UPDATES

സിനിമാ വാര്‍ത്തകള്‍

പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ അനുകരിച്ചാല്‍ പുറത്താക്കും; കോളേജിന്റെ പേരിലിറങ്ങുന്ന നോട്ടീസ് വ്യാജം

ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയുടെ മുന്നോടിയായി ഫെബ്രുവരി ഒമ്പതിനാണ് ഗാനരംഗം യൂടൂബിലൂടെ പുറത്തുവന്നത്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അടാറ് ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനത്തില്‍ പ്രിയ പ്രകാശ് വാര്യര്‍ നടത്തുന്ന കണ്ണിറുക്കല്‍ അനുകരിച്ചാല്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന കോളേജ് സര്‍ക്കുലര്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രിയയുടെ ഈ വീഡിയോയ്ക്കും പിന്നാലെ പ്രിയയ്ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇറക്കിയ വീഡിയോയ്ക്ക് പല വെര്‍ഷനുകളും ഇറങ്ങുകയും ചെയ്തു. ഫെബ്രുവരി ഒമ്പതിന് യൂ ടൂബിലൂടെ മൂസിക് 247 പുറത്തുവിട്ട സിനിമയുടെ ഒദ്യോഗിക ഗാനം ഇന്നുവരെ അഞ്ചര ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. ഗാനരംഗത്തിനിടെ പ്രിയ നടത്തുന്ന ഒറ്റ കണ്ണിറുക്കലാണ് എല്ലാവരെയും ആകര്‍ഷിച്ചത്. അതേസമയം ഈ കണ്ണിറുക്കല്‍ അനുകരിക്കുന്നവരെ ഒരു വര്‍ഷത്തേക്ക് പുറത്താക്കുമെന്ന കോയമ്പത്തൂരിലെ വിഎല്‍ബി ജാനകിയമ്മാള്‍ കോളേജിന്റെ സര്‍ക്കുലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

എന്നാല്‍ ഈ സര്‍ക്കുലര്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിനുള്ള തെളിവ് പ്രചരിക്കുന്ന സര്‍ക്കുലറില്‍ തന്നെയുണ്ട്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയുടെ മുന്നോടിയായി ഫെബ്രുവരി ഒമ്പതിനാണ് ഗാനരംഗം യൂടൂബിലൂടെ പുറത്തുവന്നത്. അതിന് പിന്നാലെ പലരും വാലന്റൈന്‍സ് സന്ദേശമായി ഈ ഗാനം ഉപയോഗിച്ചതാണ് വീഡിയോയുടെ ജനപ്രീതിയ്ക്ക് കാരണമായത്.

എന്നാല്‍ കോളേജ് ഇറക്കിയെന്ന് പറയുന്ന സര്‍ക്കുലറിലെ തിയതി ജനുവരി 24 ആണ്. ഫെബ്രുവരിയില്‍ വൈറലാകുകയും യുവാക്കള്‍ നെഞ്ചോട് ചേര്‍ക്കുകയും ചെയ്ത ഒരു വീഡിയോയ്‌ക്കെതിരെ ജനുവരിയില്‍ എങ്ങനെയാണ് സര്‍ക്കുലര്‍ ഇറങ്ങുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍