UPDATES

സിനിമ

പ്രേതം -2; വരിക്കാശ്ശേരി മന മാത്രം മതിയോ സിനിമ നന്നാവാന്‍?

ഡ്രീംസ് ആൻഡ് ബിയോണ്ട് എന്ന നിർമ്മാണകമ്പനിയും പുണ്യാളൻ സിനിമയെന്ന വിതരണക്കമ്പനിയുമൊക്കെ പിരിച്ചുവിടുന്നതാവും രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ വളർച്ചക്ക് നല്ലതെന്ന് തോന്നുന്നു.

ശൈലന്‍

ശൈലന്‍

ആദിമപുരാതനകാലം മുതൽ തന്നെ പ്രേത സിനിമകളിൽ കാണിക്കുന്ന സ്ഥിരം ഐറ്റംസ് ഒരു മെന്റലിസ്റ്റിന്റെ പിൻബലത്തോടെ സോഷ്യൽ മീഡിയയുടെ പശ്ചാത്തലവും ഫിറ്റ് ചെയ്ത് അവതരിപ്പിക്കുകയാണ് പ്രേതം- 2വിലൂടെ ജയസൂര്യയും രഞ്ജിത്ത് ശങ്കറും.

പ്രേതം ഒന്ന് കണ്ടവരെ സംബന്ധിച്ച് സീക്വലിൽ കിട്ടുന്ന പുതുമ ഏകദേശം സീറോ ആയിരിക്കും. വൈപ്പിൻ കരയിലെ 36പാം റെസ്റ്റോറന്റിലായിരുന്ന ലൊക്കേഷൻ ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിലേക്ക് മാറ്റി എന്നത് എടുത്തു പറയാവുന്ന ഏക വ്യത്യാസം. അജു വർഗീസിനും ഷറഫുദ്ദീനും പകരം കുറച്ചുകൂടി ലോ പ്രൊഫൈലിൽ ഉള്ള ഒരു ടീമിനെ പ്രേതബാധ ഏൽക്കാനായി നിയമിച്ചു എന്നതും വെറൈറ്റി ആണ്

ലോ പ്രൊഫൈൽ കാസ്റ്റിംഗ് ആണ് എന്നുപറഞ്ഞാൽ ലോ ബഡ്ജറ്റിൽ മലയാളം പ്രേക്ഷകരെ ചാക്കിലാക്കുന്ന കലയിൽ രഞ്ജിത് ശങ്കർ -ജയസൂര്യ ടീം പൂർവാധികം ഭംഗിയായി മുന്നേറുന്നു എന്നുതന്നെയാണ് അർത്ഥം. ഒന്നേ മുക്കാൽ ലൊക്കേഷനിലാണ് രണ്ടര മണിക്കൂർ പടം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ഫെയ്ക്ക് അക്കൗണ്ടുകൾ തിങ്ങിനിറഞ്ഞ സിനിമാപ്രാന്തന്മാരുടെ എഫ്ബി ഗ്രൂപ്പിൽ നിന്നും ഷോർട്ട് ഫിലിം പിടിക്കാൻ വരിക്കാശേരി മനയിൽ എത്തുന്നതോടെ ആണ് പ്രേതം-2വിന്റെ അരങ്ങൊരുങ്ങുന്നത്. സിദ്ധാർത്ഥ് ശിവ, അമിത്, ഡ്വൈൻ, സാനിയ, ദുർഗകൃഷ്ണ എന്നിവരാണ് ഷോർട്ട്ഫിലിം നിർമ്മാണസംഘം. മനയിലെ കാര്യസ്ഥൻ ആയി ജയരാജ് വാര്യരും സാനിയയുടെ അമ്മാവനായി മണികണ്ഠൻ പട്ടാമ്പിയുമുണ്ട്. മനയിൽ കായകല്പചികിൽസക്ക് എത്തിയിരിക്കുന്ന ജോൺ ബോസ്കോ എന്ന നമ്മുടെ നായകൻ ആൾറെഡി അവിടെ ഉണ്ട്. സ്വാഭാവികമായും ലൊക്കേഷനിൽ പ്രേതത്തിന്റെ അഭ്യാസങ്ങൾ തുടങ്ങും.

ജയസൂര്യയുടെ ജോൺ ഡോൺ ബോസ്കോ തന്നെയാണ് പ്രേതത്തിൽ എന്ന പോൽ പ്രേതം- 2വിലും ഹൈലൈറ്റ് . മൊട്ടയും താടിയും കോസ്റ്റ്യൂമും എല്ലാം കൂടിച്ചേരുമ്പോളുള്ള ജോൺ ബോസ്കോയുടെ കിടു ഗെറ്റപ്പ് തന്നെ സിനിമയുടെ നട്ടെല്ലും. എത്ര ദുരൂഹമായ കാര്യങ്ങൾ ചെയ്യുമ്പോഴും ഇങ്ങേർക്കിതൊക്കെ കഴിയും എന്നൊരു പ്രതീതി ഉണ്ടാക്കാൻ ആ മെയ്ക്കോവർ സഹായിക്കുന്നുണ്ട്. കെട്ടുറപ്പുള്ള സ്ക്രിപ്റ്റും കുറച്ചു കൂടുതൽ ബഡ്ജറ്റുമൊക്കെ വച്ച് ഈ സീരീസിൽ പെട്ട അടുത്ത ഇൻസ്റ്റാൾമെന്റ് പടം പ്ലാൻ ചെയ്യാനുള്ള കെൽപ് ഉണ്ട് ആ ക്യാരക്റ്ററിന്.

എന്നാൽ അജുവർഗീസും ഷറഫുദ്ദീനും ഗോവിന്ദ് പദ്മസൂര്യയും ചേർന്ന് സമ്പന്നമാക്കിയ കോമഡിയുടെയും കൗണ്ടർ ഡയലോഗുകളുടെയും സെക്ഷൻ ഇത്തവണ ശുഷ്കമാണ്. മീശയും വിഗ്ഗും വച്ച സിദ്ധാർത്ഥ് ശിവ മംഗലശേരി നീലകണ്ഠനായി അഴിഞ്ഞാടാൻ ശ്രമിക്കുന്നുണ്ട്. അമിത് ചക്കാലക്കലും ഡ്വൈൻ ഡേവിഡും രഞ്ജിത് ശങ്കറിനോട് കടപ്പാടുള്ളവരാകും. ഫെമിനിസത്തെക്കുറിച്ച് പറയുമ്പോൾ ചാളയാവുമല്ലേ ഇഷ്ടഭക്ഷണം എന്ന് ചോദിക്കുന്നതൊക്കെ അരോചകമായ കൗണ്ടർ ആണ്.

ക്വീനിലെ നായികയായി വന്ന സാനിയ ഇയ്യപ്പൻ ബോഡി ഫ്ലെക്സിബിലിറ്റി കാണിച്ച് കയ്യടി വാങ്ങുന്നുണ്ട്. ദുർഗാകൃഷ്ണയ്ക്ക് കുലസ്ത്രീ മെയ്ക്കപ്പിൽ ഷോർട്ട്ഫിലിമിന് വേണ്ടി അണിഞ്ഞൊരുങ്ങി നടക്കാൻ മാത്രമേ യോഗമുണ്ടായുള്ളൂ..

പോലീസ് ഓഫീസറായ മുത്തുമണിയും മെന്റലിസ്റ്റും ചേർന്ന് ഒടുവിൽ കുറ്റവാളിയെ കണ്ടെത്താൻ നടത്തുന്ന അഭ്യാസ പ്രകടങ്ങളെല്ലാം ഒരുപരിധി വരെ ബോറാണെങ്കിലും വറൈറ്റിയാണെന്ന് പറഞ്ഞു കണ്ടിരിക്കുകയേ നിർവാഹമുള്ളൂ.. വൃത്തിക്കും മെനയ്ക്കും ചെയ്താൽ ഇനിയും സാധ്യത ഉള്ള ഒരു ക്യാരക്റ്റർ ആണ് ജോൺ ബോസ്കോയുടേത് എന്നുപറഞ്ഞാൽ, ഇങ്ങനെ ചെയ്തിട്ട് തന്നെ ആളു കേറുന്നുണ്ടല്ലോ എന്നാവും രഞ്ജിത് ശങ്കരിന്റെ മറുപടി.

ഡ്രീംസ് ആൻഡ് ബിയോണ്ട് എന്ന നിർമ്മാണകമ്പനിയും പുണ്യാളൻ സിനിമയെന്ന വിതരണക്കമ്പനിയുമൊക്കെ പിരിച്ചുവിടുന്നതാവും രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ വളർച്ചക്ക് നല്ലതെന്ന് തോന്നുന്നു.

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍