UPDATES

ട്രെന്‍ഡിങ്ങ്

‘സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിടുന്ന പോലീസുകാരനോട് എങ്ങനെ പരാതി പറയാൻ പറ്റും’; ഫോൺകോൾ വിവാദത്തില്‍ നിയമ നടപടിയെന്ന് സക്കീർ ഹുസൈൻ

ഒരിടത്ത് പോലും ഭീഷണിയുടെ സ്വരം പോലും താൻ ഉയർത്തിയിട്ടില്ല. നിയമ വിരുദ്ധമായ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി- (കുസാറ്റ്) യിലെ വിദ്യാര്‍ത്ഥിസംഘര്‍ഷവുമായി ബന്ധപ്പെട്ട് കളമശ്ശേരി എസ്‌ഐ അമൃത് രംഗൻ ഫോണ്‍ കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടെന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈൻ. സക്കീര്‍ ഹുസൈന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥൻ നടത്തിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സക്കീർ ഹുസൈൻ അഴിമുഖത്തോട് പ്രതികരിച്ചു. വിഷയത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണെന്നും സക്കീർ വ്യക്തമാക്കി.

കളമശ്ശേരി എസ്ഐ അമൃത് രംഗന്റെ ഔദ്യോഗിക ഫോണിലേക്കാണ് താൻവിളിച്ചത്. അതിൽ ഒരിടത്ത് പോലും ഭീഷണിയുടെ സ്വരം താൻ ഉയർത്തിയിട്ടില്ല. നിയമ വിരുദ്ധമായ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല. അത് പുറത്തു വന്ന ഓഡിയോ കേട്ടാൽ തന്നെ മനസിലാവും. സാധാരണ ഗതിയിൽ ഒരു പൊതുപ്രവര്‍ത്തകൻ എന്ന നിലയില്‍ വിളിക്കേണ്ട, സംസാരിക്കേണ്ട കാര്യങ്ങൾ ആ തരത്തിൽ മാത്രമാണ് താൻ ചെയ്തിട്ടുള്ളത്.

“എന്നാൽ, ഉദ്യോഗസ്ഥൻ തന്നെ ആ കോൾ റെക്കോർഡ് ചെയ്യുന്നു, പിന്നീട് പുറത്ത് വിടുന്നു. ഈ ഉദ്യോഗസ്ഥൻ തന്നെ മുൻപും സമാനമായ പ്രവൃത്തി ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ആരോപണം. മലപ്പുറത്തുള്ള ഒരു സ്ത്രീയോടും ഇത്തരത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം,” സക്കീർ ഹുസ്സൈൻ പറഞ്ഞു.

എസ്‌ഐ അമൃത് രംഗൻ കളമശ്ശേരിയിലെത്തിയിട്ട് രണ്ടോ മൂന്നോ മാസം മാത്രമാണ് ആയിട്ടുള്ളത്. ഇതിനിടയിൽ ഒരാവശ്യം ഉന്നയിച്ച് ആദ്യമായാണ് വിളിക്കുന്നത്. അക്കാര്യം പുറത്ത് വന്ന ഓഡിയോയിലും വ്യക്തമാവുന്നുണ്ട്. ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഇത്തരത്തിൽ പെരുമാറരുതായിരുന്നു. ആളുകൾ പരാതിയുമായ സമീപിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഭാഷങ്ങൾ റെക്കോർഡ് ചെയ്ത് പുറത്ത് വിടുന്നത്. ഇത്തരത്തിലുള്ള ഒരു പോലീസുകാരനോട് എങ്ങനെയാണ് ഒരാൾ പരാതി പറയുകയെന്നും സക്കീർ ഹുസ്സൈൻ ചോദിച്ചു.

എവിടെയാണെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പെരുമാറരുത്. രണ്ട് പേർ നടത്തുന്നത് സ്വകാര്യ സംഭാഷണമാണ്, അത് റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിടുന്ന രീതി ശരിയല്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണിലേക്കാണ് വിളിച്ചത്. അതും ഔദ്യോഗികമായ കാര്യം സംസാരിക്കാൻ. എന്നിട്ടും ഇത്തരത്തിൽ ചെയ്യുന്നത് തീർത്തും കൃത്യവിലോപമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പരാതിയുള്‍പ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്- സക്കീർ ഹുസൈൻ പറയുന്നു.

അതേസമയം, സക്കീർ ഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയിലും ചർച്ചകൾ സജീവമാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമാണ് വാദപ്രതിവാദങ്ങള്‍. ഭീഷണിപ്പെടുത്താന്‍ വിളിച്ച രാഷ്ട്രീയ നേതാവിന് ചുട്ട മറുപടി നല്‍കി ഹീറോയായി എസ്ഐ എന്ന് ഒരു വിഭാഗം പുകഴ്ത്തുന്നുണ്ട്. എസ്ഐയുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചാണ് പ്രചരണം.

എന്നാൽ, പുതിയ ‘ഭരത് ചന്ദ്രന്‍’മാര്‍ക്ക് കയ്യടിക്കുന്നവര്‍ അവര്‍ അതിമാനുഷരാണ് എന്ന് കരുതരുത് എന്നതരത്തിലാണ് എതിര്‍വാദങ്ങള്‍ ഉയരുന്നത്. കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമിന്റെ വാക്കുകളാണ് ഇതില്‍ പ്രധാനം. നിയമ വിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കാത്ത ഒരു പൊതുപ്രവര്‍ത്തകന്റെ ഫോണ്‍ കോള്‍ മനപ്പൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല എന്ന് ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍