UPDATES

സിനിമ

എല്ലാവര്‍ക്കും വേണ്ടതെല്ലാം കിട്ടിയെങ്കില്‍ നമുക്ക് രണ്ടാമൂഴത്തെ വെറുതെ വിടാം

തൊണ്ണൂറുകളുടെ മദ്ധ്യത്തിലായിരുന്നു രണ്ടാമൂഴം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ കേട്ട് തുടങ്ങിയത്

ഷൈന്‍

ഷൈന്‍

“1977 നവംബറില്‍ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലംകൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്ക്കു നന്ദി.”
-എംടി.

തൊണ്ണൂറുകളുടെ മദ്ധ്യത്തിലായിരുന്നു രണ്ടാമൂഴം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ (ഞാന്‍) കേട്ട് തുടങ്ങിയത്. അന്ന് ചില സിനിമ പ്രസിദ്ധീകരണങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട എഴുത്തുകള്‍ കണ്ടിരുന്നു. പിന്നീട് 2011ല്‍ ഹരിഹരന്‍-എംടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പ്രോജക്ട് അനൗണ്‍സ് ചെയ്തു. അത് നടന്നില്ല. 2017ല്‍ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം അനൗണ്‍സ് ചെയ്യുന്നു. ഇപ്പോ അതും നടക്കുന്ന ലക്ഷണമില്ല.

ഈ കളിയില്‍ ഒരോരുത്തര്‍ക്കും എന്താണ് ലാഭമെന്ന് നോക്കാം.

ബിആര്‍ ഷെട്ടി

യുഎഇ എക്‌സചെയിഞ്ചിന്റെ അടക്കം നിരവധി മിഡില്‍ ഈസ്റ്റ് കമ്പനികളുടെ ചെയര്‍മാനാണ് ബിആര്‍ ഷെട്ടി. രണ്ടാമൂഴത്തിന് ഷെട്ടി 1000 കോടി ഇറക്കിയാല്‍ ചുരുങ്ങിയത് പതിനായിരം കോടി എങ്കിലും ലാഭമെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. അതൊരു ബിസിനസുകാരന്റെ കണ്ണാണ്.

ദുബായില്‍ നടക്കാന്‍ പോകുന്ന എക്‌സ്‌പോ 2020യിലാണ് ഷെട്ടിയുടെ കണ്ണ്. ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തില്‍ 2020-ല്‍ ദുബായില്‍ നടക്കാന്‍ പോകുന്ന അന്തര്‍ദേശീയ എക്‌സിബിഷനാണ് എക്‌സ്‌പോ 2020. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്‌സിബിഷനില്‍ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ വാക്കുകളില്‍ മനുഷ്യപ്രയത്‌നങ്ങളുടെ ഒരു പ്രദര്‍ശന വേദിയാണീ അന്തര്‍ദേശീയ എക്‌സ്‌പോ.

2013ല്‍ എക്‌സപോ വേദിയായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടത് രാജ്യം ഉത്സവം പോലെ കൊണ്ടാടിയിരുന്നു. പിറ്റെദിവസം ദുബായ് സര്‍ക്കാര്‍ എമിറേറ്റ്‌സിന് പുര്‍ണ അവധി പോലും കൊടുത്തു. അത്രയുണ്ട് എക്‌സ്‌പോയുടെ പ്രാധാന്യം. എക്‌സ്‌പോയിലൂടെ ദുബായിയെ ലോക സാമ്പത്തിക ഭൂപടത്തിന്റെ തലസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലോകത്തെ ഏറ്റവും ചെലവേറിയ ഇംഗ്ലീഷ് ഇതര ചിത്രമായിട്ടാണ് രണ്ടാമൂഴം പ്രോജക്ട് ചെയ്യപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും ചെലവെറിയ ചിത്രമായും. 2020ല്‍, എക്‌സ്‌പോയുടെ സമയത്ത്, ചിത്രം പുറത്തിറങ്ങിയാല്‍ ദുബായ് സര്‍ക്കാരിന്റെ കണ്ണില്‍ ബിആര്‍ ഷെട്ടി ഏറ്റവും പ്രമോട്ടബിള്‍ ബിസിനസ് ലീഡര്‍ ആയി മാറും. അതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ 1000 കോടിയുടെ പതിന്മടങ്ങ് വരും.

ഈ ബ്രാന്‍ഡ് പൊസിഷനിങ്ങിന് പിന്നിലും ശ്രീകുമാര്‍ മേനോന്‍ ആകാനാണ് സാധ്യത. ഇനി മേനോന്‍ ഇല്ലെങ്കിലും മഹാഭാരതം പിടിക്കുമെന്ന് ഷെട്ടി പറയുന്നത് ഇതുകൊണ്ടാണ്. പടം ആരെഴുതിയാലും ആര് സംവിധാനം ചെയ്താലും സാരമില്ല, 2020ല്‍ ഇറങ്ങണം.

ശ്രീകുമാര്‍ മേനോന്‍

23 കോടി വിറ്റുവരവുണ്ടായിരുന്ന കല്യാണ്‍ ജ്വല്ലറിയെ 8 വര്‍ഷം കൊണ്ട് 8000 കോടിയില്‍ എത്തിച്ചതിന് പിന്നില്‍ പുഷ് ശ്രീകുമാര്‍ മേനോന്റെ കഴിവാണ്. ഒരു ബിഐഎസ് മുദ്ര ചുണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, വിശ്വാസം അതല്ലേ എല്ലം. ബ്രാന്‍ഡിങ്ങിന്റെ ഹൃദയം വിശ്വാസമാണ്. നിങ്ങള്‍ ആരെ വിശ്വസിക്കുന്നോ അവരില്‍ നിന്ന് നിങ്ങള്‍ എന്തും വാങ്ങും. കല്യാണ്‍, മനോരമ തുടങ്ങി നമ്മള്‍ ഏറ്റുപിടിച്ച പല വമ്പന്‍ പരസ്യങ്ങളും ഇദ്ദേഹമുണ്ടാക്കിയതായിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് പേഴ്‌സണല്‍ ബ്രാന്‍ഡിന്റെ ആവശ്യകതയെകുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, സച്ചിന്‍, ചിരഞ്ജീവി തുടങ്ങിയ ഇന്ത്യയിലെ അതിപ്രശസ്തരുടെ പേഴ്‌സണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റായിരുന്നു ശ്രീകുമാര്‍.

തന്നെ ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍, തന്നില്‍ വിശ്വാസമുണ്ടാക്കാന്‍ മേനോന്‍ തെരഞ്ഞെടുത്ത വഴിയായിരുന്നു രണ്ടാമൂഴം. ഏറ്റവുമധികം മലയാളികള്‍ വായിച്ച സീരിയസ് നോവല്‍. അത് സിനിമയായി കാണാനുള്ള എംടിയുടെ ആഗ്രഹം, ഭീമനാകാനുള്ള ലാലിന്റെ മോഹം. എല്ലാം മേനോന് അനുകൂലമായി.

2016 മുതലാണ് ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴം ചര്‍ച്ച കേട്ടു തുടങ്ങിയിരുന്നു. എങ്കിലും രണ്ടാമൂഴം ഔദ്യോഗികമായി അനൗന്‍സ് ചെയ്യുന്നത് മോഹന്‍ലാണ് -2017ല്‍. പുഷ് ശ്രീകുമാര്‍ അതോടെ മലയാളിക്ക് ശ്രീകുമാര്‍ മേനോനായി. ആദ്യം കേട്ട പേരുകളില്‍ പലതും ഇപ്പോഴില്ല. എആര്‍ റഹ്മാന്‍, നാഗാര്‍ജുന, വിക്രം, പ്രഭു തുടങ്ങി പലരും. അന്ന് 600 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

അതേ വര്‍ഷം ഏപ്രിലില്‍ ഒടിയന്‍ അനൗണ്‍സ് ചെയ്യുന്നു. അപ്പോഴേക്കും ശ്രീകുമാര്‍ മേനോനന്റെ ബ്രാന്‍ഡ് പൊസിഷനിങ് ഏറെക്കുറെ പൂര്‍ണമായി കഴിഞ്ഞിരുന്നു. എംടിയും മോഹന്‍ലാലും വിശ്വസിക്കുന്ന, 600 കോടിയുടെ സിനിമ എടുക്കാന്‍ ക്വാളിറ്റിയും ക്രിയേറ്റിവിറ്റിയും ഉള്ള സംവിധായകന്‍. അതിനു പുറമേ അദ്ദേഹത്തിന്റെ പരസ്യചിത്രങ്ങളുടെ ക്വാളിറ്റിയും ജനങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചു.

അങ്ങനെ ഒരു സിനിമ പോലും ചെയ്യാതെ ശ്രീകുമാര്‍ മേനോന്‍ മലയാളത്തിലെ മോസ്റ്റ്‌ അവൈറ്റഡ് ഫിലിം മേക്കര്‍ ആയി. ഹാറ്റ്‌സ് ഓഫ്.

എംടി

കൃഷ്ണദ്വൈപായനന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞുവെച്ച നിശ്ബദകളില്‍ നിന്നാണ് എംടിയുടെ ഭീമന്‍ ജനിക്കുന്നത്. കാമമോഹ വൈരാഗ്യങ്ങള്‍ മറച്ചുപിടിക്കേണ്ട ബാദ്ധ്യതയില്ലാത്ത പ്രാകൃതനായ യോദ്ധാവ്. പശ്ചാത്തലമായി എന്നും എംടിയുടെ പ്രിയ വിഷയങ്ങളായ ശിഥില കുടുംബബന്ധങ്ങളും അവയ്ക്കിടയില്‍പെട്ട അസ്ഥിത്വദുഃഖം പേറുന്ന മനുഷ്യരും. മലയാളത്തില്‍ അധികം പരിചതമല്ലായിരുന്ന റിവിഷനിസത്തിന്റെ തുടക്കം രണ്ടാമൂഴത്തിലൂടെ ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. പക്ഷേ രണ്ടാമൂഴം സിനിമയ്ക്ക് പറ്റിയ കഥ അല്ല എന്ന് എംടിയെങ്കിലും തിരിച്ചറിയണം.

രണ്ടാമൂഴത്തിന്റെ ഘടന സിനിമയ്്ക്ക് അനുയോജ്യമല്ല. outward to inward (പുറത്തുനിന്ന് അകത്തേക്ക്) എന്ന രീതിയിലാണ് രണ്ടാമൂഴത്തിലെ കഥ പറച്ചില്‍. മറ്റുള്ള വ്യക്തികളുമായിട്ടല്ല ഭീമന്റെ എറ്റവും വലിയ പോരാട്ടം. സാഹചര്യങ്ങളും വ്യക്തികളും ഭീമന്റെയുള്ളില്‍ സംഘര്‍ഷം ഉളവാക്കുമ്പോള്‍ ഒപ്പം നമ്മളും നീറിപ്പുകയാന്‍ കാരണം എംടിയുടെ ശക്തമായ എഴുത്താണ്. കഥാപാത്രവുമായി empathy ഉണ്ടാക്കാന്‍ ഏറ്റവും സഹായകരമാകുന്ന outward to inward ശൈലി ഇവിടെ ഗുണം ചെയ്യുന്നു. സിനിമയില്‍ ഇത് നടക്കില്ല. അവിടെ ലൗഡ് ആയി വേണം ക്യാരക്ടര്‍ ബില്‍ഡിങ് നടത്താന്‍. അതുകൊണ്ടാണ് ചന്തുവിന് തന്നെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് അലറി വിളിക്കേണ്ടി വരുന്നത്. ഭീമന് അതാവില്ല.

എല്ലാവര്‍ക്കും വേണ്ടതെല്ലാം കിട്ടിയെങ്കില്‍ നമുക്ക് രണ്ടാമൂഴത്തെ വെറുതെ വിടാം, ഭീമനും വിശോകനും ബലന്ധരയുമൊക്കെ മനസിലാണ് നിറയേണ്ടത്, തിരശീലയില്‍ അല്ല.

എംടിയെ നമുക്കു വീണ്ടും വാഴ്ത്താം.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോഹന്‍ലാല്‍ ഭീമനാകുന്നതില്‍ എന്താണ് പ്രശ്നം?

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

രണ്ടാമൂഴം: ശ്രീകുമാർ മേനോനുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് ആവർത്തിച്ച് എം ടി, സിനിമയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരും

ഷൈന്‍

ഷൈന്‍

ബ്രാന്‍ഡ് കള്‍സള്‍ട്ടന്‍റ് ആയി പ്രവര്‍ത്തിക്കുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍