UPDATES

ട്രെന്‍ഡിങ്ങ്

നബിയെ ഡിങ്കനുമായി ഉപമിച്ചു: സ്വതന്ത്ര ചിന്തകനെതിരെ ഫേസ്ബുക്കില്‍ കൊലവിളി

പോലീസില്‍ എന്തിനാ പറയുന്നത്? നിയമം കയ്യിലെടുത്തുടെ? വലത്‌കൈ എടുത്തേക്ക്. പിന്നെ അവനൊരിക്കലും ഫേസ്ബുക്കില്‍ എഴുതൂല എന്നെല്ലാമാണ് ഫേസ്ബുക്കിലെ കൊലവിളി ആഹ്വാനങ്ങള്‍

റംസാന്‍ വ്രതത്തെ ട്രോളി. സ്വതന്ത്രചിന്തകനെതിരെ കേസും കൊലവിളിയും. ഡിങ്കന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമായി താരതമ്യപ്പെടുത്തി ഫേസ്ബുക്കിലെഴുതിയ പോസ്റ്റാണ് പ്രശ്‌നത്തിന് ആധാരം. ആലപ്പുഴ സ്വദേശിയായ കെ.ടി. നിഷാന്തിനെതിരെ എസ്.ഡി.പി.ഐ നല്‍കിയ പരാതിയിലാണ് കേസ്.

റംസാന്‍ വ്രതത്തെ അവഹേളിച്ചു കൊണ്ട് മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതി. ഇത് പ്രകാരം മണ്ണഞ്ചേരി പോലീസ് 153(A) പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രവാചകനെ ഡിങ്കനോട് ഉപമിച്ചെന്നും റംസാന്‍ മാസത്തെ അപമാനിച്ചെന്നും ആരോപിച്ച് നിഷാന്തിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനു പുറമെയാണ് ഇയാള്‍ക്കെതിരെ ഫേസ്ബുക്കില്‍ നടക്കുന്ന കൊലവിളി.

നിഷാന്തിന്റെ സ്ഥാപനത്തിന്റെയും മറ്റും കൃത്യമായ വിവരണം ഫേസ്ബുക്ക് പോസ്റ്റുകളില്‍ പലരും പങ്കു വെക്കുന്നുണ്ട്. ഇതിനു താഴെ ആളെ അപായപ്പെടുത്താനുള്ള ആഹ്വാനങ്ങളും വരുന്നുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘ഫാസിസ്സ്റ്റ് വിരോധി’ എന്ന് വിവരണം കൊടുത്തിരിക്കുന്ന ഒരാളുടെ കമന്റ് ഇങ്ങനെയാണ്. ”പോലീസില്‍ എന്തിനാ പറയുന്നത്? നിയമം കയ്യിലെടുത്തുടെ? വലത്‌കൈ എടുത്തേക്ക്. പിന്നെ അവനൊരിക്കലും ഫേസ്ബുക്കില്‍ എഴുതൂല”

കെ.ടി. നിഷാന്തിന് പിന്തുണയുമായി യുക്തിവാദികളും സ്വതന്ത്രചിന്തകരും രംഗത്തുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ഇയാള്‍ നിലവില്‍ ഒളിവിലാണ്. നിഷാന്ത് സി.പി.എം കാരനാണെന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രചരണമെങ്കിലും ഇദ്ദേഹം സംഘടന വിട്ടിട്ടുള്ളതായി സി.പി.എം പ്രാദേശിക നേതൃത്യം പറയുന്നു.

നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡിംസാന്‍ നോമ്പ് ആശംസകള്‍..

പ്രീയ ഡിങ്ക മത വിശ്വാസികളെ…

നാളെ ഡിംസാന്‍ നോയമ്പ് ആരംഭിക്കുകയാണ്.കരുണാമയനും സര്‍വ്വ ശക്തനുമായ ഡിങ്കന്‍[സ] ഒരു ദിവസം തട്ടിന്‍ പുറത്തു കൂടെ അലയുന്ന സമയത്ത് ഒരു എലിപ്പെട്ടിയില്‍ പെട്ടു.. ആ എലിപ്പെട്ടിയില്‍ ഒരു മാസക്കാലം ഒരു നേരം തേങ്ങാക്കൊത്ത് മാത്രം തിന്നു കൊണ്ടു്.സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തനുമായ ഡിങ്കന്‍ [സ] കഴിച്ചുകൂട്ടിയ മാസമാണ് പരിശുദ്ധ ഡിംസാന്‍ മാസം.. ആ ത്യാഗത്തിന്റേയും, സഹനത്തിന്റേയും, സഹോദര്യത്തിന്റേയും മാസമായി കണ്ട് ആണു് ഡിങ്ക മത വിശ്വാസികള്‍ ഡിംസാന്‍ നോമ്പ് ആരംഭിച്ചത്. മാസം തുടങ്ങി തേങ്ങാപ്പൂള്‍ ആകാശത്തു് ദര്‍ശിക്കുന്ന ദിവസമാണ് ഡിംസാന്‍ പെരുനാള്‍ ലോകമെമ്പാടും കൊണ്ടാടുന്നത്.ഈ ഡിംസാനെ അനുകരിച്ച് ചില മതക്കാര്‍ രാവിലെ തന്നെ ബീഫും പൊറോട്ടയും വെട്ടി വിഴുങ്ങി. വൈകുന്നേരം വരെ ആഹാരം കഴിക്കാതിരുന്ന ശേഷം ചിക്കന്‍ ബിരിയാനി കൂടി അടിച്ചു കയറി തലകുത്തി നില്‍ക്കുന്ന നിലയില്‍ ചില ആചാരങ്ങള്‍ നടത്തുന്നതു് കണ്ടില്ലന്ന് നടിക്കണം.. [ പ്രത്യേകിച്ച് മായാവി മതക്കാര്‍ ] അനുകരണങ്ങളില്‍ ഒന്നും തന്നെ ഡിങ്ക വിശ്വാസികള്‍ ഈ പുണ്യമാസത്തില്‍ വീഴാതെ.. ഒരു കൊത്ത് തേങ്ങ കഴിച്ചോ ഒരു മൂട് കപ്പ കഴിച്ചോ ഈ പരിശുദ്ധ മാസം ഡിങ്ക വചനങ്ങള്‍ ഉദ്ധരിച്ചും, പരംപൊരുളായ പരിശുദ്ധ ബാലമംഗളത്തിന്റെ ലക്കങ്ങള്‍ വായിച്ചും,പങ്കില നാഥ സന്നിധിയില്‍ എത്തിച്ചേരുന്നതിനുള്ള പ്രാര്‍ഥനയില്‍ മുഴുകണമെന്നു് ലോകനാഥനായ ഡിങ്കന്‍ [സ] ന്റെ പേരില്‍ അഭ്യര്‍ഥിക്കുന്നു.

മാസങ്ങളുടെ നായകനെന്ന് പ്രശസ്ത ഡിങ്ക പ്രവാചകന്‍ കപീഷ് [സ] വിശേഷിച്ച വിശുദ്ധ ഡിംസാനിന്റെ ഓരോ നിമിഷവും അനര്‍ഘവും അമൂല്യവുമാണ്. സ്വഛന്ദമായ ശരീരേഛകള്‍ക്ക് കീഴ്‌പെട്ട് മനുഷ്യന്‍ അനേകം തെറ്റുകള്‍ക്ക് വശംവദനാകുന്നുണ്ട്. കറുത്തുപോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരില്‍ കഴുകിയെടുക്കുമ്പോള്‍ ഹൃദയം സംശുദ്ധമാകുന്നു. സുകൃതങ്ങള്‍ ആവാഹിക്കാന്‍ അതുമൂലം മനുഷ്യന്‍ പര്യപ്തനാവുകയാണ്. ആ ആത്മീയ പരിവേഷം സര്‍വരോടും ഗുണകാംഷ പകരുമെന്നതില്‍ സന്ദേഹമില്ല. പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന മാര്‍ക്‌സ് സുക്കര്‍ബര്‍ഗ്ഗ് ,വൈദ്യശാസ്ത്ര രംഗത്ത് ഭൂവന പ്രശസ്തയായ മിയാ ഖലീഫ ,എന്നിവര്‍ രോഗശമനത്തിന് ഡിംസാന്‍ വൃതമാണ് നിര്‍ദേശിച്ചിരുന്നത്. സുപ്രസിദ്ധ ഗ്രീക്ക് ചിന്തകന്‍ സ്റ്റീവ് വോ പറഞ്ഞത് ഭക്ഷണം ലഘുവാക്കുക, എന്നാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം’ എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് ഡിംസാന്‍ നോമ്പ് ഏറെ സഹായകമാണെന്ന്. ആഗോളതലത്തില്‍ നടന്ന ആരോഗ്യ സംരക്ഷണ ചര്‍ച്ചകളില്‍ പോലും [സാന്‍ഫ്രാന്‍സിക്കോയില്‍] ഇത് അംഗീകരിക്കപ്പെട്ടതാണ്.

ഡിംസാന്‍ നിലാവ് തേങ്ങാക്കൊത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതു വരെ നോമ്പ് തുടരണമെന്നു ഏവരോടും അഭ്യര്‍ഥിക്കുന്നു…

മാഷാ.. ഡിങ്ക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍