഏദൻതോട്ടത്തിലും, തനിക്ക് വില്ലൻ കഥാപാത്രങ്ങൾ മാത്രമല്ല ചേരുക എന്ന് തെളിയിച്ച ജോജു ‘ജോസഫി’ലൂടെ തന്നിലെ അഭിനേതാവിന്റെ ഏറ്റവും ശ്രദ്ധേയമായ വേഷം എന്ന പേര് സമ്പാദിക്കും എന്ന് തീർച്ച. ‘മാൻ വിത്ത് ദി സ്കാർസ്’ എന്നാണ് ജോസഫിന്റെ ടാഗ്‌ലൈൻ. ജോസഫിന്റെ മുറിവ് പക്ഷെ ശരീരത്തിലല്ല മനസ്സിലാണ്. അഭ്രപാളിയിൽ ജോജു ജോർജ് ജോസഫ് ആയി ജീവിച്ചു മരിച്ചപ്പോൾ തിയ്യേറ്റർ വിട്ടിറങ്ങിയിട്ടും ആ മുറിവിന്റെ വേദന പ്രേക്ഷക മനസ്സിലേക്ക് ഇപ്പോഴും പടർന്നു കയറികൊണ്ടിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍