UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാറിന് ആയുധം താലത്തില്‍ വച്ചുകൊടുത്ത് കോണ്‍ഗ്രസിന്റെ നാണംകെട്ട പിന്മാറ്റം

കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മലക്കം മറിഞ്ഞ് വിശ്വാസികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് കോണ്‍ഗ്രസാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതില്ലെന്നാണ് കെ പി സി സി രാഷ്ട്രീയകാര്യ സമിതി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സമരം കോണ്‍ഗ്രസിന്റെ ബാനറില്‍ നടത്തേണ്ടതില്ല. പ്രശ്‌നത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും സമരത്തിന് പിന്തുണ നല്‍കുമെന്നുമാണ് അവരുടെ ഇപ്പോഴത്തെ നിലപാട്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് സുപ്രിംകോടതിയുടെ ഭരണഘടന ബഞ്ച് വിധിച്ചത് ഇക്കഴിഞ്ഞ സെപ്തംബര്‍ 28നാണ്. 1991ലെ ഹൈക്കോടതി വിധിയാണ് ഇതിലൂടെ സുപ്രിംകോടതി മറികടന്നത്. ശബരിമലയില്‍ പത്തിന് അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശനം നിഷേധിക്കണമെന്നായിരുന്നു 91ലെ ഹൈക്കോടതി വിധി. തുല്യത എന്ന ഭരണഘടനാവകാശമാണ് ഹൈക്കോടതി വിധി കൊണ്ട് ഇല്ലാതായത്. ആ തുല്യത തിരിച്ചു നല്‍കുക എന്ന ചരിത്രപരമായ കടമയാണ് ഈ വിധിയിലൂടെ സുപ്രിംകോടതി നിര്‍വഹിച്ചത്. വിധി പ്രഖ്യാപനമുണ്ടായ ആദ്യ ദിവസങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ് എല്ലാക്കാലത്തും ഹിന്ദുവര്‍ഗ്ഗീയത വോട്ടാക്കി മാറ്റിയിരുന്ന ബിജെപി ചെയ്തത്. വിധിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ആദ്യഘട്ടത്തില്‍ ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നുമുണ്ടായത്. എന്നാല്‍ ആര്‍എസ്എസിനേക്കാള്‍ മുമ്പേ ഈ കോടതി വിധിയെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ആയുധമായി ഓട്ടം തുടങ്ങിയ കോണ്‍ഗ്രസ് ഇപ്പോള്‍ അവരേക്കാള്‍ ബഹുദൂരം പിന്നിലായിരിക്കുന്നുവെന്ന് കാണാം. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മലക്കം മറിഞ്ഞ് വിശ്വാസികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് കോണ്‍ഗ്രസാണ്. അതും എഐസിസി ഈ വിഷയത്തിലെടുത്ത നിലപാട് തള്ളിക്കളഞ്ഞ്.

‘സുപ്രിംകോടതിയുടേത് ചരിത്രവിധി, തുല്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്പ്പ്. വിശ്വാസികള്‍ക്കിടയില്‍ വിവേചനം പാടില്ല’ എന്നായിരുന്നു എഐസിസിയുടെ പ്രതികരണം. അതേസമയം അവിടെയും ഇവിടെയും തൊടാതെ എന്നാല്‍ അവിടെയും ഇവിടെയും തൊട്ടു എന്ന തരത്തിലുള്ള നിലപാടാണ് ഉമ്മന്‍ ചാണ്ടിയെടുത്തത്. ‘കോടതി പരിശോധിച്ച സാഹചര്യമുണ്ട്. നിയമപരമായി, ഭരണഘടനാപരമായും. ആ പരിശോധന അവര്‍ ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. പക്ഷെ, അതേസമയത്ത് ഇവിടുത്തെ വികാരങ്ങളും ആചാരാനുഷ്ഠാനങ്ങളും ആചാരങ്ങളും.. ആ, അതും നമ്മുടെ സമൂഹത്തില്‍ അവഗണിക്കാനാകാത്ത വിധത്തില്‍ നില്‍ക്കുകയാണ്.’ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് എല്ലാ ആരാധനാലയങ്ങളും പ്രവര്‍ത്തിക്കേണ്ടത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെുയും അടിസ്ഥാനത്തിലാണ് എന്ന കാര്യം ഗൗരവമായി കാണേണ്ട കാര്യമാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അങ്ങനെ കര്‍ക്കശമായ ഒരു നിലപാട് എടുക്കാന്‍ സാധിക്കുമോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. വലിയൊരു വിഭാഗം ആളുകളുടെ സെന്റിമെന്റ്‌സ് മുറിവേല്‍പ്പിക്കാന്‍ പറ്റുമോയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന ആവശ്യവുമായി കെ സുധാകരനെത്തുകയും ആന്റണിയും സുധീരനും മൗനത്തിലാകുകയും ചെയ്തതോടെ കോണ്‍ഗ്രസ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരാണെന്ന് വ്യക്തമായി. അതോടെ വിശ്വാസികളും സേവ് ശബരിമല സംഘങ്ങളും തെരുവിലേക്കിറങ്ങി. അപ്പോള്‍ മാത്രമാണ് ഇതിലെ രാഷ്ട്രീയ മുതലെടുപ്പിന്റെ സാധ്യത ബിജെപിയും ആര്‍എസ്എസും തിരിച്ചറിഞ്ഞത് പോലും.

ആദ്യ ദിവസങ്ങളില്‍ തൊട്ടും തലോടിയും മറുപടി പറഞ്ഞ ബിജെപി നേതാക്കള്‍ ഇതോടെ ശക്തമായി രംഗത്തെത്തി. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമെല്ലാം വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കുന്ന വാക്കുകളുമായി രംഗത്തെത്തി. ശബരിമലയില്‍ കയറാനെത്തുന്ന സ്ത്രീകളെ കയ്യേറ്റം ചെയ്യുമെന്നാണ് സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വ്യത്യസ്ത ഭാഷകളിലൂടെ പറഞ്ഞത്. രക്തരൂക്ഷിതമായ സമരം തന്നെ നടക്കുമെന്നാണ് ശോഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കയറാന്‍ നോക്ക് അപ്പോള്‍ കാണാം എന്നായിരുന്നു സുരേന്ദ്രന്റെ ഭീഷണി. ഇവരെ പിന്‍പറ്റി മല ചവിട്ടാനെത്തുന്ന സ്ത്രീകള്‍ക്ക് ഡല്‍ഹിയിലെ അനുഭവമായിരിക്കുമെന്ന് സംഘപരിവാര് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഡല്‍ഹിയില്‍ കമ്പിപ്പാരയാണെങ്കില്‍ ഇവിടെ നിലവിളക്കായിരിക്കുമെന്നായിരുന്നു ഉയര്‍ന്ന ഭീഷണി. പന്തളം രാജകുടുംബത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച നാമജപ സത്യാഗ്രഹത്തില്‍ മുണ്ട് പൊക്കി കാണിക്കല്‍ വരെ അരങ്ങേറി.

സുപ്രിംകോടതി മറികടന്നത് 1991ലെ ഹൈക്കോടതി വിധിയെയാണെന്നും 1991 മുതലാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിയതെന്നും മറിച്ചുവച്ചിട്ടാണ് ചെന്നിത്തലയും പിള്ളയും അതിനെ സര്‍ക്കാരിനെതിരായ ആയുധമാക്കിയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജനങ്ങളെ ഇളക്കി വിട്ടിരിക്കുന്നത്. അതേസമയം മൗലികാവകാശം സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി 99.99 ശതമാനവും മാറ്റാനാകില്ലെന്ന് വ്യക്തമായി അറിയാവുന്നവരാണ് ചെന്നിത്തലയും പിള്ളയുമെന്നതാണ് കൗതുകം. ദീപക് മിശ്രയ്ക്ക് പകരം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് വരുന്നത്. അതിനാല്‍ തന്നെ വലിയ മാറ്റങ്ങളൊന്നും വിധിയില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. മൗലികാവകാശം സംരക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാരിനും സാധിക്കില്ലെന്നും ഇവര്‍ക്കറിയാം. എന്നിട്ടും പുനഃപരിശോധനാ ഹര്‍ജിയുടെ പേരില്‍ നാട്ടുകാരെ തെരുവിലിറക്കി മതഭ്രാന്ത് അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്തത്.

ചെന്നിത്തലയുടെ ഏകദിന ഉപവാസത്തോടെയാണ് കോണ്‍ഗ്രസ് ശബരിമല സമരത്തില്‍ നേരിട്ട് പങ്കെടുത്തത്. പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത ചെന്നിത്തല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി അതില്‍ പങ്കെടുക്കുകയുമായിരുന്നു. സേവ് ശബരിമല സംഘത്തിനും പന്തളം രാജകുടുംബത്തിനും തന്ത്രി കുടുംബത്തിനും അത് നല്കിയ ആത്മവിശ്വാസം ചെറുതല്ല. കേരള സര്‍ക്കാര്‍ വിധി ചോദിച്ചു വാങ്ങിയെന്നാണ് ചെന്നിത്തല പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമെന്ന ശുദ്ധ മണ്ടത്തരം അല്ലെങ്കില്‍ നുണ പ്രചരിപ്പിച്ചാണ് ചെന്നിത്തലയും കോണ്‍ഗ്രസും ആള്‍ക്കൂട്ടത്തെ മതഭ്രാന്തിലേക്ക് തള്ളിവിട്ടത്. ശബരിമലയിലെ ആചാരങ്ങളില്‍ ഇതിന് മുമ്പും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന സത്യവും അവര്‍ മറച്ചുവച്ചു. മകരജ്യോതി തെളിയിക്കുന്നതിനുള്ള പരമ്പരാഗത അവകാശം ആദിവാസികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ശബരിമലയിലെ പരമ്പരാഗത ആചാരമായ വെടിവഴിപാട് മുഹമ്മ ചീരപ്പന്‍ ചിറയിലെ സുശീല ഗോപാലന്റെ വീട്ടുകാരില്‍ നിന്ന് സവര്‍ണ്ണസമുദായക്കാര്‍ പിടിച്ചെടുത്തു. ഇതൊന്നും ചെന്നിത്തലയും കോണ്‍ഗ്രസും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. കാരണം സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടുന്നതും അതിലൂടെ ലഭിക്കുന്ന നാല് വോട്ടുകളും മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ഏറ്റവും നല്ല ആയുധമാണ് ബിജെപിയ്ക്ക് കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചത്. ആദ്യം പ്രത്യക്ഷത്തില്‍ നിലപാടെടുക്കാതിരുന്ന അവര്‍ ജനങ്ങളെ പ്രകോപിതരാക്കാന്‍ കൂടുതല്‍ നുണപ്രചരണങ്ങളുമായി രംഗത്തെത്തി. കൂട്ടത്തില്‍ യോഗക്ഷേമ സഭയും എന്‍എസ്എസും മുസ്ലിംലീഗും കേരള കോണ്‍ഗ്രസും എത്തിയതോടെ കേരളം ഒരു ഭ്രാന്താലയമായി മാറിയെന്ന് തന്നെ പറയാം. കേരളത്തില്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും ഒരു സീറ്റ് പോലും നേടാനാകാതിരുന്ന പാര്‍ട്ടിയാണ് ബിജെപി. ആ സീറ്റ് വരള്‍ച്ചയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായി ഒരു എംഎല്‍എ എങ്കിലും ജയിച്ചത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ്. അതും കോണ്‍ഗ്രസിന്റെ ചെലവിലാണെന്ന് ആരോപണമുണ്ട്. തീവ്രഹിന്ദുത്വ നിലപാടുകളുള്ള കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കി ഹിന്ദു വികാരം ആളിക്കത്തിക്കാമെന്നും അതിലൂടെ ബിജെപിയിലേക്ക് ആളെക്കൂട്ടാമെന്നും പ്രതീക്ഷിച്ചെങ്കിലും അതും ചീറ്റിപ്പോയി. സത്യത്തില്‍ കുമ്മനത്തെ പ്രസിഡന്റാക്കിയത് പാര്‍ട്ടിയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മിസോറാമില്‍ ഗവര്‍ണറാക്കി ഇവിടെ നിന്നും ഓടിച്ചത്. മൃദുഹിന്ദുത്വവാദിയായ ശ്രീധരന്‍ പിള്ള ഏവര്‍ക്കും സ്വീകാര്യനാണെന്നതാണ് അദ്ദേഹത്തിന് ഗുണം ചെയ്തത്. പിള്ള ഇവിടെ എന്താക്കാനാ? എന്ന ചോദ്യമുയരുന്നതിനിടെയാണ് ശബരിമലയെന്നൊരു ആയുധം അവര്‍ക്ക് ലഭിച്ചത്.

ആ ആയുധത്തിന്റെ ശക്തി അവര്‍ക്ക് മനസിലാക്കി കൊടുത്തത് കോണ്‍ഗ്രസാണെങ്കിലും ഇപ്പോളവര്‍ അതുമായി ഏറെ മുന്നോട്ട് പോയിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഉണര്‍ന്നത് ഹിന്ദു വികാരമാണെന്നതിനാല്‍ തന്നെ ബിജെപിക്ക് ഒരു ആയുധം നിര്‍മ്മിച്ച് നല്‍കുകയാണ് കോണ്‍ഗ്രസ് അവരറിയാതെ തന്നെ ചെയ്തത്. തങ്ങളുടെ കൈവിട്ടു പോയിരിക്കുന്നുവെന്ന തിരിച്ചറിവാണ് സമരത്തില്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി രാഷ്ട്രീയ നിര്‍വാഹക സമിതിയുടെ തീരുമാനത്തിന് കാരണം. നാട് കുരുതിക്കളമാക്കാനുള്ള ഒരു തിരികൊളുത്തിയിട്ടാണ് കോണ്‍ഗ്രസിന്റെ ഈ പിന്മാറ്റം.

ശബരിമല: വിമോചന സമരമാണ് ലക്ഷ്യമെങ്കില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍