UPDATES

ട്രെന്‍ഡിങ്ങ്

ശാന്തിവനം; നിലവിലെ അലൈമെന്റ് പാരിസ്ഥിതികാഘാതം കുറയ്ക്കും, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളുളളവരെ തിരിച്ചറിയണം: പി രാജീവ്

ചെറായി പോലൊരു പ്രദേശത്ത് നല്ല വോള്‍ട്ടേജില്‍ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. മറുവശത്ത് പ്രകൃതിസംരക്ഷണവും ഉറപ്പാക്കുകയും വേണം

നിലവിലെ അലൈമെന്റ് പ്രകാരം ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബി ടവര്‍ നിര്‍മാണം കടുത്ത പാരിസ്ഥിതിക ആഘാതം ഇല്ലാതെ നടപ്പാക്കാന്‍ കഴിയുന്നതാണെന്നു പി രാജീവ്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഡീവിയേഷന്‍ ഇല്ലാതെ നേരെ പോകുന്ന തരത്തിലുള്ള പഴയ അലൈന്‍മെന്റിലേക്ക് പോയാല്‍ കൂടുതല്‍ മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നും രാജീവ് പറയുന്നു. ശാന്തിവനത്തിന്റെ പേരില്‍ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വിമര്‍ശനവും രാജീവ് ഇതിനൊപ്പം ഉയര്‍ത്തി. തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് രാജീവ് ശാന്തിവനവുമായി ബന്ധപ്പെട്ട തന്റെ പുതിയ നിലപാട് വ്യക്തമാക്കുന്നത്.

പി. രാജീവിന്റെ ഫെയ്‌സ്ബുക്ക്് പോസ്റ്റ് വായിക്കാം;

ഏപ്രില്‍ 30നാണ് ഞാന്‍ പറവൂരിലെ ശാന്തി വനം സന്ദര്‍ശിച്ചത്. കെ എസ് ഇ ബി ടവറിന്റെ നിര്‍മ്മാണം നടക്കുന്നു. അതിന്റെ ഭാഗമായ ചെളി പറമ്പിലെ ഒരു ഭാഗത്ത് നിറഞ്ഞു കിടക്കുന്നു. മീനയും ഡോക്ടര്‍ വിജയനും സംരക്ഷണ സമിതി പ്രവര്‍ത്തകരുമൊന്നിച്ച് സ്ഥലം കണ്ടു. 48 മരങ്ങള്‍ മുറിച്ചുമാറ്റുമെന്നും അതിന്റെ ലിസ്റ്റ് തന്നിട്ടുണ്ടെന്നും മീന പറഞ്ഞു. എന്നാല്‍, അതിനേക്കാളേറെ മരങ്ങള്‍ മുറിക്കാനാണ് സാധ്യതയെന്ന ആശങ്കയും പ്രകടിപ്പിച്ചു. നേരത്തെ ലൈന്‍ വലിക്കാന്‍ ഉദ്ദേശിച്ചിരുന്നത് അതിരിനോട് ചേര്‍ന്നായിരുന്നുവെന്നും പറഞ്ഞ് ആ സ്ഥലവും കാണിച്ചു തന്നു. ഇനി ഇതിലൂടെ ലൈന്‍ വലിക്കുകയാണെങ്കില്‍ കൂടുതല്‍ മരങ്ങള്‍ നഷ്ടപ്പെടുകയില്ലേ എന്ന സംശയം പ്രകടിപ്പിച്ചു. അവരും അത് ശരിവെച്ചു. പുതിയ അലൈമെന്റ് സാധ്യമാവുകയില്ലേയെന്ന് അവര്‍ ചോദിക്കുകയും ചെയ്തു.

കെ എസ് ഇ ബിയോട് സംസാരിച്ചപ്പോള്‍ ഹൈക്കോടതി വരെ പരിശോധിച്ച് അനുകൂലമായി തീരുമാനിച്ച കാര്യമാണെന്നായിരുന്നു പ്രതികരണം എന്നാല്‍ , മീനയും കൂടെയുള്ളവരും പ്രകടിപ്പിക്കുന്ന ആശങ്ക ചര്‍ച്ച ചെയ്യണമെന്ന കാര്യം കളക്ടറുടേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും ശ്രദ്ധയില്‍പ്പെടുത്തി. മേയ് രണ്ടിനു കളക്ടര്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചു. അതു വരെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യം മീനയും മറ്റും ശ്രദ്ധയില്‍പ്പെടുത്തി. അത് കളക്ടറെ അറിയിച്ചപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ കെ എസ് ഇ ബി ക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പണി നിര്‍ത്തിവെച്ചതിനു ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

പറമ്പില്‍ ഒഴുക്കിയിരിക്കുന്ന ചെളി നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുകയും നൂറിലധികം മനുഷ്യാധ്വാനം ഉപയോഗിച്ച് അത് നീക്കം ചെയ്തു. യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന ആവശ്യം പൂര്‍ണ്ണമായും നടപ്പിലാക്കി. മേയ് 2 നു നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയില്‍ സോഷ്യല്‍ ഫോറസ്ട്രി പ്രതിനിധി കൂടി ഉള്‍പ്പെടുത്തിയ സംഘത്തോട് പാരിസ്ഥിക ആഘാതം പരമാവധി കുറച്ച് പദ്ധതി നടപ്പിലാക്കുന്നത് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. അതു വരെ തത്സ്ഥിതി തുടരാന്‍ തീരുമാനിച്ചു.

ടവറിന്റെ ഉയരം കൂട്ടി 48 മരങ്ങള്‍ക്ക് പകരം 3 മരങ്ങള്‍ മാത്രം മുറിച്ചാല്‍ മതിയാകുമെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. രണ്ട് ആഞ്ഞിലിയും ഒരു കവുങ്ങുമാണ് മുറിക്കേണ്ടി വരുന്നത്. ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 ആയി ഉയര്‍ത്തി. അതിന്റെ പടിഞ്ഞാറുവശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തി. ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ. ഇത്തരത്തില്‍ രണ്ട് ആഞ്ഞിലികളും ഒരു പൈന്‍ മരവും രണ്ട് പാഴ്മരങ്ങളും നീളം കുറച്ചു നിര്‍ത്തും. സാമൂഹ്യ വനവല്‍കരണവിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുക. 1:10 എന്ന അനുപാതത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും.

ഡീവിയേഷന്‍ ഇല്ലാതെ നേരത്തെയുള്ള അലൈമെന്റ് ശാന്തി വനത്തിന്റെ ഒരറ്റത്തു കൂടിയായിരുന്നെന്നും അത് മീന എതിര്‍ത്തതാണെന്ന് കെ എസ് ഇ ബി യും എതിര്‍ത്തിരുന്നില്ലെന്ന് മീനയും പറയുന്നു. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും പഴയതിലേക്ക് പോയാല്‍ കൂടുതല്‍ മരങ്ങള്‍ മുറിക്കേണ്ടി വരുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

1999ല്‍ തുടങ്ങിവെച്ച വികസനപദ്ധതിയാണിത്. 40000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ചെറായി പോലൊരു പ്രദേശത്ത് നല്ല വോള്‍ട്ടേജില്‍ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. മറുവശത്ത് പ്രകൃതിസംരക്ഷണവും ഉറപ്പാക്കുകയും വേണം.  തീര്‍ത്തും പുതിയ അലൈമെന്റിനെ കുറിച്ച് സംരക്ഷണ സമിതി നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍, സാധാരണക്കാര്‍ താമസിക്കുന്ന വീടുകളെ ബാധിക്കുമെന്നതിനാല്‍ അത് പ്രായോഗികാവില്ലെന്നും കൂടുതല്‍ നിയമക്കുരുക്കിലേക്ക് നയിച്ച് സങ്കീര്‍ണ്ണമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഇത്രയും ഭാഗത്തേക്ക് മാത്രമായി അണ്ടര്‍ ഗ്രൗണ്ട് ലൈന്‍ സാങ്കേതികമായി പ്രായോഗികമല്ലെന്നാണ് വിദഗ്ദ സമിതി അറിയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ പാരിസ്ഥിക ആഘാതം ഏറ്റവും കുറച്ച് പ്രായോഗികമായി ഇപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുന്ന പരിഹാരം ഇതാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സംസാരിച്ച ഭൂരിപക്ഷവും പറഞ്ഞത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന ഈ പറഞ്ഞവയൊന്നുമല്ലാത്ത പരിഹാരം പാരിസ്ഥിക സംഘടനകളുടേയും ബന്ധപ്പെട്ടവരുടേയും കയ്യിലുണ്ടെങ്കില്‍ ഇനിയും പരിശോധിക്കേണ്ടതാണ്. എന്നാല്‍, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇപ്പോള്‍ മാത്രം രംഗത്തിറങ്ങിയവരെ തിരിച്ചറിയുകയും വേണം

ശാന്തിവനം ഉടമയുടെ വീട്ടിലേക്കുള്ള നടവഴി പോലും അടച്ച് പോലീസ്; സമരക്കാര്‍ ടവര്‍ നിര്‍മാണം തടയാതിരിക്കാനാണെന്ന് വ്യാഖ്യാനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍