UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക പ്രതിസന്ധി: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് വാടകയ്ക്ക് കൊടുത്തു

കെട്ടിടം വാടകകയ്‌ക്കെടുത്തവര്‍ മാര്‍ക്‌സിസ്റ്റ് ബിംബങ്ങളായ ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം വലയുന്ന ബംഗാളിലെ സിപിഎം തങ്ങളുടെ ഒരു പാര്‍ട്ടി ഓഫീസ് 15,000 രൂപ വാടകയ്ക്ക് കൊടുത്തു. പര്‍ബ ബര്‍ധ്മാന്‍ ജില്ലയിലെ ഗുസ്‌കാര മുന്‍സിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡ് ലോഡ്ജ്പാരയിലെ മൂന്ന് നിലയിലുള്ള ലോക്കല്‍ കമ്മിറ്റി ഓഫീസാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. മൂന്ന് മുറികളും രണ്ട് സമ്മേളന ഹാളുകളും അടുക്കളയും ബാത്ത്‌റൂമുകളുമുള്ളതാണ് കെട്ടിടം.

1999 മെയ് 1നാണ് റബിന്‍ സെന്‍ ഭവന്‍ എന്ന ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. വാടകകയ്ക്ക് കൊടുക്കാമെന്നത് ഞങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ഇതിലൂടെ പ്രതിമാസം 15000 രൂപ നേടാന്‍ സാധിക്കുമെന്നും കമ്മിറ്റി സെക്രട്ടറി നാരായണ്‍ ചന്ദ്രഘോഷ് അറിയിച്ചു. 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമ ബംഗാളിലെ സിപിഎം ചെലവുകള്‍ക്കായി ഒരു ലോക്കല്‍ കമ്മിറ്റി ഓഫീസ് വാടകയ്ക്ക് കൊടുത്തുവെന്നത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2011ലും 2016ലും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍പ്പിച്ച സിപിഎമ്മിന്റെ പല കീഴ്ഘടകങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ സിപിഎം പശ്ചിമബംഗാള്‍ ഭരിച്ചപ്പോള്‍ അവരുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായാണ് ബര്‍ധ്മാന്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൃണമൂലിന് ഈ ജില്ലയില്‍ 15 എംഎല്‍എമാരും സിപിഎമ്മിന് ഒരു എംഎല്‍എയും മാത്രമാണ് ഉള്ളത്. കെട്ടിടം വാടകയ്ക്ക് കൊടുക്കാനുള്ള തീരുമാനം 18 വര്‍ഷം മുമ്പ് ഇതിനായി ഫണ്ട് ശേഖരണം നടത്തിയ 422 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഘോഷ് വ്യക്തമാക്കി. കെട്ടിടത്തിന്റെ പരിപാലന ചെലവും സ്ഥിരം ജീവനക്കാര്‍ക്കുള്ള ശമ്പളവും വൈദ്യുതി ചാര്‍ജ്ജുമെല്ലാം കണ്ടെത്തുന്നതിന് ഏറെ ബുദ്ധിമുട്ടായതോടെയാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപന്‍ പാല്‍ എന്ന ബിസിനസുകാരന് കോച്ചിംഗ് സെന്റര്‍ ആരംഭിക്കാനായാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രദേശിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് വാടക തുക ഉപയോഗിക്കുക. കെട്ടിടം വാടകകയ്ക്ക് നല്‍കിയതോടെ ലോക്കല്‍ കമ്മിറ്റി ഗുസ്‌കരയിലെ സോണല്‍ കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തിക്കും. അതേസമയം കെട്ടിടം വാടകകയ്‌ക്കെടുത്ത പാല്‍ മാര്‍ക്‌സിസ്റ്റ് ബിംബങ്ങളായ ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു. കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ ലോക്കല്‍ കമ്മിറ്റി ഓഫീസ് വാടകയ്ക്ക് കൊടുത്തത് സിപിഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എതിരാളികള്‍. ജനപിന്തുണ നഷ്ടപ്പെട്ട പാര്‍ട്ടിയ്ക്ക് പല ഓഫീസുകളിലും ഇരിയ്ക്കാന്‍ പോലും ആളില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നത്. സിപിഎം ഒരുദിവസം കടയടയ്ക്കുമെന്ന് തന്നോട് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞത് സത്യമായെന്ന് ജില്ലാ പ്രസിഡന്റ് സന്ദിപ് നാന്ദി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍