UPDATES

പ്രവാസം

‘വാക്കിന് വിലയില്ലാത്തവർ ഏത് പദവിയിൽ ഇരുന്നിട്ടും കാര്യമില്ല’; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

നമ്മുടെ നാടിനെ തകർക്കാൻ വരുന്ന എല്ലാ ശക്തികളെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും..പുതിയ കേരളം നമ്മൾ ഒരുമിച്ച് ഉണ്ടാക്കും

പ്രളയാനന്തരം സംസ്ഥാനത്തിന്റെ ദുരിതാശ്വാസത്തിനായി സഹായം അഭ്യര്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ യു എ ഇ പര്യടനം ഇന്നവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം. വാക്കിന് വിലയില്ലാത്തവർ ഏത് പദവിയിൽ ഇരുന്നിട്ടും കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആണ് നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശിത വിമർശനം. ദുബൈയിൽ നടന്ന പൊതുപരിപാടിയിലാണ് മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ പിണറായി വിജയൻ ആഞ്ഞടിച്ചത്.

“നമ്മള്‍ വാക്കിന് വിലനല്‍കുന്നവരാണല്ലോ. വാക്കിന് വിലയില്ലാതായാല്‍ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തോട് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ സഹായമഭ്യര്‍ത്ഥിക്കാനായി അനുമതി ചോദിച്ചപ്പോള്‍ സൌഹാര്‍ദ്ദപൂര്‍വ്വം അനുവദിച്ചിരുന്നു. എന്നാല്‍, മലയാളി സമൂഹത്തോട് മാത്രമല്ല വിദേശ രാജ്യങ്ങളിലെ വിവിധ ചാരിറ്റി ഓര്‍ഗൈസേഷനില്‍ നിന്നും സഹായം വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ലഭിക്കാതായി”. മുഖ്യമന്തി പറഞ്ഞു.

മന്ത്രിമാർക്ക് വിദേശരാജ്യങ്ങളിൽ സന്ദർശനാനുമതി തടഞ്ഞ നടപടിയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എല്ലാ സഹായവും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാക്കുമാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രളയ കെടുതിക്ക് പരിഹാരം കാണാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനായിരുന്നു അടുത്ത ഉന്നം. എന്നാൽ ഇതുകൊണ്ടൊന്നും കേരളത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന ഓർമപ്പെടുത്താനും മുഖ്യമന്ത്രി മറന്നില്ല.

“നമ്മുടെ നാടിനെ തകർക്കാൻ വരുന്ന എല്ലാ ശക്തികളെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും..പുതിയ കേരളം നമ്മൾ ഒരുമിച്ച് ഉണ്ടാക്കും”. പിണറായി വിജയൻ പറഞ്ഞു. ദുബൈ അൽനാസർ ലിഷർലാൻറിലെ വേദിയിൽ വലിയ ആവേശത്തോടെയാണ് മലയാളികൾ മുഖ്യമന്ത്രിയുടെ പ്രസംഗം സ്വീകരിച്ചത്. എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പൻ എന്നിവരും സന്നിഹിതരായിരുന്നു.

ഷാർജയിൽ വൈകീട്ട് നടക്കുന്ന മലയാളികളുടെ പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ യു ഇ സന്ദർശനം ഇന്നവസാനിക്കും. തിങ്കളാഴ്ച മുതൽ മുഖ്യമന്ത്രി ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുമായി ബന്ധപ്പെട്ടു ഇടതുപക്ഷം സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിൽ സജീവമാകും.

മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി നൽകിയിരുന്നു. എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല.

നവ കേരള നിർമ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതുയോഗത്തിൽ സംസാരിച്ചു.

പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാൽ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.

പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത്‌ ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാൽ നമ്മുടെ കാര്യം വന്നപ്പോൾ നമുക്കാർക്കും മനസ്സിലാകാത്ത നിലപാട്സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനർനിർമ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകണം.

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

പ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തിന് ഐക്യദാർഢ്യം അറിയിച്ച് അറ്റ്ലസ് രാമചന്ദ്രൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍