UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് കതുവ പ്രതിഷേധ മാര്‍ച്ചില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വനിത പ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്നു പരാതി

യൂത്ത് കോണ്‍ഗ്രസുകാരും എന്‍എസ്‌യുക്കാരും മുതിര്‍ന്ന പുരുഷ നേതാക്കാന്മാരുമെല്ലാം അപമര്യാദയോടെ സ്പര്‍ശിക്കുകയും ഉന്തുകയും തള്ളുകയുമൊക്കെ ചെയ്‌തെന്നാണ് വനിത പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നത്

കോണ്‍ഗ്രസ് പാര്‍ട്ടി മുംബൈയില്‍ ഞായറാഴ്ച സംഘടിപ്പിച്ച കതുവ, ഉന്നാവോ പ്രതിഷേധ മാര്‍ച്ചിനിടയില്‍ തങ്ങളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ലൈംഗികമായി ശല്യം ചെയ്‌തെന്ന പരാതിയുമായി കോണ്‍ഗ്രസ് വനിത പ്രവര്‍ത്തക. കോണ്‍ഗ്രസ് മുംബൈ യൂണിറ്റ് തലവന്‍ സഞ്ജയ് നിരുപത്തിന് ഇതുസംബന്ധിച്ച പരാതി വനിത പ്രവര്‍ത്തക നല്‍കി.

ജില്ല തല പാര്‍ട്ടി പ്രവര്‍ത്തകയാണ് പരാതിക്കാരിയെന്നും തന്റെ ഫോണിലേക്ക് മെസേജ് അയച്ചാണ് പരാതിക്കാസ്പദമായ സംഭവത്തെ കുറിച്ച് അറിയിച്ചതെന്നും സഞ്ജയ് നിരുപം പിടിഐയോടു പറഞ്ഞു.

പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്; യൂത്ത് കോണ്‍ഗ്രസിന്റെയും നാഷണല്‍ സ്റ്റുഡന്റ് യൂണിയന്റെയും പ്രവര്‍ത്തകര്‍ തരംതാഴ്ന്ന നിലയില്‍ പെരുമാറുകയും ശരിയല്ലാത്ത രീതിയില്‍ സ്ത്രീ പ്രവര്‍ത്തകരെ സ്പര്‍ശിക്കുകയും ഉന്തുകയും തള്ളുകയുമൊക്കെ ചെയ്യുകയായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ആണുങ്ങളായ നേതാക്കന്മാര്‍ക്കിടയില്‍ ഞങ്ങള്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തെ പോലെ അനുഭവപ്പെട്ടു. മുതിര്‍ന്ന പുരുഷ നേതാക്കന്മാരും ഞങ്ങളോട് അപമര്യാദയോടെ പെരുമാറി. മാര്‍ച്ച് മുന്നോട്ടു പോകുമ്പോഴായിരുന്നു അത്. അവരുടെ മുഖങ്ങള്‍ മാധ്യമ കാമറകള്‍ പതിഞ്ഞിട്ടുണ്ട്. എനിക്കറിയേണ്ടത് ഭാവിയില്‍ ഇത്തരത്തില്‍ നടക്കുന്ന പരിപാടികളില്‍ ഞങ്ങള്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കുമോ എന്നാണ്?

ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരവും കുറ്റകരവുമാണെന്ന് സഞ്ജയ് നിരുപം പിടിഐയോട് പ്രതികരിച്ചു. ആരൊക്കെയാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതെന്നു ചൂണ്ടിക്കാണിച്ചാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് വനിത പ്രവര്‍ത്തകയ്ക്ക് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സഞ്ജയ് നിരുപം പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ കുറ്റം ചെയ്തവര്‍ക്കെതിരേ പൊലീസ് കേസ് എടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും താന്‍ ഉറപ്പ് നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. എന്നാല്‍ ധാരളം ജനങ്ങള്‍ കൂടിയിരുന്നതിനാല്‍ തെറ്റുകാരായവരെ തിരിച്ചറിയുക ഇനി പ്രയാസം ആയിരിക്കുമെന്നാണ് പ്രവര്‍ത്തക തന്നോട് പറഞ്ഞതെന്നും സഞ്ജയ് നിരുപം അറിയിച്ചു.

നടന്ന സംഭവത്തില്‍ താന്‍ എല്ലാ പാര്‍ട്ടി വനിത പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അതു തെറ്റിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടായിരിക്കുമെന്നും സഞ്ജയ് നിരുപം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍