UPDATES

ട്രെന്‍ഡിങ്ങ്

ദളിത്, ന്യൂനപക്ഷ, ആദിവാസി, സ്ത്രീകള്‍ക്കെതിരായ വെറുപ്പിന്റെ രാഷ്ട്രീയം വളരുന്നുവെന്ന് സിപിഎം സംസ്ഥാന സമ്മേളനം

അട്ടപ്പാടിയില്‍ മധുവിനെ ഒരുകൂട്ടം അക്രമികള്‍ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യം സെൽഫിയെടുത്ത് ആസ്വദിക്കാന്‍ തയ്യാറായ ആളുടെ മാനസികാവസ്ഥ മനുഷ്യത്വരഹിതമാണ്.

മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് പോലുള്ള പ്രാകൃതമായ ആക്രമണങ്ങള്‍ കേരളത്തിന് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിംസയുടേയും പ്രവണതകള്‍ വളർത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം. ഈ കൊടുംപാതകത്തിന് ഉത്തരവാദിയായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല എന്ന് പോലീസ് ഉറപ്പുവരുത്തണം. എല്ലാ പ്രതികളേയും എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യാനും, കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും ഉതകുന്ന പഴുതടച്ച അന്വേഷണം ആവശ്യമാണ്. കൊല ചെയ്യപ്പെട്ട മധുവിന്റെ കുടുംബത്തിന് സർക്കാർ മതിയായ സഹായധനം നൽകണമെന്നും സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അവശ്യപ്പെട്ടു.

സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം

അട്ടപ്പാടിയിലെ കടുകുമണ്ണ് ഊരില്‍ ആദിവാസി യുവാവ് മധു ഒരുകൂട്ടം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നടുക്കവും വേദനയും ഉണ്ടാക്കുന്ന സംഭവമാണ്. ഈ കൊലപാതകം അങ്ങേയറ്റം പ്രതിഷാധാർഹവും അപലപനീയവുമാണ്. ഒരു ആധുനിക പരിഷ്കൃത സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ജനാധിപത്യ ബോധം, പ്രബുദ്ധത, നീതിബോധം എന്നിവയ്ക്കെല്ലാം എതിരായ ആക്രമണമാണിത്. ദളിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍, അപരലൈംഗികര്‍, മനോനില തകരാറിലയവര്‍ എന്നിങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബലർക്കുമെതിരായി വെറുപ്പ് വളർത്തുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പരിസരം ലോകത്തും രാജ്യമാകെയും രൂപപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ വെറുപ്പിന്റെ മനഃശാസ്ത്രത്തോടൊപ്പം ഹിംസയും ഉത്കണ്ഠയുളവാക്കും വിധം പെരുകുന്നുണ്ട്. വെറുപ്പ്, വിദ്വേഷം, ഹിംസ എന്നിവയുടെ വ്യാപനം സാമൂഹിക മാധ്യമങ്ങളിലൂടെ ആസൂത്രിതമായും അനായാസമായും നിര്‍വഹിക്കപ്പെടുന്നു.

അട്ടപ്പാടിയില്‍ മധുവിനെ ഒരുകൂട്ടം അക്രമികള്‍ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യം സെൽഫിയെടുത്ത് ആസ്വദിക്കാന്‍ തയ്യാറായ ആളുടെ മാനസികാവസ്ഥ മനുഷ്യത്വരഹിതമാണ്. അമേരിക്ക പോലുള്ള വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അരങ്ങേറുന്ന വംശീയ ഹിംസ മുതല്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അനുദിനം നടന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയവും ജാതീയവും സദാചാരത്തിന്റെ പേരിലുള്ളതുമായ ആൾക്കൂട്ട ഹിംസകള്‍ വരെയുള്ളവ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടുന്നത് കേരളത്തിലും ഇത്തരം ആക്രമണങ്ങൾക്കു പ്രചോദനമാകുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടിയേറ്റ തൊഴിലാളി അഫ്രാസുളിനെ രാജസ്ഥാനില്‍ കൊല്ലുന്നതിന്റെ ക്രൂരദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും, കൊലയാളി തന്നെ വർഗ്ഗീയ വിദ്വേഷവും വെറുപ്പും ആളിക്കത്തിക്കുന്ന ആഹ്വാനം നടത്തുകയും ചെയ്തതുപോലുള്ള സംഭവങ്ങള്‍ ഓർക്കേണ്ടതാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ ഹിംസയുടെ ദൃശ്യങ്ങളും, വെറുപ്പ്, പക, സംശയം എന്നിവ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളും നിർബാധം സംഘടിപ്പിക്കുന്നത് സമൂഹത്തില്‍ ക്രിമിനല്‍ വാസനകളെ വളർത്തുന്നു. ഇതോടൊപ്പം സിനിമ, ദൃശ്യമാധ്യമങ്ങള്‍ എന്നിവയിലും ഹിംസയുടെ അമിതമായ ആവിഷ്കാരം ക്രിമിനല്‍ പ്രവണതകളെ ഉത്തേജിപ്പിക്കുകയും ആൾക്കൂട്ടത്തിന്റെ മൃഗീയ വാസനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അട്ടപ്പാടി സംഭവത്തില്‍ പോലീസ് ഇതിനകം 10 പ്രതികളെ അറസ്റ്റു ചെയ്തു കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുകയും, പോലീസിന് കർശ്ശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ കൊടുംപാതകത്തിന് ഉത്തരവാദിയായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല എന്ന് പോലീസ് ഉറപ്പുവരുത്തണം. എല്ലാ പ്രതികളേയും എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യാനും, കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും ഉതകുന്ന പഴുതടച്ച അന്വേഷണം ആവശ്യമാണ്. കൊല ചെയ്യപ്പെട്ട മധുവിന്റെ കുടുംബത്തിന് സർക്കാർ മതിയായ സഹായധനം നൽകണമെന്ന് സിപിഐ(എം) ആവശ്യപ്പെടുന്നു.

പ്രാകൃതമായ ഇത്തരം ആക്രമണങ്ങള്‍ കേരളത്തിന് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിംസയുടേയും പ്രവണതകള്‍ വളർത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തണം. പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും ജനാധിപത്യബോധം ദൃഢമാക്കാനും പുരോഗമനശക്തികള്‍ ആകെ മുന്നോട്ട് വരണം. സമാന സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ ജാഗ്രത പുലർത്തണം.

ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച മാനവിക മൂല്യങ്ങളേയും പരിഷ്കൃത ബോധത്തേയും വെല്ലുവിളിക്കുന്നതാണ് വർഗ്ഗീയവും ജാതീയവുമായ പുനഃരുത്ഥാന പ്രവണതകള്‍. ഈ പിന്മടക്കമാണ് അട്ടപ്പാടിയിലുണ്ടായതു പോലുള്ള ആക്രമണങ്ങളുടെ സാമൂഹിക – രാഷ്ട്രീയ അടിത്തറ. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾക്ക് സിപിഐ(എം) പ്രവർത്തകരും, പുരോഗമന ആശയക്കാരായ മറ്റെല്ലാവരും രംഗത്തിറങ്ങണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍