UPDATES

ആദിവാസി വിദ്യാര്‍ത്ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനവും ജാതിയാക്ഷേപവും; അടിയേറ്റ് കൈ മുറിഞ്ഞു

ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം

ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്നാരോപിച്ച് ഇടമലക്കുടി സ്വദേശിയായ മുതുവ വിഭാഗത്തില്‍പ്പെട്ട ആദിവാസി വിദ്യാര്‍ത്ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനവും ജാതിപറഞ്ഞുള്ള ആക്ഷേപവും എന്നു പരാതി. വിദ്യാര്‍ത്ഥിനി തന്നെയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള മഹിള സമഖ്യ സൊസൈറ്റിക്ക് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതി ബോധ്യപ്പെട്ട മഹിള സമഖ്യ ഇടുക്കി എസ് പി ക്ക് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

മറയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മഞ്ജു പി ആണ് അധ്യാപിക സുമയ്‌ക്കെതിരേ പരാതി നല്‍കിയത്. മഹിള സമഖ്യയുടെ കീഴിലുള്ള മഹിള ശിക്ഷണ്‍ കേന്ദ്ര(എംഎസ്‌കെ)ത്തിലെ കുട്ടിയാണ് മഞ്ജു. മുഖ്യധാര വിദ്യാഭ്യാസത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതാണ് മഹിള ശിക്ഷണ്‍ കേന്ദ്രം.

മഞ്ജു പരാതിയില്‍ പറയുന്നത്; ഈ മാസം 21 ആം തീയതി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് തന്നെ വഴക്കു പറയുകയും തല്ലുകയും ചെയ്തുവെന്നാണ്. അടിയേറ്റ് കൈമുറിഞ്ഞതായും മഞ്ജു പറയുന്നു. കൂടാതെ ജാതിയമായി ആക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. നിങ്ങളുടെ ജാതിയിലെ കുട്ടികള്‍ക്ക് മാത്രം എന്താ സര്‍ട്ടിഫിക്കറ്റുകള്‍ തന്നാല്‍ എന്നു ചോദിച്ചാണ് ടീച്ചര്‍ തല്ലിയതെന്നാണ് മഞ്ജു പറയുന്നത്. അധ്യാപികയുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഈ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

"</p

മഞ്ജുവിന്റെ പരാതി കിട്ടിയതിനെ തുടര്‍ന്നാണ് മഹിള സമഖ്യ ഇടുക്കി പൊലീസ് സൂപ്രണ്ടിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. ഇടുക്കിയിലെ മറയൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ നിന്നും മഞ്ജുവിനെ കൂടാതെ രാധിക, വീണ എന്നീ കുട്ടികളും മറയൂര്‍ ഗവ. ഹൈസ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്നുണ്ട്. ഈ കുട്ടികളെയും അധ്യാപിക ഇതേ കാരണത്താല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് മഹിള സമഖ്യ ആവശ്യപ്പെടുന്നത്.

കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിനു വേണ്ടിയാണ് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കുട്ടികള്‍ അവരുടെ വീടുകള്‍ അറിയിച്ചതുമാണ്. വീട്ടുകാര്‍ വരുത്തിയ കാലതാമസത്തിന് അധ്യാപകര്‍ കുട്ടികളെ മര്‍ദ്ദിക്കുന്നതില്‍ എന്തു ന്യായീകരണമാണ്. മര്‍ദ്ദിക്കുക മാത്രമല്ല, ജാതിപറഞ്ഞ് ആക്ഷേപിക്കുകയുമാണ്. ഒരധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണിത്; മഹിള സമഖ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട സമയം കഴിഞ്ഞിട്ടും അതിനു തയ്യാറായില്ലെന്നാണ് അധ്യാപിക സുമ പറയുന്നത്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പിനു വേണ്ടി തന്നെയാണ്. ജൂണ്‍ മാസം മുതല്‍ ഇക്കാര്യം കുട്ടികളോട് പറയുന്നതാണ്. റിപ്പോര്‍ട്ട് കൊടുത്തില്ലെങ്കില്‍ എന്റെ ജോലി പോകും. കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയൊരാളാണ് ഞാന്‍. ജാതി പറഞ്ഞ് ആരെയും ആക്ഷേപിച്ചില്ലെന്നും എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ട കുട്ടികളെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടും നിങ്ങള്‍ മാത്രമെന്താണ് നല്‍കാത്തതെന്നാണ് ചോദിച്ചതെന്നും സുമ മഹിള സമഖ്യപ്രവര്‍ത്തകയോട് വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍