UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

സ്വന്തം വകുപ്പ് ഭരിക്കാന്‍ എംഎം മണിയുടെ ഉപദേശം എന്തിന്? സിപിഐ ഇടഞ്ഞു തന്നെ

മുഖ്യമന്ത്രിക്കെതിരെയാണ് പ്രധാനമായും സി.പി.ഐയുടെ രോഷപ്രകടനം.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ പാപ്പാത്തിച്ചോലയിലെ കുരിശില്‍ തട്ടി നിന്നതോടെ ഭരണമുന്നണിയിലെ സി.പി.എമ്മും സി.പി.ഐയും വീണ്ടും നേര്‍ക്കുനേര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന താത്കാലിക വെടിനിര്‍ത്തലാണ് മൂന്നാര്‍ വിഷയത്തോടെ പാളിയത്. മുഖ്യമന്ത്രിക്കെതിരെയാണ് പ്രധാനമായും സി.പി.ഐയുടെ രോഷപ്രകടനം.

സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ തീരുമാനപ്രകാരമാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നടത്തിയതെങ്കിലും ഇതിനെ അപ്രസക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി കുരിശ് വിഷയത്തില്‍ പ്രതികരിച്ചത്. തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലും റവന്യൂ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ രോഷത്തിന് ഇരയാകേണ്ടി വന്നു. ഇതിനുള്ള മറുപടിയായി രംഗത്തെത്തിയത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെയായിരുന്നു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രമല്ല, നിശ്ചയദാര്‍ഡ്യമാണ് വേണ്ടതെന്നും കൈയേറ്റം ഒഴിപ്പിക്കുന്നത് തുടരുമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കാനം വ്യക്തമാക്കി.

എല്ലാ കാര്യങ്ങളും എം.എം മണിയുമായി ആലോചിച്ച് ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞതും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. കൈയേറ്റവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെ മുന്നോട്ടു പോകാന്‍ തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന വകുപ്പിന് സ്വാതന്ത്ര്യമില്ലെന്ന തോന്നലാണ് സി.പി.ഐക്ക്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സി.പി.എമ്മിന്റെ നിലപാടിനെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രംഗത്തു വന്നതാണ് മറ്റൊരു പ്രധാന സംഭവം. കേരളത്തില്‍ മുന്നണി ഭരണസംവിധാനമാണെന്നും ഐ ആം ദി സ്‌റ്റേറ്റ് എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് മൂന്നോട്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ശിവരാമന്റെ പ്രസ്താവന.

റവന്യൂ വകുപ്പ് തുടങ്ങിവച്ച കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നാണ് സി.പി.ഐയുടെ നിലപാട്. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച വിഷയത്തില്‍ തങ്ങളെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ പുര്‍ണ അനുമതിയോടെയാണ് സബ് കളക്ടര്‍ അടക്കമുള്ളവര്‍ മുന്നോട്ടു പോയത്. എന്നാല്‍ അവസാനം തങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്ന പ്രതിഷേധവും സി.പി.ഐക്കുണ്ട്.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സി.പി.ഐക്കെതിരെ രംഗത്തു വരികയും പൊതുയോഗത്തില്‍ സി.പി.ഐക്കെതിരെ ആഞ്ഞടിച്ചതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിനു മറുപടിയുമായി കാനം തന്നെ രംഗത്തിറങ്ങിയത് വിഷയം കൂടുതല്‍ വഷളാക്കി. ഒടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ പത്രസമ്മേളനം വിളിക്കേണ്ടി വന്നു. തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഭാഗമായി ഈ മാസമൊടുവില്‍ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന നേതൃത്വം യോഗം ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. ഇപ്പോള്‍ പാര്‍ട്ടികള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ പോരെന്നും മൂന്നാര്‍ വിഷയത്തിലടക്കം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യണമെന്നും അതിന് മുഖ്യമന്ത്രി കൂടി ചര്‍ച്ചയുടെ ഭാഗമായി വേണമെന്നുമുള്ള നിലപാടിലാണ് സി.പി.ഐ.

യു.ഡി.എഫ് പോലും നിലപാടെടുക്കുന്നതിന് മുമ്പ് സര്‍വകക്ഷി യോഗം വിളിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സി.പി.ഐ തള്ളിയതും ഇവിടെ ശ്രദ്ധേയമാണ്. ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ചാണ് അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും അല്ലാതെ സര്‍വകക്ഷി യോഗം വിളിച്ചല്ലെന്നുമായിരുന്നു കാനം ഇതിനോട് പ്രതികരിച്ചത്. ക്രിമിനല്‍ കേസുകളില്‍ നടപടി എടുക്കുന്നത് പൊതുയോഗം വിളിച്ചിട്ടല്ല. സര്‍വകക്ഷി യോഗം വേണമെങ്കില്‍ നടത്താം, പക്ഷേ അതും കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധിപ്പിക്കേണ്ടതില്ല. പാവപ്പെട്ടവര്‍ ശവമടക്കാന്‍ പോലും ഭൂമിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറുന്നതെന്നും കാനം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍