UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മന്‍ ചാണ്ടിയുടെയും എംഎം ഹസന്റെയും അറിവോടെ കോണ്‍ഗ്രസ് ഓഫീസ് വിറ്റത് ഒന്നര കോടി രൂപയ്ക്ക്

കാലടി ബ്ലോക്കില്‍ നിന്നും കെപിസിസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഒ ജോണിനെതിരെ കോണ്‍ഗ്രസ് ഓഫീസ് വിറ്റെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി

കാലടി ബ്ലോക്കില്‍ നിന്നും കെപിസിസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഒ ജോണിനെതിരെ കോണ്‍ഗ്രസ് ഓഫീസ് വിറ്റെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി. ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബുവാണ് പരാതി നല്‍കിയത്. ആലുവയിലെ കോണ്‍ഗ്രസ് ഓഫീസ് സ്വന്തം പേരില്‍ വാങ്ങിയെന്ന് എംഒ ജോണിനെതിരെ നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ഒന്നര കോടി രൂപയ്ക്ക് ഓഫീസ് വിറ്റെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ആലുവയില്‍ കോണ്‍ഗ്രസിന് ഓഫീസ് ഇല്ലാതായിരിക്കുകയാണ്.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി താല്‍ക്കാലിക പ്രസിഡന്റ് എംഎം ഹസന്റെയും അനുമതിയോടെയാണ് ഓഫീസ് വിറ്റതെന്ന് എംഒ ജോണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 1992ലാണ് ആലുവയില്‍ പാര്‍ട്ടി ഓഫീസ് പണിയുന്നതിനായി ആലുവ ബ്രിഡ്ജ് റോഡില്‍ സ്ഥലവും പഴയ കെട്ടിടവും വാങ്ങിയത്. ആലുവ റേഞ്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ പണം അതിന്റെ പ്രസിഡന്റിന്റെ പേരില്‍ നിക്ഷേപിച്ചിരുന്നത് എടുത്താണ് സ്ഥലം വാങ്ങിയതെന്ന് ഒരുവിഭാഗം പറയുന്നു.

പഴയ കെട്ടിടം പൊളിച്ചു കളഞ്ഞ് 19 ലക്ഷം രൂപ ചെലവിട്ട് 2,025 ചതുരശ്ര അടിയില്‍ രണ്ട് നിലകളുള്ള കെട്ടിടം പണിയുകയായിരുന്നു. കോണ്‍ഗ്രസ് ഹൗസ് എന്നാണ് ഉദ്ഘാടന സമയത്ത് ഇതിന് പേരിട്ടിരുന്നത്. കെട്ടിടം കെപിസിസിയ്ക്ക് കൈമാറുന്നതിനുള്ള രേഖ എംഒ ജോണ്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തിരുന്നതായും പരാതിക്കാരന്‍ പറയുന്നു. ഈ സ്ഥലവും കെട്ടിടവും ഉളിയന്നൂര്‍ സ്വദേശി കെ എ നാസറിന് തീറെഴുതി നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. പുതിയ ഉടമകള്‍ കെട്ടിടം ഏറ്റെടുത്തതോടെ ആലുവയില്‍ കോണ്‍ഗ്രസിന് ഓഫീസ് ഇല്ലാതായിരിക്കുകയാണ്.

അതേസമയം വില്‍പ്പന നടത്തിയത് തന്റെ സ്വന്തം പേരിലുള്ള സ്ഥലമാണെന്നാണ് എംഒ ജോണ്‍ മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചത്. തന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഒരു ചെറിയ മുറിയിലാണ് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അസൗകര്യങ്ങളുള്ള ഈ കെട്ടിടത്തിന് പകരം മറ്റൊരു കെട്ടിടം പണിത് നല്‍കുമെന്നും ജോണ്‍ പറയുന്നു. ഇതിനായി ആലുവ ഫെഡറല്‍ ജംഗ്ഷന് സമീപം ഏഴര സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ പുരോഗമിക്കുകയാണെന്നും ജോണ്‍ വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍