UPDATES

സിനിമാ വാര്‍ത്തകള്‍

1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്, സിനിമയില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യം? ലിജോ ജോസ് പെല്ലിശ്ശേരി

മറ്റ് സിനിമകളുടെ കാര്യം പോലെ ഈ.മ.യൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തു. അത്രമാത്രം.

സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുതെന്ന് സംവിധായകൻ ലിജോ ജോസ് പല്ലിശേരി. 100 കോടി മുടക്കി, അല്ലെങ്കില്‍ 1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്. സിനിമയില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യം? അദ്ദേഹം ചോദിച്ചു. ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ സില്ലിയായ ഒരു ഏർപ്പാടല്ലേയെന്നും പ്രശസ്ത നിരൂപകൻ നിർമൽ സുധാകരനുമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ സ്വകാര്യ അഭിമുഖത്തിൽ ലിജോ ചോദിച്ചു.

ഇന്ത്യന്‍ പോപ്പുലര്‍ സിനിമയില്‍ പ്രൊഡക്ഷന്‍റെ വലിപ്പം, ഉയര്‍ന്ന ബജറ്റൊക്കെ ഒരു സിനിമയ്ക്ക് വലിയ പ്രീ-റിലീസ് പബ്ലിസിറ്റി കൊടുക്കുന്ന ഘടകങ്ങളാണല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം സമാപിച്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു. അദ്ദേഹം അവസാനം സംവിധാനം ചെയ്ത ഇ മ യൗ ആണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ഐഎഫ്എഫ്ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ലിജോ വ്യക്തമാക്കി. അത്തരം പ്രതീക്ഷകളോടെയൊന്നുമല്ല ഞാന്‍ സിനിമ ചെയ്യുന്നത്. മറ്റ് സിനിമകളുടെ കാര്യം പോലെ ഈ.മ.യൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തു. അത്രമാത്രം. അദ്ദേഹം പറഞ്ഞു.

അതെ സമയം കേരളത്തിന്റെ ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ട്ടിച്ച ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് കണ്ട് മനസിലാക്കാനായില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ബോധ്യത്തില്‍ നിന്ന് ചെയ്തതാണ് എന്ന് ലിജോ വെളിപ്പെടുത്തി. ” അങ്കമാലി ഡയറീസിന്‍റെ കാര്യം.. അത് ചെയ്യുന്നത് എന്‍റെ കരിയര്‍ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ്. ഒരു കഥ പറയാനായി കെട്ടുകാഴ്ചകളുടെ നിര്‍ബന്ധമില്ല. അതിന് പ്രാഥമികമായ ഘടകങ്ങള്‍ മാത്രം മതി. അത്തരം എലമെന്‍റ്സ് വച്ച്, പ്രാഥമികമായ കഥ പറച്ചിലില്‍ മാത്രം ഫോക്കസ് ചെയ്ത്, ഒരു സിനിമ.. അത് ആളുകളെ കാണിച്ചാല്‍ അവരത് കണ്ട് മനസിലാക്കുമോ എന്നൊരു അന്വേഷണമായിരുന്നു അങ്കമാലി ഡയറീസ്. അത് പ്രേക്ഷകര്‍ക്ക് കണ്ട് മനസിലാക്കാനായില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ബോധ്യത്തില്‍ നിന്ന് ചെയ്തതാണ് അത്. കാരണം അങ്ങനെയെങ്കില്‍ എനിക്ക് കഴിവില്ല എന്നാണ് അര്‍ഥം. അങ്ങനെയെങ്കില്‍ എന്‍റെ വിദ്യാഭ്യാസത്തിനനുസരിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടെ? അതിലെ കഥാപാത്രങ്ങളെപ്പോലെയായിരുന്നു ഞങ്ങളത് ഷൂട്ട് ചെയ്തതും. മുണ്ടുടുത്ത് അങ്കമാലി മാര്‍ക്കറ്റിലൊക്കെ ഇറങ്ങി നടന്ന്, അങ്ങനെ.” ലിജോ പറഞ്ഞു.

ഈ.മ.യൗവിലെ വാവച്ചന്‍ മേസ്തിരിക്കപ്പുറം കൈനകരി തങ്കരാജ് എന്ന നടനെക്കുറിച്ച് എന്തറിയാം?

“എടാ ഈശിയേ…” എന്ന് ലിജോയെ നീട്ടി വിളിക്കാന്‍ കൈനകരി തങ്കരാജ് ഇന്നലെ കൊതിച്ചിരുന്നു

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍