UPDATES

സിനിമ

പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ച ഇത്തിക്കരപക്കി; അതിഥി വേഷങ്ങളിൽ തുടരുന്ന ലാൽ മാജിക്

വെറും തുച്ഛമായ നേരം കൊണ്ട് സിനിമയിൽ ഉടനീളം അഭിനയിച്ചു തകർത്ത സഹ താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കി മുഴുവൻ കയ്യടിയും നേടി കൊണ്ട് പോയ കഥാപാത്രമായിരുന്നു അത്.

Avatar

ഗിരീഷ്‌ പി

ഉത്സവാന്തരീക്ഷത്തിൽ നിവിൻപോളി–മോഹൻലാൽ–റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലെത്തി. സിനിമയ്ക്ക് ഇത് വരെ ആസ്വാദന കുറിപ്പെഴുതിയവരെല്ലാം ഒരു പോലെ അടിവരയിടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ‘ഇത്തിക്കരപക്കി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ എന്ന നടന്റെ മികവും, സ്ക്രീൻ പ്രസൻസും ആണ്.

ചിത്രത്തിൽ ഇരുപത് മിനുട്ടിൽ താഴെ മാത്രം പ്രത്യക്ഷപ്പെടുന്ന സൂപ്പർ താരത്തിന്റെ ഓരോ ചലനത്തിലും തിയേറ്ററുകൾ പൂരപ്പറമ്പാകുന്ന കാഴ്ചയായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ചുരുക്കത്തിൽ കായംകുളം കൊച്ചുണ്ണിയുടെ കഥ ആണെങ്കിലും പ്രേക്ഷകരുടെ ഹൃദയം മോഷ്ടിച്ചത് ഇത്തിക്കരപക്കി ആണെന്ന് നവമാധ്യമങ്ങളും പറയുന്നു.

1978 ൽ ഷൂട്ടിംഗ് പൂർത്തിയാക്കി സെൻസറിംഗ് വിഷയങ്ങൾ കൊണ്ട് റീലീസ് ചെയ്യാൻ കഴിയാതെ പോയ തിരനോട്ടം എന്ന ചിത്രത്തിൽ ചെറിയ ഒരു കഥാപാത്രം ആയി ആണ് മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് റീലീസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും 2005ൽ കൊല്ലം കുമാറിൽ സിനിമ റിലീസ് ചെയ്തു. 1980 -ൽ പുറത്തിറങ്ങിയ ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ഔദ്യോഗികമായി അഭിനയ ജീവിതത്തിന് ആരംഭം കുറിച്ച മോഹൻലാൽ ഇന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിൽ ഒരാൾ ആണ്.

അതിഥി വേഷങ്ങളിൽ എത്തി നായകനെ കവച്ചു വെക്കുന്ന പ്രകടനം പുറത്തെടുക്കുന്ന ലാൽ മാജിക് ഇതാദ്യമല്ല. 1989 ൽ രഞ്ജിത്ത് കഥയും തിരക്കഥയും എഴുതി കമൽ സംവിധാനം ചെയ്ത ജയറാം നായകനായ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലും മോഹൻലാലിന്റെ അഥിതി വേഷം ശ്രദ്ധേയമായിരുന്നു. സംവിധായകൻ കമലിന്റെ വാക്കുകൾ ഇങ്ങനെ “ചിത്രത്തിന്റെ ക്ലൈമാക്സില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ തിയറ്ററിലാകെ ഒരു നിശബ്ദതയും പിന്നീട് വലിയൊരു കയ്യടിയുമായിരുന്നു. മോഹന്‍ലാല്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു. തീര്‍ച്ചയായും മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെയാണ് ചിത്രം ഇത്രയും വിജയത്തിലെത്താന്‍ കാരണം.”

അടിച്ചുതളിക്കാരി ജാനുവിന്റെ മകന്‍ അച്ചു നായികയായ പാര്‍വ്വതിയെ കല്യാണം കഴിയ്ക്കാന്‍ എത്തുന്നതും നായികയെ ജയറാമിന് നായകന് തന്നെ നല്‍കി പോകുന്ന റോളായിരുന്നു ലാലിന് ചിത്രത്തില്‍. കഥയില്‍ ഉടനീളം പേര് പരമാര്‍ശിക്കുന്ന ശക്തമായ അതിഥി വേഷം മോഹൻലാലിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്നതിനപ്പുറം ചിത്രത്തിന്റെ വലിയ വിജയത്തിന് അതൊരു മുതൽക്കൂട്ട് ആവുകയും ചെയ്തു.

ആ വർഷത്തെ ഏറ്റവും കൂടുതൽ ഹിറ്റുകൾ നേടിയ നടനായ മോഹൻലാലിന്റെ സാന്നിധ്യമാണ് പെരുവണ്ണാപുരത്തിന്റെ സാമ്പത്തിക വിജയത്തിന്റെ മൂല കാരണമെന്ന് നിർമാതാവ് കെ ടി കുഞ്ഞുമോൻ വെളിപ്പെടുത്തുന്നുണ്ട്.

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ സമ്മർ ഇൻ ബത്ലഹേമിലെ നിരഞ്ജൻ എന്ന ജയിൽ പുള്ളിയുടെ റോൾ മോഹൻലാൽ എന്ന നടന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നാണെന്ന് പറയാം. രഞ്ജിത്ത് തന്നെയാണ് സമ്മർ ഇൻ ബത്ലഹേമിന് തിരക്കഥ തയ്യാറാക്കിരിയിരിക്കുന്നതും. ചിത്രത്തിലെ അവസാന രംഗങ്ങളിൽ ലാൽ നിരഞ്ജനായി വന്ന് ഏകദേശം 9 മിനിറ്റ് ദൈർഖ്യമുള്ള മാസ്മരിക പ്രകടനം ഇന്നും സിനിമ പ്രേമികളുടെ പ്രിയപ്പെട്ടതാണ്.

സംവിധായകൻ സിബി മലയിൽ പറയുന്നു, “സമ്മർ ഇൻ ബത്‌ലഹേം കഥാപാത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിരഞ്ജൻ എന്ന കഥാപാത്രമായിരുന്നു അണിയറപ്രവർത്തകരുടെ വലിയൊരു വേവലാതി. ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണസമയത്തു വലിയ ചര്‍ച്ചയായി. രണ്ടു സീന്‍ മാത്രമാണ് ഉള്ളതെങ്കിലും ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജന്‍. ഒരു അസാധാരണ നടന്‍ തന്നെ അതു ചെയ്യണമെന്ന് സിബി മലയിലിന് ആഗ്രഹമുണ്ടായിരുന്നു. ആ ചർച്ച അവസാനിച്ചത് ‘മോഹൻലാൽ’ എന്ന പേരിനു മുന്നിലാണ്.”

വെറും തുച്ഛമായ നേരം കൊണ്ട് സിനിമയിൽ ഉടനീളം അഭിനയിച്ചു തകർത്ത സഹ താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കി മുഴുവൻ കയ്യടിയും നേടി കൊണ്ട് പോയ കഥാപാത്രമായിരുന്നു അത്.

സിനിമയുടെ റിലീസിന്റെ അന്നുപോലും മോഹൻലാലിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ രഹസ്യമാക്കിവച്ചു. പോസ്റ്ററുകളിലൊന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ സ്‌ക്രീനിൽ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചെന്നും ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ തനിക്കു പോലും ഒരു പുതുമ തോന്നാറുണ്ടെന്നും സിബി മലയിൽ പറയുന്നു. ഇന്ന് ചിന്തിക്കുമ്പോൾ ലാൽ അല്ലാതെ മറ്റൊരാളെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്ന് തിരക്കഥാകൃത് രഞ്ജിത്തും തർക്കമില്ലാതെ സമ്മതിക്കുന്നു.

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഫൺ എന്റർട്രെയ്നർ മനു അങ്കിൾ എന്ന ചിത്രത്തിൽ മോഹൻലാൽ സ്വന്തം പേരിൽ തന്നെയാണ് അഭിനയിച്ചു കയ്യടി നേടിയത്. മോഹൻലാൽ എന്ന നടന്റെ പ്രസരിപ്പ് മുഴുവൻ കുറച്ചു നേരം കൊണ്ട് ഒപ്പിയെടുക്കാൻ കഴിഞ്ഞ കഥാപാത്രം ആയിരുന്നു മനു അങ്കിളിലേത്. ആൾക്കൂട്ടത്തിൽ തനിയെ, അച്ഛനെയാണെനിക്കിഷ്ട്ടം, ഉന്നതങ്ങളിൽ തുടങ്ങി മകന്‍ പ്രണവ് അഭിനയിച്ച ആദിയിലും മോഹന്‍ലാല്‍ എത്തി. ഇങ്ങനെ ലാല്‍ മാജിക് കൊണ്ട് ശ്രദ്ധേയമായ ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട് മലയാളത്തില്‍.

ഒരേയൊരു കൊച്ചുണ്ണി, പല കഥകള്‍; വളച്ചൊടിക്കപ്പെട്ട കായംകുളം കൊച്ചുണ്ണിയുടെ ചരിത്രം

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍