UPDATES

ട്രെന്‍ഡിങ്ങ്

റഷ്യയിലേക്ക് പ്രണയം കൊണ്ട് നിറച്ച ഫുട്ബോളുമായി രണ്ട് കൊല്‍ക്കത്ത കമിതാക്കള്‍

കടുത്ത ബ്രസീല്‍ ആരാധകരാണ് ഇരുവരും. എന്നാല്‍ ലോകകപ്പുകളില്‍ ഇതുവരെയുള്ള ഏറ്റവും അവിസ്മരണീയമായ പ്രകടനം ഏത് എന്ന് ചോദിച്ചാല്‍ അത് ഡീഗോ മറഡോണയുടെ ഇതിഹാസ തുല്യമായ കളിയാണ് എന്ന് ചിതാലി പറയും.

1982ലെ സ്‌പെയിന്‍ ലോകകപ്പ് ആണ് ഫുട്‌ബോള്‍ ഭ്രാന്തന്മാരായ കൊല്‍ക്കത്തവാസികള്‍ ടിവിയില്‍ ആദ്യം ലൈവ് ആയി കണ്ട ലോകകപ്പ്. എന്നാല്‍ കൊല്‍ക്കത്ത സ്വദേശികളായ പന്നാലാല്‍ ചാറ്റര്‍ജിയും ചിതാലി ചാറ്റര്‍ജിയും അന്ന് ലോകകപ്പ് നേരില്‍ കണ്ടു. തുടര്‍ന്നങ്ങോട്ട് ഇതുവരെയുള്ള എല്ലാ ലോകകപ്പിനും ഈ കൊല്‍ക്കത്ത ദമ്പതി നേരില്‍ സാക്ഷ്യം വഹിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളും വിവാദമായ ദൈവത്തിന്റെ കൈ ഗോളും മുതല്‍ മരിയോ ഗോട്‌സെയുടെ ഗോളില്‍ ജര്‍മ്മനി ലോകകപ്പുയര്‍ത്തുന്നതും മെസിയും അര്‍ജന്റീനയും കണ്ണീരണിഞ്ഞതും വരെ ഇരുവരും സ്റ്റേഡിയത്തിലിരുന്ന് കണ്ടു. ഇത്തവണ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ പോകാനൊരുങ്ങുകയാണ് 85 കാരനായ പന്നാലാലും 76കാരിയായ ചിതാലിയും. ഇത് തങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്നാണ് പന്നാലാല്‍ പറയുന്നത്. ഇനിയൊരു ലോകകപ്പ് നേരില്‍ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അടുത്ത ലോകകപ്പ് ആകുമ്പോളേക്കും എനിക്ക് 90 വയസാകും. ഞങ്ങള്‍ക്ക് ഖത്തറില്‍ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല – വികാരാധീനനായി പന്നാലാല്‍ പിടിഐയോട് പറഞ്ഞു.

ഈ ലോകകപ്പ് യാത്രകള്‍ ഈ വയോധികരെ സംബന്ധിച്ച് ഒട്ടും അനായാസമല്ല. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഒരോ ലോകകപ്പിനുമായി പണം കണ്ടെത്തുന്നത്. ഭക്ഷണം വരെ വെട്ടിച്ചുരുക്കും. എന്തൊക്കെ ചിലവുകളുണ്ടായാലും ലോകകപ്പിനായി സ്വരൂപിക്കുന്ന പണത്തില്‍ കൈ വയ്ക്കുന്ന പരിപാടിയില്ല. ഏഴ് മുന്‍ ക്ലബ് ഫുട്‌ബോളര്‍മാര്‍ക്കൊപ്പമാണ് ഇവര്‍ ലോകകപ്പ് ഉദ്ഘാടന ദിവസമായ ജൂണ്‍ 14ന് മോസ്‌കോയിലേയ്ക്ക് തിരിക്കുക. നോക്ക് ഔട്ട് റൗണ്ടിലെ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റിന് പണം കണ്ടെത്താനായില്ലെങ്കില്‍ ജൂണ്‍ 28ന് തന്നെ ഇവര്‍ നാട്ടിലേയ്ക്ക് തിരിക്കും. കൂടുതല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കൊല്‍ക്കത്തയിലെ റഷ്യന്‍ കോണ്‍സുലേറ്റിനും ഫിഫ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിന്റെ സമയത്ത് ഇരുവര്‍ക്കും ഫിഫ സംഘാടക സമിതി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ആ സമയത്ത് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചാറ്റര്‍ജി ദമ്പതിയെപ്പറ്റിയുള്ള സ്റ്റോറിയുണ്ടായിരുന്നു.

കടുത്ത ബ്രസീല്‍ ആരാധകരാണ് ഇരുവരും. എന്നാല്‍ ലോകകപ്പുകളില്‍ ഇതുവരെയുള്ള ഏറ്റവും അവിസ്മരണീയമായ പ്രകടനം ഏത് എന്ന് ചോദിച്ചാല്‍ അത് ഡീഗോ മറഡോണയുടെ ഇതിഹാസ തുല്യമായ കളിയാണ് എന്ന് ചിതാലി പറയും. തീര്‍ച്ചയായും 1986 ലോകകപ്പിലെ മറഡോണയുടെ ബ്രില്യന്‍സ് തന്നെയാണ് എടുത്തുപറയാനുള്ളത്. കാലില്‍ പന്ത് കിട്ടിയാല്‍ എതിര്‍ ടീമിന്റെ പ്രതിരോധ നിരയെ നിസഹായരായ കാഴ്ചക്കാരാക്കി മാറ്റിയിരുന്നു ഈ കുറിയ മനുഷ്യന്‍. വിവാദമായ ദൈവത്തിന്റെ കയ്യും ചിതാലിക്ക് സ്‌റ്റേഡിയത്തിലെ കളിയാരവങ്ങള്‍ക്കിടയില്‍ നേരില്‍ സാക്ഷ്യം വഹിച്ച അനുഭവമാണ്. പകരം വയ്ക്കാനില്ലാത്ത മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസം പെലെയോടൊപ്പം ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതും ഇവര്‍ക്ക് മറക്കാനാവില്ല. 2014ല്‍ തങ്ങളുടെ പ്രിയപ്പെട്ട ടീം സ്വന്തം നാട്ടില്‍ സെമിഫൈനലില്‍ ജര്‍മ്മനിയോട് ഏഴ് ഗോളിന് തോറ്റ ദുരന്തവും പന്നാലാലിനും ചിതാലിക്കും നേരില്‍ കാണേണ്ടി വന്നു. ഇത്രയ്ക്കും ഹൃദയഭേദകമായ ഒന്ന് നേരില്‍ കാണുമ്പോളുള്ള അനുഭവം പറഞ്ഞറിയിക്കാനാവില്ലെന്നും ചിതാലി പറഞ്ഞു.

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് അവിടെ ചെന്ന് കാണുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. ഫുട്ബോളിന്റെ മെക്കയാണ് ബ്രസീല്‍ – 2014ല്‍ പന്നാലാല്‍ എ എഫ് പിയോട് പറഞ്ഞിരുന്നു. ബ്രസീലില്‍ ഫിഫ ഇവര്‍ക്ക് സൗജന്യ താമസം ഒരുക്കിയിരുന്നു. ടിക്കറ്റിനുള്ള പണം ഒരു പ്രാദേശിക ടിവി ചാനലും നല്‍കി. ബ്രസീല്‍ ലോകകപ്പ് തങ്ങള്‍ക്ക് നേരില്‍ കാണാന്‍ കഴിയുന്ന അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് പന്നാലാലും ചിതാലിയും കരുതിയിരുന്നത്. എന്നാല്‍ റഷ്യ അവരെ വിളിച്ചു. പോകാതിരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയും? ലോകം പന്തായി മാറുമ്പോള്‍ ഈ പ്രായത്തിലും അതിന് പിന്നാലെ ഓടാനുള്ള ഊര്‍ജ്ജം ഇരുവരും നിലനിര്‍ത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍