മേഴ്‌സലിന് ശേഷം വിജയ് ചിത്രം ആയി തിയ്യേറ്ററിൽ സർക്കാർ എത്തുമ്പോൾ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ മാനം കൈ വരുന്നു.
ആഘോഷാരവങ്ങളുടെ ‘സർക്കാർ’ കാലം ആയിരുന്നു ദീപാവലിക്ക് വിജയ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ബോക്സ് ഓഫീസിൽ ചിത്രം വിജയകരമായി മുന്നേറുന്നതിനേക്കാൾ വിവാദങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. വിജയിയുടെ മുൻ ചിത്രം ‘മേഴ്‌സൽ’ എൻ ഡി എ സർക്കാരിനെയാണ് ചൊടിപ്പിച്ചതെങ്കിൽ ‘സർക്കാരി’ലെ ചില രംഗങ്ങൾ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയെ ആണ് പ്രകോപിപ്പിച്ചിരിക്കുന്നത്.
സർക്കാർ പ്രേക്ഷകരോട് പറയുന്നത്
സ്വയം ഒരു കോർപറേറ്റ് ക്രിമിനൽ ആയി വിശേഷിപ്പിക്കുന്ന വിജയിയുടെ സുന്ദർ രാമസ്വാമി എന്ന കഥാപാത്രം കള്ള വോട്ടുകൾക്കെതിരെ കോടതിയെ സമീപിച്ച് വിധി നേടിയെടുക്കുകയും, തമിഴ്നാട്ടിലെ ജീര്‍ണിച്ച മക്കള്‍ രാഷ്ട്രീയത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നതോടെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ ചിത്രം ചോദ്യം ചെയ്യുന്നു. പുതിയ ഒരു തമിഴ്നാട് എന്ന് തന്നെയാണ് നായക കഥാപാത്രം ചിത്രത്തിലൂടെ ആവശ്യപ്പെടുന്നത്.
തമിഴ് രാഷ്ട്രീയത്തെ കീറിമുറിച്ചാണ് പല കാര്യങ്ങളും സർക്കാരിൽ അവതരിപ്പിക്കുന്നത്. വോട്ടിന് വേണ്ടി ടിവിയും ലാപ്‌ടോപ്പും സൗജന്യമായി നൽകി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ മുതൽ തിരുനൽവേലി കളക്ടറേറ്റിന് മുന്നിൽ നാലംഗ കുടുംബം തീ കൊളുത്തി മരിച്ചതു വരെ ചിത്രത്തിൽ പ്രതിപാദിക്കുന്നു.
തമിഴ് നാട്ടിലെ രാഷ്ട്രീയ വ്യവസ്ഥ മാറേണ്ടതുണ്ടെന്ന് ചിത്രത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. ശിവാജി ഗണേശന്റെ ഇലക്ഷൻ ക്യാമ്പയിനിൽ നിന്നും ഉരുത്തിരിഞ്ഞതാണ് സർക്കാരിന്റെ കഥാതന്തുവെന്ന് മുരുഗദോസ് തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.തമിഴ് രാഷ്ട്രീയ വ്യവസ്ഥകൾ മാറണമെന്ന് തന്നെയാണ് വിജയും മുരുഗദോസും സർക്കാരിലൂടെ പറയുന്നത്. മെർസലിൽ വിവാദമുണ്ടാക്കിയത് ഒരു ചെറിയ ഭാഗമാണെങ്കിൽ സർക്കാരിൽ രണ്ടരമണിക്കൂറിലുടനീളം സമകാലീക തമിഴ്നാട് രാഷ്ട്രീയം ചർച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ മരണം, ജെല്ലിക്കെട്ട്, കള്ള വോട്ട്, ജാതി രാഷ്ട്രീയം തുടങ്ങിയ ചുരുക്കം ചില ഉദാഹരങ്ങളാണ്.
മേഴ്‌സലും സർക്കാരും വിജയിയുടെ രാഷ്ട്രീയ പ്രവേശനവും
രാജ്യം ഏറ്റവും ആകാക്ഷയോടെ കാതോർക്കുന്ന മേഖലയാണ് ദ്രാവിഡ രാഷ്ട്രീയം. തമിഴ്നാട്ടിലെ ഓരോ ചെറിയ രാഷ്ട്രീയ നീക്കവും ദേശീയ തലത്തിൽ വാർത്തകളാണ്. ജയലളിതയില്‍ സമ്പൂര്‍ണ്ണവിധേയത്വമുള്ള എഐഡിഎംകെ അവരുടെ മരണാനന്തരം ഏറെ താമസിയാതെ പിളര്‍പ്പിലേക്കും അധികാര തര്‍ക്കത്തിലേക്കുമെത്തിയത് വലിയ ഞെട്ടലുണ്ടാക്കിയില്ല. മറുവശത്ത് കരുണാനിധി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച എം കെ സ്റ്റാലിന്‍ നിലവിലെ ദയനീയ കക്ഷിനിലയില്‍ നിന്ന് ഡിഎംകെ അട്ടിമറിനേട്ടത്തിലെത്തിക്കുമെന്ന പ്രതീക്ഷയും രാഷ്ട്രീയ നിരീക്ഷകരിലുണ്ടായില്ല. ഇവിടെയാണ് രജനീകാന്തിന്റെയും കമല്‍ഹാസന്റെയും അജിത്തിന്റെയും വിജയ്‌യുടെയും രാഷ്ട്രീയ പ്രവേശനം പ്രാധാന്യമര്‍ഹിക്കുന്നത്.
സിനിമകളിലെ കല്‍പ്പിതകഥകളിലൂടെ സാധിച്ചെടുക്കുന്നത് കക്ഷിരാഷ്ട്രീയത്തിലൂടെ ആവര്‍ത്തിക്കാനാകുമെന്ന് ബോധ്യപ്പെടുത്തിയ രാഷ്ട്രീയ ഭൂമികയാണ് തമിഴകം. എം ജി രാമചന്ദ്രൻ, ജയലളിത, വിജയകാന്ത്, ശരത്‌കുമാർ അങ്ങനെ ഒട്ടനവധി ഉദാഹരങ്ങൾ ആ ബോധ്യത്തിന്റെ ബാക്കി പത്രമാണ്.
രണ്ട് ദശാബ്ദത്തോളമായി തമിഴ് സിനിമയിലെ അവിഭാജ്യ ഘടകവും, ഏറ്റവും ശക്തനായ ക്രൗഡ് പുള്ളറുമാണ് വിജയ്. റൊമാന്റിക്ക് – കോമഡി ജോണർ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ചുവടുറപ്പിച്ച വിജയ് രണ്ടായിരം ആണ്ടോടെ തന്റെ കഥാപാത്ര തെരഞ്ഞെടുപ്പിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി തുടങ്ങി. 2003ല്‍ പുറത്തിറങ്ങിയ തിരുമലൈ മികച്ച വിജയം നേടി. പിന്നീട് ഇറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാ ചരിത്രം തന്നെ തിരുത്തി എഴുതിയ വിജയമാണ് നേടിയത്. അപ്പോഴേക്കും തമിഴ് സിനിമ ലോകം വിജയ്ക്ക് ഒരു പേരും സമ്മാനിച്ചു ‘ഇളയ ദളപതി’.
സിനിമ ലോകം സമ്മാനിച്ച സ്ഥാനപ്പേരിനോട് നീതി പുലർത്താൻ ആയിരുന്നു വിജയ് പിന്നീട് ശ്രമിച്ചത്. രജനികാന്തിനെ തമിഴ് സിനിമയുടെ ദളപതി ആക്കിയ അതെ ജോണർ സിനിമകളിൽ മാത്രം വിജയ് ശ്രദ്ധയൂന്നി, മറുവശത്ത് സമകാലികരായ സൂര്യയും, വിക്രമും എല്ലാം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ തേടി പോയപ്പോൾ വിജയ് ലാർജർ ദാൻ ലൈഫ് കാരക്റ്ററുകളിൽ മാത്രം അഭയം കണ്ടു. തുടരെ ചിത്രങ്ങൾ പരാജയപ്പെട്ടിട്ടും ആ ഫോര്‍മുലയിൽ നിന്ന് വഴി മാറി സഞ്ചരിക്കാൻ വിജയ് തയ്യാറായില്ല.
2017 വിജയ് എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വർഷമായിരുന്നു. മെർസൽ എന്ന എക്കാലത്തെയും വമ്പൻ ഹിറ്റൊരുക്കി ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കാൻ വിജയ്ക്ക് സാധിച്ചു. രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയ വിജയ് എന്ന താരത്തെയാണ് 2017ൽ കണ്ടത്. പ്രത്യക്ഷമായി സംഘപരിവാർ നിലപാടുകൾ വിജയ്ക്കെതിരെ രംഗത്തെത്തി. അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന വിജയ്യുടെ ക്രിസ്ത്യൻ ഐഡന്‍റിറ്റിയെപ്പോലും കുത്തിപ്പൊക്കാൻ അവർക്ക് കഴിഞ്ഞു.
ബി ജെ പി സര്‍ക്കാരിന്റെ അഭിമാന പരിഷ്‌കാരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന ഡിജിറ്റല്‍ ഇന്ത്യയും ജിഎസ്ടിയും മേഴ്‌സലിൽ വിമര്‍ശിക്കപ്പെട്ടതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് ബിജെപിയുടെ തമിഴ്‌നാട് ഘടകം അധ്യക്ഷ തമിളിസൈ സൗന്ദരരാജനും, ദേശീയ സെക്രട്ടറി എച്ച് രാജയും പിന്നീട് വിശദീകരിച്ചത്. ഒരു മാസ് മസാലാ സിനിമയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ വിമര്‍ശിക്കപ്പെട്ടതില്‍ അല്ല മറിച്ച് തമിഴകത്തെ ഏറ്റവും ജനപ്രിയതയുള്ള താരത്തിലൂടെ വിമര്‍ശനം നേരിടേണ്ടി വന്നതിലായിരുന്നു ബിജെപിയുടെ പരിഭ്രാന്തി. തിയറ്ററുകളില്‍ ഈ സംഭാഷണങ്ങള്‍ നിറകയ്യടിയോടെ ആഘോഷിക്കപ്പെട്ടപ്പോള്‍ തമിഴ് മണ്ണില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഉയര്‍ത്താനിരുന്ന ‘വികസന മുദ്രാവാക്യങ്ങള്‍’ഈ സംഭാഷണത്തിന് കയ്യടിച്ച അതേ ജനക്കൂട്ടം തള്ളിക്കളയുമെന്ന് ബിജെപി ഭയന്നു. സംഘപരിവാറിന്റെ ഭീഷണിയും, നിരോധന ലൊട്ടു ലൊടുക്കും വിജയിയെയോ തമിഴ് സിനിമ ലോകത്തിനെയോ സ്പർശിക്കാൻ ആയില്ല. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി.
മേഴ്‌സലിന് ശേഷം വിജയ് ചിത്രം ആയി തിയേറ്ററിൽ ‘സർക്കാർ’ എത്തുമ്പോൾ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ മാനം കൈവരുന്നു. ഡൽഹിയിൽ കെജ്‌രിവാൾ വിജയകരമായി പരീക്ഷിച്ച ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ സൂചന സർക്കാരിൽ വിജയ് നൽകുന്നുണ്ട്. തമിഴ് നാട്ടിലെ ഡി എം കെ – എ ഡി എം കെ കക്ഷികളാൽ ജനം മടുത്തിരിക്കായാണെന്നും ഒരു മാറ്റം ജനത ആഗ്രഹിക്കുന്നുണ്ടെന്നും ചിത്രം യാതൊരു മറയുമില്ലാതെ പറഞ്ഞു വെക്കുന്നു.
ആരാധക ബാഹുല്യം വച്ച് നോക്കുമ്പോള്‍ രാഷ്ട്രീയ പ്രവേശനമുണ്ടായാല്‍ രജനീകാന്തിനേക്കാള്‍ സ്വീകാര്യത ലഭിക്കാനിടയുള്ളത് നിലവിൽ വിജയ്ക്കാണ്. മുൻകാലങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളും, വിജയ് ചിത്രങ്ങൾ നേരിട്ട പ്രതിസന്ധികളും സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ ഈ രണ്ട് ദ്രാവിഡ കക്ഷികള്‍ക്കൊപ്പമാവില്ല. ബി ജെ പിക്കൊപ്പം പോകുന്നത് ആത്മഹത്യാപരമാണെന്ന് വിജയ് തിരിച്ചറിഞ്ഞിട്ടും ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ ഇത് കൊണ്ടൊക്കെ തന്നെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വലിയ രാഷ്ട്രീയ ചലനങ്ങൾ ദ്രാവിഡ മണ്ണിൽ ഉണ്ടാകും.
സർക്കാരും വിവാദങ്ങളും
തമിഴ്നാട്ടിലെ നിലവിലുള്ള തലൈവര്‍, അമ്മ ഭരണത്തിലേക്കുള്ള ചൂണ്ടുവരില്‍ ആണ് ആത്യന്തികമായി ‘സർക്കാർ’ മുന്നോട്ടു വെക്കുന്ന പ്രധാന പ്രമേയം. സർക്കാരിലെ പ്രതിസ്ഥാനത്തുള്ള കഥാപാത്രങ്ങൾ മുൻ എംഎൽഎ കൂടിയായ കറുപ്പയ്യ അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയും മകൾ കോമളവല്ലിയും ആണ്. വരലക്ഷ്മി ശരത് കുമാറാണ് കോമള വല്ലി ആയി വേഷമിടുന്നത്. ഭരണം നിലനിർത്തുന്നതിനും, കുടുംബ സ്വത്ത് ആയി ഭരണതുടർച്ച മുന്നോട്ടു കൊണ്ടുപോകാനും വേണ്ടി കറുപ്പയ്യയുടെ പെരിയവർ മകളാൽ കൊല്ലപ്പെടുന്നു അതും അദ്ദേഹത്തിന്റെ തന്നെ ആശീർവാദത്തോടെ. തൊട്ടടുത്ത രംഗം മുതൽ അത് വരെ കാനഡയിൽ ജീവിച്ചിരുന്ന വരലക്ഷ്മി തമിഴ്നാടിന്‍റെ പുതിയ പരമാധികാര പദത്തിലേക്ക് എളുപ്പത്തിൽ എത്തപ്പെടുകയും ചെയ്യുന്നു. ഇത് മുൻപ് പല ഇന്ത്യൻ സിനിമകളിലും ആവർത്തിച്ചിട്ടുണ്ടെങ്കിലും സർക്കാരിൽ അത് കൂടുതൽ കൺവിൻസിംഗ് ആയി അവതരിപ്പിക്കാൻ സംവിധായകന്‍ മുരുഗദോസിന് കഴിഞ്ഞിട്ടുണ്ട്.
സർക്കാർ സൗജന്യമായി നൽകിയ വസ്തുക്കൾ തീയിടുന്ന രംഗമാണ് എ ഐ ഡി എം കെയെ പ്രകോപിപ്പിച്ച മറ്റൊരു ഘടകം. ഈ രംഗം ഒരുപക്ഷെ തമിഴ് നാട്ടിലെ ഇരു ദ്രാവിഡ കക്ഷികളെയും പ്രകോപിപ്പിക്കാൻ പോന്നതാണ്. കാരണം തെരഞ്ഞെടുപ്പ് സമയങ്ങളിൽ ടി വി മുതൽ ലാപ്ടോപ്പ് വരെ വാഗ്ദാനം ചെയ്യുന്നത് ഇരു മുന്നണികളും വളരെ വിജയകരമായി പയറ്റി പോരുന്ന ഒരു തന്ത്രമാണ്. ഈ തന്ത്രത്തിൽ വീഴരുതെന്നും, അത്തരം രീതികൾ അവലംബിക്കുന്ന പാർട്ടികൾ ആണ് സംസ്ഥാനത്തിന്റെ ശാപം എന്നും ചിത്രം പരോക്ഷമായി പറയുന്നു. ഒരർത്ഥത്തിൽ തീയിടുന്നത് സർക്കാർ സൗജന്യമായി നൽകുന്ന വസ്തുക്കളല്ല മറിച്ച് ആ സർക്കാരിനെ തന്നെ ആണെന്ന് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ തെളിയിക്കും.
ചിത്രത്തിലെ കോമളവല്ലിയെന്ന കഥാപാത്രം മുൻ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അണ്ണാഡിഎംകെയ്ക്ക് ആക്ഷേപമുണ്ട്. ജയലളിതയുടെ ആദ്യപേര് കോമളവല്ലിയെന്നാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. മാത്രമല്ല വരലക്ഷ്മിയുടെ നടപ്പിലും, ഭാവത്തിലും എല്ലാം അടിമുടി ഒരു പുരട്ചി തലൈവി മയം ഉണ്ട്.
ബ്ലേഡ് മാഫിയയെ ഭയന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം തമിഴ്നാടിനെ പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു. കാശിധർമം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും രണ്ട് പെൺമക്കളും വട്ടിപ്പലിശക്കാർക്കെതിരെ പരാതി നൽകാൻ കലക്ട്രേറ്റിലെത്തിയതായിരുന്നു. പരാതികളുടെ ഹിയറിംഗ് തുടങ്ങുന്നതിന് തൊട്ട് മുൻപ് ഇവർ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഈ രംഗം അതുപോലെ തന്നെ ‘സർക്കാരിൽ’ ചിത്രീകരിച്ചിട്ടുണ്ട് എന്ന് മാത്രമല്ല സുന്ദർ രാമസ്വാമി എന്ന വിജയുടെ കഥാപാത്രത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത് ഈ സംഭവം കേട്ടതിനു ശേഷമാണ്.
ജെല്ലിക്കെട്ടും അന്തർസംസ്ഥാന ജലപ്രശ്നങ്ങളും ഇന്നും തമിഴ്നാടിന്‍റെ ചൂടുള്ള വിഷയങ്ങളാണ്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ജനങ്ങൾ ചില വിഷയങ്ങൾക്ക് വേണ്ടി ഒന്നിക്കുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്ന് ജെല്ലിക്കെട്ടിനെ പേരെടുത്തു പറഞ്ഞുകൊണ്ട് വിജയ് തന്റെ വില്ലനെ ഓർമ്മപ്പെടുത്തുന്നുണ്ട്. മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിനെയും ചിത്രം ഒരേയൊരു സംഭാഷണ ശകലം കൊണ്ട് കുത്തി നോവിക്കുന്നുണ്ട്.
ദ്രാവിഡ നാട്ടിൽ ഈ ‘സർക്കാരിന്റെ’ ഭാവി
സർക്കാർ ചിത്രത്തിനെതിരെ സ്വീകരിക്കാവുന്ന നടപടികളുമായി നിയമമന്ത്രി സി.വി. ഷണ്മുഖവും, എ ഐ എ ഡി എം കെ നേതാക്കളും മുന്നോട്ടു പോവുകയാണ്. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കി എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോട്ടുകൾ. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ വിവാദ രംഗങ്ങൾ ഉണ്ടായിരിക്കില്ലെന്നു സൺ പിക്ചേഴ്സ് വ്യക്തമാക്കുന്നു. കേരളത്തിൽ ഇത് ബാധകമല്ല എന്നതും ഓർക്കണം.
രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരിൽ വിജയ് ചിത്രമായ ‘സർക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടർന്നതോടെയാണ് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ തീരുമാനമായത്. ചിത്രത്തിന്റെ സംവിധായകൻ എ.ആർ.മുരുഗദോസിന്‍റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കു സംവിധായകൻ കോടതിയെ സമീപിക്കുകയും ചെയ്തു.
മധുരയിൽ ഷോ റദ്ദാക്കി. തിയറ്ററിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ കൂറ്റൻ കട്ടൗട്ടിനു പ്രതിഷേധക്കാർ തീയിട്ടു, കോയമ്പത്തൂരിലെ ചിത്രത്തിന്‍റെ പോസ്റ്ററുകൾക്ക് നേരെയും, ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്കു നേരെയും ആക്രമണം ഉണ്ടായി. ചെന്നൈയിൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കു മുന്നിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ഒരു ഭാഗത്ത് എ ഐ എ ഡി എം കെ യുടെ പ്രതിഷേധം അലയടിക്കുമ്പോഴും തമിഴ് സിനിമ ലോകം വിജയ്ക്കും, സർക്കാരിനും ഒപ്പമാണ്. രജനികാന്ത്, കമൽ ഹാസൻ, വിശാൽ, ഖുശ്‌ബു അടക്കമുള്ളവർ ചിത്രത്തിനെതിരെ നടക്കുന്ന സെൻസറിങിനെതിരെ പരസ്യമായി രംഗത്ത് വന്നു. ചിത്രം നിർമിച്ചിരിക്കുന്നത് കരുണാനിധി കുടുംബത്തിന്റെ സ്വന്തം പ്രൊഡക്ഷൻസ് ആയ സൺ പിക്ചേഴ്സ് ആണ്. തെരുവിൽ പ്രതിഷേധം ഉയരുമ്പോൾ സർക്കാർ നിർമാതാക്കൾ വാരുന്നതു കോടികൾ. ആദ്യദിനം തമിഴ്നാട്ടിൽനിന്നു 30 കോടി രൂപയാ ചിത്രം നേടിയത്. ചെന്നൈയിൽ മാത്രം 2.41 കോടി നേടി. കേരളത്തിൽ ആദ്യ ദിവസത്തെ കലക്‌ഷൻ 6.5 കോടി രൂപ.
സെൻസറിങ് കട്ടിങ്ങുകൾ സർക്കാരിന് മേൽ പതിച്ചെങ്കിലും വിജയിയുടെയും, മുരുഗദോസിന്റെയും രാഷ്ട്രീയ വാണിജ്യ ലക്ഷ്യങ്ങൾ ഇതിനോടകം വിജയം കണ്ടു എന്നുവേണം പറയാൻ. പത്തോ അമ്പതോ കോടി മാത്രം നേടാൻ സാധ്യത ഉണ്ടായിരുന്ന മെഴ്‌സൽ നൂറു കോടിയ്ക്ക് മുകളിൽ കളക്ട് ചെയ്തതിനു പിന്നിൽ വിവാദങ്ങളുടെ സാന്നിധ്യം മാത്രമാണ്. അതുകൊണ്ട് തന്നെ ചിത്രം സാമ്പത്തികമായി വിജയം നേടുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല. മറ്റൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനിയും കാത്തിരിപ്പ് തുടരേണ്ടി വരികയും ചെയ്യും. വിജയിയുടെ ഈ സർക്കാർ ദ്രാവിഡ മണ്ണിൽ എന്ത് രാഷ്ട്രീയ ചലനം ആണ് സൃഷ്ടിക്കുക?