UPDATES

ട്രെന്‍ഡിങ്ങ്

‘കുരിശിന്റെ വഴിയേ’ യാത്രയ്‌ക്കെത്തിയ വിശ്വാസികളെ തടഞ്ഞു; ബോണക്കാട് സംഘര്‍ഷം

മലയില്‍ നിന്നും പൊളിച്ചുമാറ്റിയ കുരിശുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ‘കുരിശിന്റെ വഴിയേ’ യാത്ര

തിരുവനന്തപുരം ബോണക്കാട് വിശ്വാസികളും പോലീസും തമ്മില്‍ സംഘര്‍ഷം. നെയ്യാറ്റിന്‍കര അതിരൂപതയിലെ വിശ്വാസികളും പുരോഹിതരും ചേര്‍ന്ന് കുരിശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യാത്ര. വനഭൂമിയില്‍ കുരിശ് സ്ഥാപിക്കുകയോ ആരാധന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് യാത്രസംഘടിപ്പിച്ചത്. എന്നാല്‍ വനത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയ വിശ്വാസികളെ പോലീസ് തടയുകയായിരുന്നു. ഇതോടെ വിശ്വാസികള്‍ പോലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത അവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. ഇതോടെ വിശ്വാസികള്‍ പോലീസിന് നേരെയും തിരിച്ചും കല്ലേറും ആരംഭിച്ചു. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും വിശ്വാസികളില്‍ പലരുടെയും തലപൊട്ടി രക്തമൊലിക്കുന്നത് ചാനല്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പോലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ പലരും കാട്ടിലേക്ക് ഓടിക്കയറി. ഇവരെ പിന്തുടര്‍ന്നും പോലീസ് മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. കാട്ടിലേക്ക് ആരെയും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പോലീസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ സഹകരണത്തോടെ നടത്തിയ നീക്കമാണെന്നാണ് ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നെയ്യാറ്റിന്‍കര അതിരൂപത മെത്രാന്‍ ഡോ. വിന്‍സന്റ് സാമുവല്‍ പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആരോപിക്കുന്നത്.

ബോണക്കാട് സ്ഥിതിചെയ്യുന്ന 14 കുരിശുകളില്‍ അഞ്ചെണ്ണം നേരത്തെ വനംവകുപ്പ് പൊളിച്ചുമാറ്റിയിരുന്നു. അന്ന് പ്രതിഷേധം ഉയര്‍ന്നതോടെ സഭാനേതൃത്വവും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം പഠിക്കുന്നത് വരെ പുതിയതായി കുരിശുകളൊന്നും പൊളിക്കരുതെന്ന് വനംമന്ത്രി കെ രാജു നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യു വകുപ്പും വനംവകുപ്പും ചേര്‍ന്ന് നടത്തുന്ന പഠനത്തിനിടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് വീണ്ടും രണ്ട് കുരിശുകള്‍ കൂടി തകര്‍ക്കപ്പെട്ടു. ഇതോടൊപ്പം അള്‍ത്താരയും തകര്‍ത്തിരുന്നു. സഭാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഈ യോഗത്തില്‍ പൊളിച്ച കുരിശുകള്‍ വീണ്ടും സ്ഥാപിക്കുമെന്നും കുരിശ് പൊളിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഉറപ്പുനല്‍കി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷവും കുരിശ് പുനസ്ഥാപിക്കുന്നില്ലെന്ന് കണ്ടാണ് കുരിശ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിശ്വാസികള്‍ കുരിശിന്റെ വഴിയേ യാത്ര സംഘടിപ്പിച്ചത്.

കുരിശുമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് ബോണക്കാട് കുരിശുകളും അള്‍ത്താരയും സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വിതുര വനമേഘലയില്‍ വ്യാപകമായി മതപരിവര്‍ത്തനവും കുരിശ് സ്ഥാപിക്കലും നടക്കുന്നുവെന്നാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആരോപണം. ഇതുന്നയിച്ച് ഹിന്ദു സംഘടനകള്‍ പരസ്യമായി തന്നെ പ്രതിഷേധ പ്രകടനകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് അധികൃതര്‍ കുരിശ് പൊളിക്കാന്‍ ആരംഭിച്ചത്. അള്‍ത്താരയും കുരിശും തകര്‍ത്തവര്‍ ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെയാണ് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. സുസെപാക്യം പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍