UPDATES

സിനിമ

“എന്റെ മകൾ കളിക്കളത്തിലിറങ്ങുമ്പോൾ നിനക്കൊക്കെ അശ്ലീലം തോന്നുന്നുണ്ടെങ്കിൽ അവളെ വിലക്കുകയല്ല, നിന്റെയൊക്കെ കണ്ണു കുത്തിപ്പൊട്ടിക്കുകയാണ് വേണ്ടത്…”

മനസും കണ്ണും നിറയ്ക്കുന്ന ‘കനാ -എ ബിഗ് ഡ്രീം’: റിവ്യൂ

ശൈലന്‍

ശൈലന്‍

ഐശ്വര്യ രാജേഷ് ലീഡ് റോളിൽ എത്തിയ ‘കനാ’ കണ്ടുതീർന്നപ്പോൾ മനസിനൊപ്പം കണ്ണുകളും നിറഞ്ഞുതൂവി. സങ്കടം കൊണ്ടായിരുന്നില്ല, സന്തോഷം കൊണ്ടായിരുന്നു അത്. ഉള്ളിൽ കുറച്ചൊക്കെ നനവുള്ളവർക്കൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ടാവും. ഏറക്കുറെ ഫുള്ളായിരുന്ന തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്ന ആളുകളുടെ മുഖഭാവങ്ങൾ നിരീക്ഷിച്ചതിൽ നിന്നും അങ്ങനെ തോന്നി.

തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് , അക്കാലത്തിന് ചേരാത്ത വിധം ഭ്രാന്തമായി ക്രിക്കറ്റിനെ സ്നേഹിച്ച ഒരു മുരുകേശൻ എന്ന കർഷകന്റെയും അച്ഛനെ സന്തോഷിപ്പിക്കാനായി ക്രിക്കറ്റ് കളിച്ചുതുടങ്ങി ഇൻഡ്യൻ വനിതാടീമിൽ വരെ എത്തിച്ചേരുന്ന കൗസല്യ എന്ന മകളുടെയും കഥയാണ് കനാ.

കർഷകൻ എന്ന നിലയിൽ അച്ഛനും ക്രിക്കറ്റർ എന്ന നിലയിൽ മകളും നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ സിനിമ അതീവചാരുതയിൽ ബ്ലെൻഡ് ചെയ്തിരിക്കുന്നു. കേട്ടുമടുത്ത ക്ലീഷെ എന്നു വേണമെങ്കിൽ ആരോപിക്കാം. ആദ്യഷോട്ട് മുതൽ ക്ലൈമാക്സ് വരെയുള്ള ഓരോ ഘട്ടങ്ങളും പ്രവചനീയമാണ് താനും. പക്ഷെ, അരുൺരാജ കാമരാജ് എന്ന സംവിധായകന്റെ സ്ക്രിപ്റ്റും‌ മേക്കിംഗും ഇതിനെയെല്ലാം മറികടന്ന് കനായെ മികച്ച സിനിമാനുഭവമാക്കിമാറ്റുന്നു..

അരുൺരാജ സംവിധായകൻ എന്ന നിലയിൽ പുതുമുഖമാണ്. പക്ഷെ, നമ്മൾ ഏറ്റുപാടിയിട്ടുള്ള കുറെ ഹിറ്റ് ഗാനങ്ങളുടെ ഗായകൻ എന്ന നിലയിൽ തമിഴിൽ മുന്നെ പരിചിതനാണ്. “നെരുപ്പ് ഡാാ..” പോലുള്ള ചാർട്ട് ബസ്റ്റേഴ്സ് പാടുക മാത്രമല്ല, എഴുതുകയും ചെയ്തത് അരുൺ രാജ ആയിരുന്നു. സംവിധായകൻ എന്ന നിലയിലും ഭാവിയിൽ ആഘോഷിക്കപ്പെടാനുള്ള സ്റ്റഫ് അദ്ദേഹത്തിനുണ്ടെന്ന് കനാ സാക്ഷ്യം വെക്കുന്നു.

സ്ത്രീശാക്തീകരണം, ക്രിക്കറ്റ്, കർഷകപ്രതിസന്ധി എന്നിങ്ങനെ പരസ്പരം പൂരകങ്ങളല്ലാത്ത മൂന്നുചേരുവകളെ എടുത്ത് സംയോജിപ്പിക്കുമ്പോൾ സ്ക്രിപ്റ്റിനൊപ്പം സംവിധായകന് തുണയാകുന്നത് ഐശ്വര്യ രാജേഷിന്റെയും സത്യരാജിന്റെയും കിണ്ണം കാച്ചിയ പെർഫോമൻസ് ആണ്. സത്യരാജിൽ നിന്നും മുരുകേശനെ പ്രതീക്ഷിച്ചത് തന്നെയെങ്കിലും ഐശ്വര്യയെപോലൊരു താരതമ്യേനെ പുതുനടി ഓരോ സിനിമകൾ കഴിയുമ്പോളും പിന്നിടുന്ന ദൂരങ്ങൾ പ്രതീക്ഷയ്ക്കുമപ്പുറമാണ്.

ശിവകാർത്തികേയൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ശിവകാർത്തികേയൻ നിർമ്മിക്കുന്ന ആദ്യസിനിമയാണ് കനാ എന്നതും എടുത്തുപറയേണ്ട കാര്യമാണ്. തമിഴ്നടന്മാർ പ്രൊഡക്ഷൻ ഹൗസ് തുടങ്ങുമ്പോൾ കാണിക്കുന്ന ഔചിത്യബോധം അഭിനന്ദനീയമാണ്. സീമരാജ പോലുള്ള ഊളരാജകളിൽ അഭിനയിച്ചതിന്റെ ദുഷ്പേര് കൂടി കാർത്തികേയൻ ഇതിലൂടെ കഴുകിക്കളഞ്ഞിരിക്കുന്നു.

എക്സ്റ്റന്റഡ് കാമിയോ എന്ന് വിശേഷിപ്പിക്കാവുന്ന നെൽസൺ ദിലീപ്കുമാർ എന്നൊരു കോച്ചായും പടത്തിന്റെ അവസാനഭാഗങ്ങളിൽ ശിവകാർത്തികേയൻ പ്രത്യക്ഷനാവുന്നുണ്ട്. മുൻ ഇൻഡ്യൻ ക്രിക്കറ്റ് ടീം അംഗമായ നെൽസണ് നമ്മടെ എസ് ശ്രീശാന്തിന്റെ മേക്ക് ഓവർ ആണ് നൽകിയിരിക്കുന്നത്. ശ്രീശാന്തിനെപ്പോലൊരു ഇന്റർനാഷണൽ ക്രിക്കറ്ററെ ചവുട്ടിത്താഴ്ത്താനേ മലയാളികൾ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളൂ എന്നിരിക്കെ തമിഴിൽ നിന്ന് അദ്ദേഹത്തിന് കിട്ടിയ ഒരു അംഗീകാരമായി ഇതിനെ വേണമെങ്കിൽ വിലയിരുത്താം. കാർത്തികേയന്റെ കരിയറിലെ ഏറ്റവും ഒതുക്കമുള്ള വേഷവുമാണ് നെൽസൺ .

എന്റെ മകൾ പാന്റും ജെഴ്സിയുമണിഞ്ഞ് കളിക്കളത്തിലിറങ്ങുമ്പോൾ നിനക്കൊക്കെ അശ്ലീലം തോന്നുന്നുണ്ടെങ്കിൽ അവളെ വിലക്കുകയല്ല, നിന്റെയൊക്കെ കണ്ണു കുത്തി കുട്ടി പൊട്ടിക്കുകയാണ് വേണ്ടത് എന്ന് അവൾക്ക് വിലക്ക് കല്പിക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തോട് കുമരേശൻ അലറുമ്പോൾ കേരളത്തിലെ തിയേറ്ററിലും കയ്യടികൾ ഉയരുന്നത് നിലവിലുള്ള സാഹചര്യത്തിൽ അഭിനന്ദാർഹമാണ്. പടം തീർന്നപ്പോഴും കയ്യടി ഉണ്ട് നിറയെ.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍