UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് നേതാവ് രണ്ടര വര്‍ഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കള്‍ക്കൊപ്പം ജോലിക്കെത്തിയിരുന്ന പതിനേഴുകാരിയെ

വിവരം പുറത്തറിഞ്ഞതിനു ശേഷം അനവധി തവണ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടായതായും

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ഒ.എം. ജോര്‍ജിനെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തിരിക്കുന്നത്. വീട്ടില്‍ ജോലിക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ദീര്‍ഘകാലമായി ഉപദ്രവിച്ചിരുന്നെന്ന പരാതി ചൈല്‍ഡ് ലൈനില്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്.

മാതാപിതാക്കള്‍ക്കൊപ്പം ജോര്‍ജിന്റെ വീട്ടില്‍ രണ്ടര വര്‍ഷത്തോളമായി ജോലിക്കെത്തിയിരുന്ന പതിനേഴു വയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് വിവരം പുറം ലോകമറിയുന്നത്. പോക്സോ ആക്ട് പ്രകാരവും എസ്.സി/എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. പണിയ വിഭാഗത്തില്‍പ്പെട്ടയാളാണ് പെണ്‍കുട്ടി. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. എസ്.എം.എസ് ഡി.വൈ.എസ്.പിയാണ് കേസ് കൈകാര്യം ചെയ്യുന്നത്.

വിഷയം പുറത്തറിഞ്ഞതോടെ ആദിവാസി അവകാശപ്രവര്‍ത്തകരും ഇടപെട്ടിട്ടുണ്ട്. ജോര്‍ജ് കര്‍ണാടകത്തിലേക്ക് ഒളിവില്‍ പോയിരിക്കാനാണ് സാധ്യതയുള്ളതായാണ് തങ്ങള്‍ക്കു ലഭിക്കുന്ന റിപ്പോര്‍ട്ടുകളെന്നും, അധികാരവും സ്വാധീനവുമുപയോഗിച്ച് രക്ഷപ്പെട്ടേക്കുമെന്ന് തങ്ങള്‍ സംശയിക്കുന്നതായും ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അമ്മിണി പറയുന്നു. ഇന്നലെ വിവരം പുറത്തറിഞ്ഞതിനു ശേഷം അനവധി തവണ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടായതായും അമ്മിണി ആരോപിക്കുന്നുണ്ട്. കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പലരും സമീപിക്കുന്നതായും, എത്രയും പെട്ടന്ന് പ്രതിയെ പിടികൂടി ശിക്ഷിക്കണമെന്നും ആദിവാസി സംഘടനകള്‍ പറയുന്നു.

എന്നാല്‍, പെണ്‍കുട്ടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ഒ.എം ജോര്‍ജിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ ചുമതലകളില്‍ നിന്നും മാറ്റുന്നതോടൊപ്പമാണിതെന്ന് ഡി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ ഐ.സി. ബാലകൃഷ്ണന്‍ പറയുന്നു. ‘തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പ്രതിയെ അറസ്റ്റു ചെയ്തിരിക്കണം. പാര്‍ട്ടിതല അന്വേഷണത്തിനു ശേഷം ജോര്‍ജിനെ സസ്പെന്റു ചെയ്തിട്ടുണ്ട്. ഒളിവിലാണെന്ന വാര്‍ത്തകളെക്കുറിച്ച് ഒന്നുമറിയില്ല.’ ബത്തേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ബത്തേരി സഹകരണ ബാങ്ക് വൈസ് ചെയര്‍മാനും കൂടിയാണ് ജോര്‍ജ്. കുറ്റം തെളിഞ്ഞാല്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുമെന്നും കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍