UPDATES

ട്രെന്‍ഡിങ്ങ്

എന്തൊക്കെ വാഗ്ദാനങ്ങളാണ് തന്നതെന്ന് ഓര്‍മയുണ്ടോ? മോദിയുടെ പഴയ പ്രസംഗങ്ങള്‍ നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് നായിഡു

തെരഞ്ഞെടുപ്പ് കാലത്തും പ്രധാനമന്ത്രിയായ ശേഷവും ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് മോദി നല്‍കിയ വാഗ്ദാനങ്ങളാണ് നായിഡു വീണ്ടും ഓര്‍മിപ്പിച്ചത്‌

പ്രധാനമന്ത്രി മോദി തെരെഞ്ഞടുപ്പിനു മുമ്പും ശേഷവും ആന്ധ്രപ്രദേശിന് വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ട് നടത്തിയ പ്രസംഗങ്ങള്‍ നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം നിരാകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിനും ആയതിനുശേഷവും തങ്ങള്‍ക്ക് എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് നായിഡു പുതിയൊരു നീക്കത്തിലൂടെ വ്യക്തമാക്കിയത്.

എന്നെ ഡല്‍ഹിയിലേക്ക് നിങ്ങള്‍ അയക്കുകയാണെങ്കില്‍ പ്രത്യേക പദവി എന്ന നിങ്ങളുടെ വാഗ്ദാനം ഞാന്‍ ഉറപ്പായും നിറവേറ്റും’ എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആന്ധ്രയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നത് . പിന്നീട് പ്രധാനമന്ത്രി ആയശേഷം ആന്ധ്രയുടെ പുതിയ തലസ്ഥാന നഗരമായ അമരാവതിയുടെ ശിലാസ്ഥാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറയുന്നു; ഈ അമരാവതിയില്‍ നിന്നുകൊണ്ട് ആന്ധ്രപ്രദേശിലെ ജനങ്ങള്‍ക്ക് ഒരു ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, റിഓര്‍ഗനൈസേഷന്‍ ആക്റ്റുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഇന്ത്യ ഗവണ്‍മെന്റ് പൂര്‍ത്തീകരിച്ചിരിക്കും.

മോദിയുടെ ഈ വാഗ്ദാനം നല്‍കല്‍ പ്രസംഗങ്ങളാണ് നായിഡു നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ടിഡിപിയുടെ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ സഭ പിരിഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ട് നായിഡു പറയുന്നു; ഞങ്ങള്‍ നീതിയാണ് തേടിയത്. എന്നാല്‍ അതിനു പകരം ഞങ്ങളെ ആക്രമിക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിച്ചത്. ചര്‍ച്ചയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സഭയില്‍ എങ്ങനെയാണ് ബില്ലുകള്‍ പാസാക്കപ്പെടുന്നത്, സര്‍ക്കാര്‍ എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്, അതിലെത്രയെണ്ണം പാലിച്ചിട്ടുണ്ട്, എത്രയെണ്ണം പാലിച്ചിട്ടില്ല, ഇതേക്കുറിച്ചെല്ലാം സര്‍ക്കാര്‍ ജനങ്ങളോട് സത്യം പറയണം, പക്ഷേ അവര്‍ നിരുത്തരവാദപരമായി പെരുമാറുകയാണ് ചെയ്തത്. അവര്‍ സഭയില്‍ വന്നു, അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ പോവുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ടുകള്‍ക്കായി എല്ലാ യുട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഞങ്ങള്‍ നല്‍കിയതാണ്. എന്നാല്‍ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്ന നുണയാണ് ബിജെപി നേതാക്കള്‍ പരത്തുന്നത്. ഒരു സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിയോട് ഞാന്‍ ചോദിക്കുകയാണ്, താങ്കള്‍ക്ക് ഇതെക്കുറിച്ചെല്ലാം വല്ല അറിവും ഉണ്ടോ? താങ്കളില്‍ നിന്നും ഞാന്‍ ഉത്തരം പ്രതീക്ഷിക്കുകയാണ്; നായിഡു പ്രധാനമന്ത്രി മോദിയോടായി ചോദിക്കുന്നു.

എന്നെ മോശക്കാരനാക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വളരെ കരുതലോടെ തന്നെ എല്ലാ രേഖകളും തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. വസ്തുതകളെ വ്യതിചലിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്തെങ്കിലുമൊക്കെ കുറ്റങ്ങള്‍ കണ്ടെത്തി നമ്മളെ മോശക്കാരാക്കി സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് തരാതിരിക്കാനും അവര്‍ നോക്കും. താത്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി ആന്ധ്രയെ ചതിക്കുകയാണ്. പക്ഷേ ഈ രാജ്യത്തെ സംബന്ധിച്ച് ഇതൊരിക്കലും ശരിയായ രീതിയല്ല; നായിഡു കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും കൂട്ടിച്ചേര്‍ത്ത് ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയാണ് ചന്ദ്രബാബു നായിഡു. എല്ലാ കക്ഷികളുടെയും ഒരു യോഗവും അദ്ദേഹം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കാതിരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനസേന, ബിജെപി എന്നി പാര്‍ട്ടികള്‍ക്കു നേരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ അവകാശം നിഷേധിക്കുന്നതിനെതിരേ ഒരുമിച്ചു നിന്നുപോരാടേണ്ട സമയത്ത് രാഷ്ട്രീയനീക്കങ്ങളുമായി ഒഴിഞ്ഞുമാറി നില്‍ക്കുകയാണ് ചിലരെന്നായിരുന്നു നായിഡുവിന്റെ വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍