UPDATES

സിനിമാ വാര്‍ത്തകള്‍

“കണ്ണേ കലൈമാനേ”….വിട: കമല്‍ ഹാസന്‍

ഭാരതിരാജയുടെ 16 വയതിനിലെ (1977), ബാലു മഹേന്ദ്രയുടെ മൂണ്‍ട്രാം പിറൈ (1982) തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഏറ്റവും ജനപ്രിയ താരജോഡികളായി ഇവര്‍ മാറി.

“എന്‍റെ ചെവിയില്‍ മൂണ്ട്രാം പിറൈയിലെ പാട്ടാണ്. കുട്ടിയായിരുന്നപ്പോള്‍ മുതലുള്ള ശ്രീദേവിയെ, അവരുടെ വളര്‍ച്ചയെ ഞാന്‍ കണ്ടതാണ്. അവരുടെ താരപദവി അര്‍ഹിച്ചത് തന്നെയായിരുന്നു. അവരോടൊത്ത് സന്തോഷകരമായ ഒരുപാട് നിമിഷങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. ഏറ്റവുമൊടുവില്‍ കണ്ടത് വരെ. അവരെ ഒരുപാട് മിസ് ചെയ്യും” – തമിഴിലും ഇംഗ്ലീഷിലുമായി കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ശ്രീദേവിയുടെ ആദ്യം നായകന്‍ രജനികാന്ത് ആയിരുന്നെങ്കിലും കമല്‍ഹാസനുമൊത്തുള്ള ശ്രീദേവിയുടെ കോമ്പിനേഷനുകളാണ് കൂടുതല്‍ ശ്രദ്ധേയമായത്. ശ്രീദേവി ആദ്യമായി നായികയായി അഭിനയിച്ച ചിത്രം കെ ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്ര് മുടിച്ച് ആയിരുന്നു. രജനികാന്തും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്രീദേവിയുടെ കഥാപാത്രത്തെ പ്രണയിക്കുന്നയാളായി അതിഥി വേഷത്തില്‍ കമല്‍ ഹാസനുമുണ്ടായിരുന്നു. പിന്നീട് ഭാരതിരാജയുടെ 16 വയതിനിലെ (1977), സിഗപ്പ് റോജാക്കള്‍ (1978), ബാലു മഹേന്ദ്രയുടെ മൂണ്‍ട്രാം പിറൈ (1982) തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഏറ്റവും ജനപ്രിയ താരജോഡികളായി ഇവര്‍ മാറി.

മീണ്ടും കോകില, കല്യാണ രാമന്‍, ഐവി ശശി സംവിധാനം ചെയ്ത ഗുരു (1980) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ ഒരുപോലെ കമല്‍ ഹാസന്‍ – ശ്രീദേവി ജോഡി ജനപ്രീതി പിടിച്ചുപട്ടി. മൂണ്‍ട്രാം പിറൈയുടെ ഹിന്ദി പതിപ്പായ സദ്മ ബോളിവുഡില്‍ വലിയ വിജയം നേടിയിരുന്നു. ഇളയരാജ സംഗീതം നല്‍കിയ മൂണ്‍ട്രാം പിറൈയിലെ “കണ്ണേ കലൈമാനേ” വലിയ ജനപ്രീതി നേടിയ ചലച്ചിത്ര ഗാനമാണ്.

കമല്‍ ഹാസനും ശ്രീദേവിയും ഒരുമിച്ച വാഴ്‌വേ മായത്തില്‍ ഗംഗൈ അമരന്‍ സംഗീതം നല്‍കിയ “നീലവാന ഓടയില്‍” എന്ന് തമിഴ് ഗാനം ശ്രദ്ധേയമാണ്. വാഴ്‌വേ മായം ‘പ്രേമാഭിഷേകം’ എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്ത് പുറത്തിറക്കിയപ്പോള്‍ “നീലവാല ചോനയില്‍ നീന്തിടുന്ന ചന്ദ്രികേ” എന്ന ഗാനം പൂവച്ചല്‍ ഖാദറിന്റെ രചനയില്‍ പിറന്നു. തമിഴില്‍ എസ് പി ബാലസുബ്രഹ്മണ്യവും മലയാളത്തില്‍ കെജെ യേശുദാസുമാണ് ഈ പാട്ട് പാടിയത്.

മലയാളത്തില്‍ കുറ്റവും ശിക്ഷയും (1976), സത്യവാന്‍ സാവിത്രി (1977) നിറകുടം (1977), ആദ്യ പാഠം (1977) തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. സത്യവാന്‍ സാവിത്രിയില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് ജി ദേവരാജന്‍ സംഗീതം നല്‍കിയ “ആഷാഢം മയങ്ങി നിന്‍ മുകില്‍ മേനിയില്‍” കമല്‍ ഹാസന്‍ ശ്രീദേവി ജോഡിയെ ദൃശ്യവത്കരിച്ച മറ്റൊരു ശ്രദ്ധേയ ഗാനമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍