UPDATES

ട്രെന്‍ഡിങ്ങ്

ഒടിയൻ എന്ന വിമോചകന്‍

കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ

നന്നേ ചെറുപ്പം മുതൽ തന്നെ ഒടിയനെ കുറിച്ചുള്ള കഥകളും സംഭവങ്ങളും ഞാൻ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മലപ്പുറത്തിന്റെ എല്ലാ ചൂടുംചൂരുമുള്ള തനി നാട്ടിൻപുറത്താണു ഞാൻ ജനിച്ചുവളർന്നത്. വല്ലിമ്മമാരിൽ നിന്നായും അയൽപക്കത്തേയും പരിസരങ്ങളിലേയും പ്രായഭേദമന്യേയുള്ള ബന്ധുമിത്രാദികളിൽ നിന്നായും ധാരാളം ഒടിയൻ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് അനവധി നിരവധി കേൾക്കാനുള്ള അവസരമുണ്ടയിട്ടുണ്ട്. അതുകൊണ്ട് തെന്നെ രണ്ട് വർഷം മുന്നെ ഒടിയൻ എന്ന മോഹൻലാലിന്റെ സിനിമയുടെ തലക്കെട്ട് പുറത്തിറങ്ങിയപ്പോഴും മറ്റ് തെക്കൻ കേരളത്തിലെ സുഹൃത്തുക്കളെ പോലെ ഒടിയൻ എന്ന പേരിലെ കൗതുകത്തെ കുറിച്ച് അതികം ചിന്തിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല, ഒടിയനെ കുറിച്ച് ഞാനിന്ന് വരെ അനുഭവിച്ചറിഞ്ഞ കഥ/സംഭവങ്ങളുടെ ഭാണ്ഡകെട്ടഴിക്കാനെ നേരമുണ്ടായിട്ടുള്ളൂ.

ഞാൻ കേട്ടും വായിച്ചും അനുഭവിച്ചും അറിഞ്ഞ ഒടിയൻ കഥകളുടെ പശ്ചാത്തലത്തിൽ ഒടിയനെ കുറിച്ച് ചില ഒടിയറിവുകൾ പങ്ക് വെക്കുകയാണു ഇവിടെ ചെയ്യുന്നത്. കുറച്ച് ദൈർഘ്യമേറിയ എഴുത്താണെങ്കിലും ഒടിയനിലെ‌ രാഷ്ട്രീയം കൂടി പറയാതെ ഒടിയൻ എന്ന മിത്തിനെ അവതരിപ്പിക്കുന്നത് നീതികേട് ആണെന്നുള്ളതുകൊണ്ട് അത് അവസാനത്തിൽ നിങ്ങൾക്ക് വായിക്കാവുന്നതാണ്.

ആദ്യം തന്നെ പറയട്ടെ, ഒടിയന്മാരുടെ സാന്നിധ്യത്തിനോ ഒടിയന്‍റെ അസ്തിത്വത്തിനോ ഉപോൽബലകമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് മധ്യകേരളത്തിന്റെ പാലക്കാട്-തൃശൂർ-മലപ്പുറം ഭാഗങ്ങളുടെ വാമൊഴി അപസർപ്പക കഥകളിൽ ഒടിയന്മാർ സ്ഥാനം പിടിച്ച് തുടങ്ങിയത്. പ്രത്യേകിച്ച് കാർഷികമായും ജന്മിത്തത്തില്‍ അധിഷ്ഠിതമായും ഉള്ള സാമൂഹ്യ വ്യവസ്ഥിതി നിലനിന്നിരുന്ന വള്ളുവനാട്ടിലാണു ഒടിയൻ്റെ ഉൽഭവം. അക്കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ടിപ്പിക്കൽ അമാനുഷിക ദുർശക്തികളായിരുന്ന മറുത, മാടൻ, യക്ഷി എന്നിവയിൽ നിന്നും വ്യത്യസ്തമായി മനുഷ്യ കുലത്തിൽ നിന്നും തന്നെ, മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട ഒരു ഭീകരൻ എന്ന നിലക്ക് ഒടിയൻ പ്രാരംഭഘട്ടത്തിൽ തന്നെ വ്യത്യസ്ഥത പുലർത്തി. ആ ഒരു മുന്‍ഗണനയില്‍ ജനമനസുകളിൽ ഭയത്തിന്റെ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടാണു ഒടിയൻ രംഗപ്രവേശനം ചെയ്യുന്നത്.

രാത്രികാലങ്ങളിൽ, പ്രത്യേകിച്ച് ഭൂരിപക്ഷവും ഉറങ്ങിക്കിടന്നിരുന്ന രാത്രിയുടെ മൂന്നാം യാമത്തിലാണ് ഒടിയന്മാർ പ്രത്യക്ഷപ്പെടുക. ഒറ്റക്ക് സഞ്ചരിക്കുന്ന വഴിയാത്രക്കാരുടെ മുന്നിലേക്ക് ഇരുട്ടിന്റെ മറവിലോ, കുറ്റിക്കാട്ടിലോ ഒടിവിദ്യ ഉപയോഗിച്ച്‌ മൃഗങ്ങളുടെ രൂപത്തിൽ തന്റെ ശത്രുവിനുമേൽ ചാടി വീണ് അക്രമം അഴിച്ച് വിടുകയാണു ഒടിയന്മാർ ചെയ്യുന്നത്. ഒടി വിദ്യയും അതിന്റെ മന്ത്രങ്ങളും പ്രക്രിയകളും സ്വായത്തമാക്കിയ ആർക്കും ഇതു ചെയ്യാൻ സാധിക്കുമെങ്കിലും സർവ്വസാധാരണയായി പാണൻ, പറയ സമുദായങ്ങളിൽപ്പെട്ടവരാണ് ഒടിവിദ്യയിൽ വൈദഗ്ദ്യം നേടിയവർ.

ഒടിവിദ്യ

‘ഒടിയനാവുക’ എന്നത് തന്നെ വളരെ സൂക്ഷ്മവും കൃത്യവുമായി ചെയ്യേണ്ട ഒരു കർമമാണ്. രാത്രിയിൽ അനുഷ്ഠാനപരമായ പ്രത്യേക പൂജകൾക്കു ശേഷം ഒടിയനാകുവാൻ തയ്യാറാക്കപ്പെട്ട ആൾ വസ്ത്രങ്ങളെല്ലാം‌ അഴിച്ച് നഗ്നനായതിനു‌ശേഷം പ്രത്യേക രീതിയിൽ നിർമ്മിച്ച മാന്ത്രിക മഷി പുരട്ടുന്നതോടെ അയാൾ കാളയായോ പോത്തായോ അവർ ആഗ്രഹിക്കുന്ന രീതിയിൽ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ചെയ്യും.

കൂടുതൽ കേട്ടറിവുകളിലും കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് ഉണ്ടായിരിന്നത്. അപൂർവ്വം ചില കഥകളിൽ പുലിയായി വരെ എത്തിയ ഒടിയന്മാരുണ്ട്. എന്നാൽ മറ്റൊരു വിത്യാസമെന്താണെന്ന് വെച്ചാൽ ഇവർക്ക് ശാരീരികമായി പൂർണ്ണ അർത്ഥത്തിൽ ഉദേശിക്കുന്ന മൃഗമാവാൻ സാധിക്കില്ല എന്നതാണ്. ഒരു കാള ആവുകയാണെങ്കിൽ ഒരു കാലോ ഒരു കൊമ്പോ കുറവുള്ള വികലാംഗനായ കാള ആയിട്ടെ മാറാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ ന്യൂനതകൾ ഒടിയന്മാരെ തിരിച്ചറിയാനുള്ള ഒരു മാർഗമായിട്ട് അന്നത്തെ പ്രഗൽഭരായ ഒടി പിടുത്ത മന്ത്രവാദികൾക്ക് തെളിവാകാൻ സഹായിച്ചിരുന്നു.

ആദ്യത്തെ ഒടിയൻ

കേരളത്തിൽ ഒരു കാലത്ത് നിലനിന്നുപോന്നിട്ടുള്ള ജന്മിത്വ ഉച്ചനീചത്വങ്ങളുടെ എതിർശബ്ദമായിട്ടാണു ഒടിയന്മാരുടെ ഉൽഭവം ഉണ്ടായിട്ടുള്ളത്. അന്ന് ജന്മിമാർ കീഴാളരിലെ സ്ത്രീജനങ്ങളേയും അവരുടെ കുടുംബത്തെയും വളരെയേറെ പീഡിപ്പിച്ചിരുന്നു. ഭയം നിമിത്തവും ഈ ജന്മിമാരെ എതിർക്കാനുള്ള കെൽപ്പില്ലായ്മായും കാരണം അവർ നേരിടുന്ന അപമാനങ്ങളും പീഢനങ്ങളും നിശബ്ദമായി സഹിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങൾക്ക് ഒരു മാറ്റം വരുത്തുവാനുറച്ച ഒരു പാണൻ മണ്ണുകുഴച്ച് കരിങ്കുട്ടിയെന്ന പേരിൽ ഒരു ഉപാസന മൂർത്തിയെ സൃഷ്ടിക്കുകയും, പാണൻ്റെ അതികഠിനമായ ഉപാസനയിൽ തൃപ്തിയായി കരിങ്കുട്ടി പ്രത്യക്ഷപ്പെടുകയും, കരിങ്കുട്ടിയുടെ ഉപദേശപ്രകാരം തങ്ങളെ ദ്രോഹിക്കുന്നവനു മുന്നിൽ ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തിൽ ചെന്ന് അവരോട് പ്രതികാരം ചെയ്യാൻ സാധിക്കുന്ന ഒരു മരുന്ന് ഉണ്ടാക്കാനുള്ള വിദ്യ സ്വായത്തമാക്കുകയും ചെയ്തു.

എന്നാൽ കരിങ്കുട്ടി പറഞ്ഞു കൊടുത്ത വഴി അത്ര എളുപ്പമായിരുന്നില്ല. അതിന് കടിഞ്ഞൂൽ ഗർഭമുള്ള ഏതെങ്കിലും ഒരു അന്തർജനത്തിൽ നിന്നും ഗർഭസ്ഥ ശിശുവിനെ മുളംകമ്പ് കൊണ്ട് പുറത്തെടുത്ത് അതിൽനിന്നും വരുന്ന ഒരു പ്രത്യേക സ്രവം ചില കാട്ടുചെടികളുടെ മഷിയിൽ മുക്കി, അത് ദിവസങ്ങളോളം ഹോമം ചെയ്ത് മണ്ണിൽ കുഴിച്ചിട്ട് പ്രത്യേക തരത്തിൽ വാറ്റി എടുക്കുകയാണു ചെയ്യുന്നത്.

പ്രത്യേകമായി തയ്യാറാക്കുന്ന ഈ തൈലം അഥവാ മഷി ചെവിയുടെ പിൻവശത്തു തേച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് വിശ്വാസം. (മരുന്ന് ചെവിയുടെ പിന്നിൽ തേക്കുക, ചെവിയുടെ പിന്നിൽ സൂക്ഷിക്കുക എന്നിങ്ങനെ രണ്ടു തരത്തിൽ പറയുന്നു) അതിനായി അവർ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും ചെയ്യാറുണ്ടായിരുന്നു. ഒടി മറിഞ്ഞ് നിശ്ചയിച്ച കൃത്യം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം അല്ലെങ്കിൽ ചൂടുവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പഴയ രൂപം പ്രാപിക്കുകയുള്ളു എന്നുമാണ് മറ്റൊരു വിശ്വാസം. ഈ പ്രവർത്തി ഒടിയ സ്ത്രീ ഉടനടി ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം, കലിയടങ്ങാത്ത ഒടിയൻ തന്റെ സ്വന്തം കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ.

പണ്ടുകാലത്ത് ഒടിയൻ വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാൻ വേണ്ടി പുറപ്പെട്ടു പോയാൽ, അയാൾ തിരിച്ചുവരുന്നതുവരെ പാണന്‍റെ സഹധർമ്മിണി ഉറക്കമിളച്ച് ചൂട് വെള്ളമോ കാടിവെള്ളമോ തിളപ്പിച്ച് കാത്തിരിക്കാറുണ്ടായിരുന്നു. ഒടിയന് സ്വന്തം ചെവിപ്പുറകിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നെടുത്തു മാറ്റിയാൽ പരസഹായമില്ലാതെ സ്വയം രൂപമാറ്റം നടത്താമെന്ന മറ്റൊരു വിശ്വാസവുമുണ്ട്.

എന്നാൽ ഈ നീണ്ട പ്രവൃത്തിയാൽ ഉണ്ടാക്കപ്പെട്ട മഷി ഒരു കുന്നിക്കുരുവോളമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒടി വിദ്യയിൽ വ്യാപൃതരായ പാണന്മാർക്ക് കൂടുതൽ ഒടിയന്മാരാവാൻ കൂടുതൽ മരുന്ന് ഉണ്ടാക്കേണ്ടതായും വന്നു. സ്വാഭാവികമായും അന്ന് കടിഞ്ഞൂൽ ഗർഭമുള്ള അന്തർജനങ്ങൾ നിരന്തരമായി കൊല ചെയ്യപ്പെടുകയും ഉണ്ടായി എന്നാണ് കഥകള്‍. അതുകൊണ്ട് തന്നെ വള്ളുവനാടൻ ഗ്രാമങ്ങളിൽ ഗർഭിണികളായ സ്ത്രീകളെ അക്കാലത്ത് പ്രത്യേകം സംരക്ഷിക്കപ്പെടാറുണ്ടായിരുന്നവെന്നാണ് പഴമക്കാർ പറയുന്നത്. മരുന്നുണ്ടാക്കാനുള്ള ചേരുവയ്ക്കായി ഒരു ഭ്രൂണം കണ്ടെത്താനായി നേരത്തേ തന്നെ ഒടിയന്മാർ ഗർഭവതിയെ നോക്കിവക്കുകയും സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ ഒടിവിദ്യയാൽ ഗർഭിണിയെ വശീകരിച്ച് വിജനമായ ഒരു പ്രദേശത്തെത്തിക്കുകയും കാര്യസാധ്യം നടത്തുകയും ചെയ്ത് പോരുകയാണെന്നുമാണ് വിശ്വാസം.

ഒടിയൻ, സത്യമോ മിഥ്യയോ?

മൃഗങ്ങളുടെ കൊമ്പ്, തോൽ എന്നിവ ഉപയോഗിച്ച് വേഷപ്രച്ഛന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളായിരിക്കാം ഇത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. പീഢകരായ വ്യക്തികളെ നേരിട്ട് എതിർക്കാനാവാത്ത അവസ്ഥയിൽ അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാർഗ്ഗമായി രൂപപ്പെടുത്തിയതായിരിക്കാം ഒടിവിദ്യയെന്നും പറയാവുന്നതാണ്. കാലക്രമേണ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മാറിവന്നു. ഏതൊരാളെയും പേടിപ്പിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയെന്ന ആധുനിക ക്വട്ടേഷൻ ഗുണ്ടകളുടെ രീതിയുടെ പ്രാകൃത രൂപമാണ് ഒടിവിദ്യ എന്ന് നിസംശയം പറയാവുന്നതാണ്.

1930 കളിൽ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നതായി കഥകളുണ്ട്. കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ.

വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിയന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പിൽക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാർ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കർമ്മമെന്ന പേരുവിളിച്ചാണ് ഒടിയൻമാർ നിർവ്വഹിച്ചിരുന്നത്.

ഒടിയന്റെ രാഷ്ട്രീയം

കഥകൾ ഇങ്ങനെ ഒക്കെ ആണെങ്കിലും, ശാസ്ത്രീയമായി യാതൊരു തെളിവുകളുടെ പ്രബലതയും അവകാശപ്പെടുന്നില്ലെങ്കിലും ഒടിയൻ എന്നത് ഒരു സാമൂഹിക വിമോചന ചിഹ്നമായിട്ടും ഉയർത്തികാണിക്കപ്പെടുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന ജന്മി-അടിയാള അതിക്രമങ്ങൾക്ക് എതിരെ ജന്മിത്വത്തിന്റെ അധികാരത്തെ ഒരു പരിധി വരെ ചെറുത്ത് നിൽക്കാൻ ഒടിയന്മാരാൽ സാധിച്ചിട്ടുണ്ട്. ജന്മികൾക്കും അടിയാളന്മാരെ അകാരണമായി ഉപദ്രവിക്കുന്ന ഭൂവുടമങ്ങൾക്കും ഒടിയന്മാരും ഒടിവിദ്യയും എന്നുമൊരു പേടിസ്വപ്നം തന്നെയായിരുന്നു. അക്കാലഘട്ടത്തിൽ നാട്ടുവാഴികളെ കായിക ബലം കൊണ്ട് നേരിടാൻ കഴിയാതിരുന്ന അധഃസ്ഥിതവിഭാഗങ്ങൾ; വിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെയും മറവിൽ ഒരു പ്രതിരോധം തീർക്കുക എന്നതായിരിക്കാം ഒടിയൻ എന്ന അമാനുഷിക കഥാപാത്രത്തെ സൃഷ്ടിക്കാൻ അതിന്റെ ഉപജ്ഞാതാവിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ

സ്വാലിഹ് ചെമ്മാട്

സ്വാലിഹ് ചെമ്മാട്

ദോഹയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍