UPDATES

കേരളം

‘നേതാക്കള്‍ മക്കളെ പഠിപ്പിച്ച് വലുതാക്കും, ഹര്‍ത്താല്‍ നടത്താന്‍ പാവപ്പെട്ടവന്റെ മക്കളും’: ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

പാര്‍ട്ടി നേതാക്കളെ ആരെയാണെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് നെയ്യാറ്റിന്‍കര സനല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കുടുംബത്തെയും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. ശാസ്തമംഗലം മണ്ഡലം സെക്രട്ടറി ടി ദേവന്‍ നായരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട സന്ദേശമാണ് ദേവന്‍ പ്രചരിപ്പിച്ചതെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. ഇത് തങ്ങളുടെ പാര്‍ട്ടി കാര്യമാണെന്നും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് നെയ്യാറ്റിന്‍കര സനല്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. ആരോ അയച്ച വാട്‌സ്ആപ്പ് സന്ദേശം ദേവന്‍ ഗ്രുപ്പില്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഇത് രമേശ് ചെന്നിത്തല എന്നല്ല, പാര്‍ട്ടി നേതാക്കളെ ആരെയാണെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ പ്രചരിപ്പിച്ചാല്‍ ഞങ്ങള്‍ താക്കീത് ചെയ്യാറുണ്ട്. പാര്‍ട്ടിയ്ക്ക് അകത്ത് നടക്കുന്ന ആഭ്യന്തര കാര്യമാണ് അത്. അതിന് പ്രചാരം കൊടുക്കേണ്ടതല്ല. സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള കത്ത് ഏതോ തല്‍പ്പര കക്ഷികള്‍ പത്രത്തില്‍ കൊടുത്തതാണ്. ദേവന് രമേശ് ചെന്നിത്തലയുമായി നേരിട്ട് അടുപ്പമുള്ളതാണ്. അദ്ദേഹത്തോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ നേരിട്ട് പറയുകയായിരുന്നു വേണ്ടത്. അല്ലാതെ വാട്‌സ്ആപ്പ് വഴിയല്ല അറിയിക്കേണ്ടിയിരുന്നത്. രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാള്‍ നടത്തുന്ന ശ്രമത്തെ ഒരു കോണ്‍ഗ്രസ് ഭാരവാഹി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു.

അതേസമയം ദേവന്‍ നായര്‍ പറയുന്നത് മറ്റൊന്നാണ്. സെപ്തംബറില്‍ തനിക്ക് വാട്‌സ്ആപ്പ് സന്ദേശമായി ലഭിച്ച ഒരു ട്രോള്‍ ഇവിടുത്തെ മണ്ഡലം പ്രസിഡന്റിന് ഫോര്‍വേഡ് ചെയ്തു. ഇങ്ങനെയൊരു പ്രചരണം നടക്കുന്നുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. നേതാക്കളുടെ മക്കളെ പഠിപ്പിച്ച് വലുതാക്കുകയും പാവപ്പെട്ടവന്റെ മക്കളെ ഹര്‍ത്താല്‍ നടത്താന്‍ പറഞ്ഞു വിടുകയും ചെയ്യുന്നുവെന്നായിരുന്നു ആ ട്രോളിന്റെ ഉള്ളടക്കം. അതേസമയം സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും പത്രവാര്‍ത്തയില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെയുള്ള പ്രവര്‍ത്തകരോട് കൂടിയാലോചിച്ച് തുടര്‍ന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് ദേവന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍