UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎമ്മില്‍ അടിപൊട്ടുന്നു

ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ഇടങ്ങളില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ പോയിരുന്നു. ഇത് നാളെ ആരംഭിക്കാനിരിക്കുന്ന സഭാ സമ്മേളനങ്ങളെയും പ്രക്ഷുബ്ധമാക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ സിപിഎമ്മില്‍ അടിപൊട്ടുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. എന്നാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കില്‍ അത് ബിജെപിയെ അല്ലേ സഹായിക്കുകയെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത് കോണ്‍ഗ്രസ് ആണെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

പിണറായിയുടെ ശബരിമല ലൈന്‍ തിരിച്ചടിയായോയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുന്നത്. സര്‍ക്കാരിന്റെ ശബരിമല ലൈനിന് അടിയുറച്ച പിന്തുണ നല്‍കിവന്ന സിപിഎം ആദ്യമായി ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉന്നയിക്കുന്നത് ഇപ്പോഴാണ്. മാത്രമല്ല, അവര്‍ പരസ്യമായി തന്നെ തിരുത്തല്‍ നടപടി പ്രഖ്യാപിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം ശബരിമല വിഷയം മാത്രമല്ല തോല്‍വിയ്ക്ക് കാരണമെന്ന അഭിപ്രായവും പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ ഉയരുന്നുണ്ട്. 19 മണ്ഡലങ്ങളിലെയും തോല്‍വിയ്ക്ക് ഒരു പൊതുകാരണമായി ശബരിമല കാണാമെങ്കിലും ചില മണ്ഡലങ്ങളിലെ തോല്‍വിയാണ് ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന പിണറായി വിജയന്റെയും കോടിയേരിയുടെയും അഭിപ്രായത്തെ തള്ളിപ്പറഞ്ഞത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആണ്. വോട്ടു നഷ്ടമാക്കിയ പ്രധാന വിഷയമാണ് ശബരിമലയെന്നും അദ്ദേഹം പറയുന്നു. വിശ്വാസികളില്‍ ഒരു വിഭാഗത്തെ വൈകാരികമായി ഇറക്കി ഇടതുപക്ഷത്തിനെതിരാക്കുന്നതില്‍ വര്‍ഗീയ വാദികള്‍ വിജയിച്ചു. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്തികൊണ്ടല്ലാതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു.

ആലത്തൂരിലെ പരാജയകാരണമാണ് എ കെ ബാലന്‍ ചൂണ്ടിക്കാട്ടുന്നത്. രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നാണ് ബാലന്റെ നിരീക്ഷണം. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്നാണ് എകെ ബാലന്‍ ഇന്ന് പറഞ്ഞത്. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ബാലന്റെ നിരീക്ഷണം. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറയുന്നു. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. അതേസമയം തന്റെ പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും രാഷ്ട്രീയമായിരുന്നെന്നും വിജയരാഘവന്‍ ന്യായീകരിക്കുന്നു. ആലത്തൂരിലെ വോട്ട് കുറയാന്‍ അത് കാരണമായെന്ന് കരുതുന്നില്ലെന്നും വിജയരാഘവന്‍ ഇന്ന് പറഞ്ഞിട്ടുണ്ട്. ബാലന്‍ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ലെന്ന് വിജയരാഘവനും പറഞ്ഞു. ഇന്ന് മന്ത്രി തന്നെ തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.

പാലക്കാട്ടെ പരാജയമാണ് സിപിഎമ്മില്‍ ചര്‍ച്ചയായിരിക്കുന്ന മറ്റൊരു വിഷയം. എം ബി രാജേഷിന്റെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് നേതൃത്വം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പാലക്കാട്ടെ ഒരു സ്വാശ്രയ കോളേജ് ഉടമയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് തന്റെ പരാജയ കാരണമെന്ന് രാജേഷും ആരോപിച്ചു കഴിഞ്ഞു. നെഹ്രു കോളേജിനെയാണ് രാജേഷ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെങ്കിലും ആ വിരല്‍ ചൂണ്ടുന്നത് പി കെ ശശിയ്ക്ക് നേരെയാണെന്നാണ് വിലയിരുത്തല്‍. നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശശിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണ്. നെഹ്രു കോളേജിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരവും ഡിവൈഎഫ്‌ഐ നേതാവായ യുവതി ശശിക്കെതിരെ ഉന്നയിച്ച പരാതി പുറത്തുവന്നതും ഇരുവരെയും രാജേഷിനെതിരാക്കിയെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു.

നാളെ മുതല്‍ നിയമസഭാ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട പരാജയം സഭയിലും ചര്‍ച്ചയാകാന്‍ തന്നെയാണ് സാധ്യത. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ഇടങ്ങളില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ പോയിരുന്നു. ഇത് പിണറായി സര്‍ക്കാരിന് ജനപിന്തുണ നഷ്ടമായതിന്റെ തെളിവായി ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷം ബഹളമുണ്ടാക്കുക. അതിനാല്‍ തന്നെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമാകും അവര്‍ ഉന്നയിക്കുക. അതോടൊപ്പമാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിയും സിപിഎമ്മിന് കുരിശാകുന്നത്.

read more:പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളിലേക്കെത്തുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍