UPDATES

ട്രെന്‍ഡിങ്ങ്

പ്രളയദുരിതാശ്വാസ ഫണ്ട്: കേന്ദ്രം കനിഞ്ഞാല്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും വിദേശത്തേക്ക്; സംസ്ഥാനത്തുണ്ടാവുക 3 പേര്‍

ഇത്രയും മന്ത്രിമാര്‍ ഒരുമിച്ച് ഫണ്ട് ശേഖരണത്തിനായി പോകേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കേരള മന്ത്രിമാര്‍ നടത്താനിരുന്ന യാത്രയ്ക്ക് വലിയ പ്രതിസന്ധിയാണ് അവസാന നിമിഷത്തിൽ നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര അനുമതിയും വിസയും ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

മുഖ്യമന്ത്രിക്കു മാത്രം കര്‍ശന ഉപാധികളോടെ യാത്ര നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം വിദേശ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടാഴ്ച മുമ്പ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. ബുധനാഴ്ചയ്ക്കകം അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര മുടങ്ങിയേക്കും. എന്നാല്‍ ഇത്രയധികം മന്ത്രിമാര്‍ ആരുടെ ക്ഷണപ്രകാരമാണ് വിദേശത്തേക്കു പോകുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം ചോദിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുടെ പൊതുവേദിയായി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ പങ്കെടുക്കാനുള്ള ചില സംഘടനകളുടെ ക്ഷണപ്രകാരമാണ് യാത്രയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

എന്നാല്‍, ഇത്രയും മന്ത്രിമാര്‍ ഒരുമിച്ച് ഫണ്ട് ശേഖരണത്തിനായി പോകേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ 17 മന്ത്രിമാരും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇനി അപേക്ഷ നല്‍കിയാലും ഫലമുണ്ടാവില്ല. അതേസമയം, കേന്ദ്രാനുമതി ഇല്ലെങ്കിലും മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാം. നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു മാത്രം. നിലവിലെ തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി 17-ന് യുഎഇയില്‍ എത്തും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.

മൂന്ന് എമിറേറ്റിലും വ്യവസായ-വാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വൈകിട്ട് പ്രവാസി മലയാളികളോട് മുഖ്യമന്ത്രി സംസാരിക്കും. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 18-ന് വിവിധ പരിപാടികളില്‍ സംസാരിക്കും. അന്നു വൈകിട്ട് ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടി. 19ന് ദുബൈയിലായിരിക്കും പരിപാടികള്‍.

പ്രവാസി മലയാളികളുടെ യോഗം വിളിക്കാന്‍ ലോക കേരള സഭാ പ്രതിനിധികളോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ യോഗങ്ങളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ സംസ്ഥാനത്തെ സ്ഥിതി വിവരിച്ചു സഹായം അഭ്യര്‍ത്ഥിക്കും. മന്ത്രിമാരുടെ സന്ദര്‍ശനത്തിനുള്ള ഔദ്യോഗിക രേഖകള്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന മുറയ്ക്കായിരിക്കും സന്ദര്‍ശനം. മന്ത്രിമാരുടെ വിദേശയാത്ര കണക്കിലെടുത്ത് അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്തും.

മന്ത്രി എ.കെ.ബാലന്‍, നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനൊപ്പം 18ന് സൗദിയിലെ ദമാമിലും 20-ന് ജിദ്ദയിലും എത്തും. മാത്യു ടി.തോമസ് 19-ന് സൗദിയിലെ റിയാദിലും 21നു നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലും എത്തും. മന്ത്രി എ.സി. മൊയ്തീന്‍ 19-ന് ഒമാനിലെ മസ്‌കറ്റിലും 20-ന് സലാലയിലും എത്തും. കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ ഒപ്പമുണ്ടാകും. 19ന് കെ.ടി ജലീല്‍ ഖത്തറിലെ ദോഹയിലും എം.എം മണി ബഹ്‌റൈനിലും ഫണ്ട് ശഖരിക്കും. ഇ.പി ജയരാജന്‍ 20-ന് കുവൈത്ത് സിറ്റിയിലും ഇ. ചന്ദ്രശേഖരന്‍ 21-ന് സിംഗപ്പൂരിലും പി. തിലോത്തമന്‍ 21-ന് മലേഷ്യയിലെ ക്വാലലംപൂരിലും പര്യടനം നടത്തും. മേഴ്‌സിക്കുട്ടിയമ്മ സിഡ്‌നിയില്‍ 20-നും മെല്‍ബണില്‍ 21-നും എത്തും. രാമചന്ദ്രന്‍ കടന്നപ്പള്ളി ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 21-നു സന്ദര്‍ശിക്കും.

കടകംപള്ളി സുരേന്ദ്രന്‍ 21-ന് ലണ്ടനിലെത്തും. എ.കെ ശശീന്ദ്രന്‍ 21-ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അമേരിക്കയിലെ ഫണ്ട് സമാഹരണച്ചുമതല തോമസ് ഐസക്കിനും ജി. സുധാകരനുമാണ്. ഐസക് 20-ന് ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, 21-ന് ഷിക്കാഗോ. ജി.സുധാകരന്‍ 19-ന് വാഷിങ്ടണ്‍, 20-ന് ടെക്‌സാസ്, 21-ന് ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ എത്തും. വി എസ് സുനില്‍കുമാര്‍ 21-ന് കാനഡയിലെ ലിവര്‍പൂളിലും ടൊറന്റോയിലും എത്തും. ടി.പി രാമകൃഷ്ണന്‍ 17-ന് ശ്രീലങ്കയിലെ കൊളംബോയിലെത്തും.

അതെ സമയം പ്രളയ ദുരിതാശ്വാസത്തിനായി വിദേശ യാത്രകൾ തീരുമാനിച്ചതിനു പിന്നാലെ കേരളത്തിലും വിവാദങ്ങളും ഉടലെടുത്തിരുന്നു. ആധുനിക സംവിധാനങ്ങളുടെ കാലത്ത് ധനശേഖരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയുടെ ആവശ്യമില്ലെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ ഇനിയും പൂർണമായും അവസാനിച്ചിട്ടില്ല.

പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭ ആയിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾ ഏകോപിപ്പിക്കുക എന്നായിരുന്നു ആദ്യം സർക്കാർ അറിയിച്ചത്. എന്നാൽ യാത്രയുടെ തീയ്യതി അടുത്തെത്തിയിട്ടും ഏതു രീതിയിൽ, എത്ര രൂപ വരെ സമാഹിക്കാനാകും, എങ്ങനെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇനിയും ലോക കേരളാ സഭ സെക്രട്ടേറിയറ്റോ ബന്ധപ്പെട്ടവരോ അറിയിച്ചിട്ടില്ല.

നവകേരള നിർമിതി എന്ന ആശയത്തോട് രാഷ്ട്രീയഭേദമന്യേ എല്ലാവരും യോജിച്ച നിലപാടാണ് എടുത്തിട്ടുള്ളത്. നവകേരള നിർമിതിക്കു പണം തേടിയുള്ള മന്ത്രിമാരുടെ യാത്രയിൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, വനം മന്ത്രി കെ രാജു എന്നിവർ മാത്രമാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടാകുക.

പ്രളയാനന്തരം സംസ്ഥാനത്തെ പ്രധാന ജോലികൾ നടന്നു കൊണ്ടിരിക്കെ ഈ ഉദ്യോഗസ്ഥരുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഗുരുതരമായിരിക്കും. കുറഞ്ഞ ദിവസങ്ങൾ ആണെങ്കിൽ പോലും, ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്ന് ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി കുറ്റമറ്റ രീതിയിൽ, വിവാദരഹിതമായി തന്നെ വിദേശ യാത്രകളുടെ കാര്യത്തിലും നിലപാടുകൾ എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

ഡാറ്റ വെച്ചു സംസാരിക്കുമ്പോള്‍ മുട്ടിടിക്കും; എന്തുകൊണ്ടാണ് ചാനലുകള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് അവസാനിപ്പിച്ച് ചര്‍ച്ചാതൊഴിലാളികളിലേക്ക് പോയത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍