UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular To The System

മായ ലീല

പ്രായം, ഗ്രാമീണം, വിപ്ലവത്തഴമ്പ്, പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആശാന്മാരും

അടിമുടി സ്ത്രീവിരുദ്ധത വളര്‍ന്നു തഴച്ച തട്ടകത്തില്‍ നിന്ന് ഒരു നാവിന്‍റെ പിഴവില്‍ മാപ്പ് ചോദിപ്പിച്ചിട്ടു നിങ്ങള്‍ ആരെ പറ്റിക്കാന്‍ ആണ് ശ്രമിക്കുന്നത്?

മായ ലീല

“പ്രസംഗം കേട്ടോ, അതില്‍ സ്ത്രീകളെ പറ്റിയല്ല എംഎം മണി പറയുന്നത്, മാധ്യമപ്രവര്‍ത്തകരെ പറ്റിയാണ്.” തികച്ചും സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവും ആയ ചിന്തയാണ് ആ കേട്ടത് എന്നുറപ്പിച്ച് പറയാന്‍, മുന്‍കാല പ്രസംഗങ്ങളുടെ വെളിച്ചത്തില്‍ തന്നെ പറയാന്‍, രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടിഞ്ഞുകൂടിയ ഒരേയൊരു സംഭവം ഈയടുത്ത് നടന്നത് പെമ്പിള ഒരുമ സമരമാണോ? അല്ലല്ലോ. പിന്നെ എന്തിനാണ് അത് മാത്രം പേരെടുത്ത് പറഞ്ഞത്? ആ സമയത്ത് കാട്ടിലായിരുന്നു പണികള്‍. സകല വൃത്തികേടും നടന്നിട്ടുണ്ട് പെമ്പിള ഒരുമ സമരക്കാലത്ത് എന്ന് പറയുമ്പോള്‍ അതില്‍ സമരക്കാരായ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് വ്യാഖ്യാനിക്കാന്‍ സിപിഎം അംഗത്വം വേണമെങ്കില്‍, അവിടെ പെണ്ണുങ്ങളെയും ചേര്‍ത്താണ് പറയുന്നതെന്ന് വ്യാഖ്യാനിക്കാന്‍ സാമാന്യ യുക്തി മതി. രണ്ട്, മാധ്യമപ്രവര്‍ത്തകര്‍ തൊഴിലാളികള്‍ അല്ലേ? കള്ളുകുടിച്ചു എന്നതുകൊണ്ട് അവര്‍ മോശക്കാരായോ? കേസ് കണക്കിന് മദ്യം കൊണ്ടുവന്നു കുടിക്കുന്നവര്‍ മോശക്കാരാകുന്ന സദാചാര ബോധമാണ് ഒരു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ് മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്?

ഇയാളാണോ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഇടുക്കിയിലെ രക്ഷകന്‍? ഇയാളാണോ നിങ്ങളൊക്കെ മടിയിലിരുത്തി ലാളിക്കുന്ന ആശാന്‍? ചരിത്രം ചികയണം, അയാളുടെ വീരഗാഥകള്‍, തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ (കൊലപാതകമോ?) വിപ്ലവങ്ങള്‍ അറിയാന്‍, അതറിഞ്ഞു വേണം പ്രതികരിക്കാന്‍? ആദ്യം മുതല്‍ ചികയാമല്ലോ, സ്ത്രീ തൊഴിലാളികളുടെ മുണ്ടഴിച്ച മുതലാളിമാരെ വീട് കയറി വെട്ടിയത് വിപ്ലവമായിരുന്നിരിക്കാം, അതില്‍ തോട്ടം തൊഴിലാളികളുടെ, ആണിന്റെയും പെണ്ണിന്റെയും നിലനില്‍പ്പിന്റെ ചരിത്രവും ഉണ്ടാവാം. പക്ഷെ, അവിടം തൊട്ട്, ഇയാള്‍ സഞ്ചരിക്കുന്നത് എതിര്‍ ദിശയിലാണ്; കാരണം മുണ്ടഴിച്ച മുതലാളിയെ വെട്ടിയ തൊഴിലാളി സ്ത്രീകള്‍ ഒരാശാട്ടിയായും അവിടെ നിന്ന് ഉയര്‍ന്നു വന്നില്ല. അങ്ങനെ വെട്ടാന്‍ കഴിയാതെ, മറ്റൊരു പുരുഷന്‍ അവതരിച്ച് ഉടുതുണിയ്ക്ക് മറുതുണി കൊടുത്ത് പകരം വീട്ടാന്‍ പോകുമെന്ന് കരുതിയിരിക്കുന്ന സ്ത്രീകളുള്ള ഈ നാട്ടില്‍ ഏത് വിപ്ലവത്തഴമ്പാണ് നിങ്ങള്‍ തപ്പുന്നത്?

എം എം മണിയുടെ ഭാഷയ്ക്കല്ല ഹേ പ്രശ്നം, ഭാഷ വാക്കായി പ്രസംഗമായി വരുത്തുന്ന ആ തലച്ചോറുണ്ടല്ലോ, അതിനകത്തെ ചിന്താഗതികള്‍ ഉണ്ടല്ലോ അത് തന്നെയാണ് പ്രശ്നം. എന്ത് തൊഴിലാളി വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും വന്നാല്‍ താങ്ങാന്‍ നേതൃത്വവും അണികളും ഉള്ള സംഘടനയുടെ ശിഥിലീകരിച്ച രീതികളും ആണ് പ്രശ്നം. കൃത്യമായി പല പണികളും നടന്നിട്ടുണ്ട് എന്ന് പറയുന്ന വാചകത്തില്‍ പെമ്പിള ഒരുമ എന്ന പേര് കൊണ്ടുവരാന്‍ ഉള്ള കുശാഗ്രബുദ്ധിയാണ് പ്രശ്നം.

എത്രയധികം തവണ എം എം മണിയുടെ സ്ത്രീവിരുദ്ധതയും മറ്റും പബ്ലിക് ആയി ജനം കണ്ടിരിക്കുന്നു, അപ്പോഴോ മറ്റെപ്പോഴെങ്കിലുമോ ഈ പാര്‍ട്ടി ആത്മാര്‍ഥമായി അതിനുള്ളിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഉറപ്പിച്ചു പറയാം, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതു കണ്ടാല്‍ ഇമ്മോറല്‍ ട്രാഫിക്കിനു കേസെടുക്കാന്‍ പോലീസിനെ ഏല്‍പ്പിച്ചാല്‍ മതിയല്ലോ എന്നു പറഞ്ഞവരും നീ ബലാത്സംഗം ചെയ്യാനൊന്നും പോയേക്കല്ല് കേട്ടോ എന്ന് ഊറിച്ചിരിച്ചവരുമൊന്നും ഈ പാര്‍ട്ടിയ്ക്ക് വേണ്ടി നിലനില്‍ക്കാന്‍ അതിനകത്ത് ഉണ്ടാകുമായിരുന്നില്ല.ഫെമിനിസം എന്ന് കേട്ടാലേ പുച്ഛം മാത്രം തികട്ടുന്ന ബുദ്ധിജീവി സങ്കേതങ്ങളും ആണിടങ്ങളും നിലനില്‍ക്കുമായിരുന്നില്ല. പാര്‍ട്ടിയോ അണികളോ ഒന്നും തന്നെ ഇനിയും ആ പ്രത്യശാസ്ത്രത്തിനോട് പോലും സത്യസന്ധത പുലര്‍ത്തുന്നില്ല. ലിംഗസമത്വം സ്വത്വവാദമാണെന്ന് ഇന്നും, ഇന്നും എന്ന് പറഞ്ഞാല്‍, ഏത് തരം അറിവും വിരല്‍ത്തുമ്പില്‍ കിട്ടാവുന്ന, വായിച്ചറിവുകള്‍ നടത്തി സ്വയം തിരുത്താന്‍ അനേകായിരം വഴികള്‍ ഉള്ള ഇന്നും, കൊണ്ടുനടക്കുന്ന അണികളും ബുദ്ധിജീവികളും ഉള്ള ഈ സംഘടനയില്‍ ഒരാളുടെ നാവും ഭാഷയും മാത്രം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സഹിക്കാനാവാത്ത പ്രഹസനമാണ്.

Read More: അത്ര ഗ്രാമീണനല്ല എംഎം മണി

ഇത്തരം പ്രാചീനമായ പുരുഷാധിപത്യ വാദങ്ങള്‍  കോളാമ്പി വച്ച് വിളിച്ചു കൂവുന്നത് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെന്ന പേരുള്ള ക്യാമ്പുകള്‍ ആണ്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഷയല്ല ഇത്, പുരുഷന്‍റെ അധികാരിയുടെ സദാചാര ഫ്യൂഡലിസത്തിന്റെ  ഭാഷയാണ്‌. അത് ഭാഷയുടെ കുഴപ്പവും അല്ല.

ഇത്തിരി തലമൂത്ത ഒട്ടുമിക്ക മലയാളി പുരുഷനും സംസാരിക്കുന്ന ഭാഷയും ചിന്തിക്കുന്ന രീതിയും ഇത് തന്നെയാണ്, തലമൂക്കാത്തതൊക്കെ ഭേദമാണെന്ന് ഒരര്‍ത്ഥവുമില്ല പക്ഷേ. മൂത്ത് പോയാല്‍ പിന്നെ പ്രായം, ഗ്രാമീണം, വിപ്ലവത്തഴമ്പ് എന്നീ ഇളവുകള്‍ കിട്ടും എന്ന വ്യത്യാസമേ ഉള്ളൂ. എം എം മണിയോ ആ ചരടില്‍ കെട്ടാവുന്ന മാറ്റാരുമോ ഒരു മാറ്റത്തിന് ഇനി ശ്രമിക്കുമെന്ന് പോലും കരുതാന്‍ കഴിയില്ല. അയാളോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക് അത്ഭുതമായിരിക്കും, എന്തിന് എന്ന്. ഈ കെ നായനാര്‍ മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെ ഈ ഗ്രാമീണഭാഷ തൊഴിലാളി വിരുദ്ധമായി, സ്ത്രീവിരുദ്ധമായി കാലാകാലങ്ങളില്‍ എടുത്തുപയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ആ പുരുഷന്മാരുടെ ജീവിതത്തില്‍ ഇത്തരം വാക്കുകളോ ചിന്തകളോ പ്രവര്‍ത്തികളോ ബാധിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ? ഇല്ല. സ്വച്ഛന്ദം അവരത് പറയുകയും പ്രവര്‍ത്തിക്കുകയും കൈയ്യടി നേടുകയും ആശാനും നേതാവുമായി വിലസുകയും ചെയ്തിട്ടുണ്ട്. അനീതിയാണ് ഹേ, കടുത്ത അനീതി. ഈ ലോകം മുഴുവന്‍, ഇക്കണ്ട ചരിത്രം മുഴുവന്‍ തൊഴിലാളിവര്‍ഗ്ഗം നടത്തിയ സകല വിപ്ലങ്ങള്‍ക്കും മേലുള്ള അവഹേളനം ആണീ കുലുങ്ങിച്ചിരിച്ചിരിച്ചുകൊണ്ട് ഗ്രാമീണം ഓക്കാനിക്കുന്നത്.

നേതൃനിരയിലോ, പാര്‍ട്ടിയില്‍ സ്വാധീനമുള്ളതോ, എന്തിന് ഒരു സാധാരണ പാര്‍ട്ടി അംഗത്തിനോ ഇതിനെതിരെ ശബ്ദിക്കാന്‍ എങ്കിലും കഴിയുമോ? ഇതിനെതിരേ എന്നാല്‍, village idiot എന്നപോലൊരു വേഷം കെട്ടിയാടുന്ന ഒരു മണിയുടെ നാവിനും ഭാഷയ്ക്കും എതിരേ അല്ല, ആഴത്തില്‍ സംഘടനയ്ക്കുള്ളില്‍ വേരോടുന്ന തൊഴിലാളിവിരുദ്ധതയ്ക്കെതിരെ, കടന്നുകയറി കുരിശും നാട്ടി വാഴുന്ന പുരുഷാധിപത്യത്തിനെതിരെ. കഴിയുമോ? സാധ്യത negative quadrant-ലെ negative values-ല്‍ പോലും പറയാന്‍ പറ്റാത്ത അത്രയും കൈവിട്ടു പോയെന്നു കരുതണം.

എസ്എഫ്‌ഐ സമരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ, പൊതുസമൂഹത്തിന്‍റെ ഉമ്മറത്ത് എപ്പോഴൊക്കെ സ്ത്രീ വന്നിട്ടുണ്ടോ അപ്പോഴൊക്കെ പുരുഷന്‍റെ ഭാഷ ഇതാണ്. ഇത് മാത്രമാണ്. അവള്‍ക്ക്, അവളുമാര്‍ക്ക്  കഴപ്പാണ്, അവളുമാര് ആണുങ്ങളുടെ കൂടെ മേയാന്‍ പോകുന്നതാണ്, വീട്ടിലിരിക്കുന്ന ആയമ്മമാര്‍ക്ക് സമരം ചെയ്യണ്ട വല്ല കാര്യവുമുണ്ടോ – മുതലായ ഇതേ വിപ്ലവവീരന്‍ ആശാന്‍റെ ഭാഷയാണ്‌. തീര്‍ത്തും തൊഴിലാളിവര്‍ഗ്ഗ വിരുദ്ധത നിറഞ്ഞ ഫ്യൂഡല്‍ വാക്കുകള്‍ എങ്ങനെയൊരു തൊഴിലാളിവര്‍ഗ്ഗ നേതാവിന്‍റെ തലയിലെത്തി? അതയാള്‍ക്ക് പബ്ലിക്ക് ആയി നിന്ന് വിളിച്ചു കൂവാന്‍ ഗര്‍വ്വിന്റെ കൈ തട്ടലും, ആങ്ഹാ, ഓഹോ അകമ്പടിയോടെ എഴുന്നള്ളിക്കാന്‍ എങ്ങനെ ധൈര്യം ഉണ്ടായി? ഒരാളെങ്കിലും ചിന്തിക്കുന്നുണ്ടോ?

എങ്ങനെ അയാളെ ന്യായീകരിക്കാം എന്നാണു നിങ്ങളുടെ തലച്ചോറ് ആദ്യം പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങളാണ് അതിനു കാരണം. നിങ്ങളെ പോലുള്ള യാതൊരു വെളിവും ഇല്ലാത്ത, സംഘടനയുടെ അധികാരത്തില്‍ പുലരുന്ന അണികള്‍ – അതാണ്‌ അയാളുടെ ധൈര്യം. ആണിന്‍റെ ഹുങ്ക്, എന്നെത്തൊടാന്‍ ആരുണ്ടെടാ എന്ന അഹങ്കാരം. ആരുണ്ട്‌ തൊടാന്‍! അയാളോട് ഇത് സ്ത്രീ വിരുദ്ധമാണ്, തൊഴിലാളി വിരുദ്ധമാണ് എന്ന് പറഞ്ഞാല്‍ അയാളുടെ തഴമ്പുകള്‍ മൂടിയ തലയിലോട്ട്‌ കയറുമോ? നിങ്ങള്‍ക്ക് ഭാഷയും ചിന്തയും ചലിപ്പിക്കേണ്ടത് എങ്ങനെ ഇതൊരു മാധ്യമ ഗൂഡാലോചന ആക്കാമെന്നും, മണിയാശാന്‍ നിഷ്കളങ്കതയുടെ പര്യായമാണെന്ന് വരുത്താനും ആണെങ്കില്‍ ആ നിങ്ങളാണ് ഇത്തരം പ്രസ്താവനകള്‍ ഇനിയും ഉണ്ടാകാനുള്ള കാരണം.  

ഇതൊക്കെ കണ്ടും കേട്ടും വളരുന്ന ഗതികെട്ട തലമുറകള്‍ ഉണ്ടല്ലോ, എന്തെങ്കിലും തരത്തില്‍ ഒരു പുരോഗമന ചിന്താഗതിയുടെ അസ്കിതയെങ്ങാന്‍ പിടിച്ചുപോയാലോ എന്ന് പ്രലോഭനപ്പെട്ടിരിക്കുന്ന യുവതലമുറ, അവരും മുണ്ടുടുത്ത് കൈ ഊക്കില്‍ തട്ടി ഇത് തന്നെ പറയാന്‍ ധൈര്യപ്പെടും, അതാണ്‌ ശരിയെന്നു കരുതും. എതിര്‍ക്കുന്ന പെണ്ണ് വേശ്യയും ആണ് കഞ്ചാവും ആണെന്ന സമവായം തന്നല്ലേ ഇപ്പോഴും എതിര്‍ക്കാനുള്ള ആയുധം? എംഎം മണിയെന്ന ഗതികേട് കേരള സമൂഹത്തിന്‍റെ മൊത്തം ചുമലില്‍ ഏറുന്ന ഭാരമാണ്. അയാളൊരു മന്ത്രി ആയതുകൊണ്ട് സൂക്ഷിക്കണ്ടേ എന്നൊക്കെ ഇരുട്ടത്ത് ഊട്ടി വെളിച്ചത്ത് ഉറക്കുമെന്ന ഭീഷണികള്‍ പറയുന്നവര്‍ സ്വന്തം അഴുകിയ ചിന്താഗതികളെ ഓര്‍ത്ത് വിലപിക്കണം. മാപ്പ് പറഞ്ഞാല്‍ മിട്ടായി മേടിച്ചു തരാം എന്നാണു അടുത്ത ഭാഷ്യം, നിങ്ങള്‍ക്ക് യാതൊരു വിധ നാണക്കേടും തോന്നുന്നില്ലേ എന്ന് തന്നെയാണ് നിങ്ങളോട് ചോദിക്കാനുള്ളത്, മടുക്കുന്നില്ലേ അവനവന്‍റെ ബോധം പണയം വച്ച് ഇങ്ങനെ വിധേയത്വം കൊണ്ട് നടക്കാന്‍!

Read More: അകത്തുള്ളവരും പുറത്തുള്ളവരും അഥവാ മണിയാശാനും ട്രംപും തമ്മിലെന്ത്?

വികടസ്വരസ്വതി വിളയാടുന്ന നാവിന്‍റെ പിഴവല്ല ഇതെന്ന് നിങ്ങള്‍ എന്ന് അറിയാനാണ്? അടിമുടി സ്ത്രീവിരുദ്ധത വളര്‍ന്നു തഴച്ച തട്ടകത്തില്‍ നിന്ന് ഒരു നാവിന്‍റെ പിഴവില്‍ മാപ്പ് ചോദിപ്പിച്ചിട്ട് നിങ്ങള്‍ ആരെ പറ്റിക്കാന്‍ ആണ് ശ്രമിക്കുന്നത്? ഇതില്‍ സ്ത്രീവിരുദ്ധത ഇല്ല, പെമ്പിള ഒരുമയെന്ന് ആശാന്‍ ഒന്നുമോര്‍ക്കാതെ കൂട്ടത്തില്‍ പറഞ്ഞതാണ് എന്നൊക്കെ നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് എന്ത് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്?

ഇത്തരം കടന്നുകയറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇന്നീ പാര്‍ട്ടിയ്ക്ക് കഴിവുണ്ടോ? പ്രത്യയശാസ്ത്രത്തെ കാര്‍ന്ന് തിന്നു തീര്‍ക്കുന്ന കളകളെ ഗതികേട് കൊണ്ട് ചുമക്കാതെ റിട്ടയര്‍ ചെയ്യിച്ച്, പുതിയ അംഗങ്ങളെ എങ്കിലും പുരോഗമനവും യുക്തിയും പ്രത്യയശാസ്ത്രവും കൊണ്ട് പ്രവര്‍ത്തിക്കാന്‍ വിടുമോ? ഒരാളുടെ ഒരിക്കല്‍ മാത്രം പറ്റിയ പിഴവായി ചിത്രം വരച്ച് ആണ്‍ സിങ്കങ്ങള്‍ വരിവരിയായി വരുന്നുണ്ട്, പണ്ടൊക്കെ നടന്നിരിക്കും, ഇന്ന് നടപ്പില്ല. ചേറില്‍ പൂണ്ട് നിന്നാണ് നിങ്ങള്‍ പരസ്പരം വിരല്‍ ചൂണ്ടുന്നത്. ഇതരലിംഗത്തിലെ മനുഷ്യര്‍ക്ക് അംഗത്വം നല്‍കി ഏതാണ്ട് മലമറിച്ചു എന്ന് ആശ്വസിക്കാന്‍ തോന്നുന്നത് നിങ്ങളുടെ ആശയ ദാരിദ്ര്യം കൊണ്ടാണ്, പുരുഷാധിപത്യത്തിന്റെ നേട്ടങ്ങള്‍ നൊട്ടിനുണഞ്ഞു മതിവരാത്തത് കൊണ്ടാണ്.

യുഡിഎഫില്‍ ഉള്ളതിലും സംഘപരിവാറില്‍ ഉള്ളതിലും കൂടുതല്‍ സ്ത്രീജനങ്ങള്‍ നമ്മടെ പാര്‍ട്ടിയില്‍ ഇല്ലേയെന്ന് അറപ്പുളവാക്കുന്ന ന്യായീകരണം നടത്തുന്നത് വളരെ ഭേഷാണ്, നിങ്ങള്‍ക്ക്, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയ്ക്ക് താരതമ്യം ചെയ്യാന്‍ ഉള്ളത് മതവര്‍ഗ്ഗീയ ക്യാമ്പും മുതലാളിത്ത ക്യാമ്പും ആണെന്ന് എവിടെ നിന്നാണ് പഠിച്ചത്? നാണിച്ച് നിങ്ങള്‍ എവിടെ പോയൊളിക്കണം? സമൂഹം മുഴുവന്‍ ഇങ്ങനെയാണെന്നും അതുകൊണ്ട് ഞങ്ങള്‍ മാറില്ലെന്നും ആണോ വാശി? സമൂഹം മുഴുവന്‍ പലതരത്തിലും ആണ്, അതിനെയൊക്കെ എതിര്‍ക്കാന്‍ ആണീ വിപ്ലവം എന്ന് പറയുന്ന സാധനം ആശയമായും പ്രവര്‍ത്തിയായും ഉണ്ടായിരിക്കുന്നത്. സമൂഹത്തിനെ ചാരി ന്യായീകരിക്കാന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് വല്ല ആര്‍എസ്എസ്സിലും പോയി നിന്നാപ്പോരെ?  പണ്ടു ഞാനൊരു മരം നട്ടിട്ടുണ്ട് അതുകൊണ്ട് ഇന്നെനിക്കൊരു കാട് തന്നെ തീയിടാം എന്ന് വാദിച്ചാല്‍ എങ്ങനിരിക്കും സഖാക്കളെ?? അതുപോലെയാണ് ഇപ്പോഴീ ആശാന്‍ വിളിയും ചെല്ലം കൊടുക്കലും ഭൂതകാല തഴമ്പുകള്‍ താലോലിക്കുന്നതും.

അന്ന് ഞങ്ങളീ കഷ്ടപ്പാടുകള്‍ സഹിച്ച് വിപ്ലവം നടത്തിയത് കൊണ്ടല്ലേ ഇന്നിവളുമാര്‍ ഞെളിഞ്ഞിരുന്ന് ഇതൊക്കെ പറയുന്നത് എന്നു കൂടി പറയൂ, അപ്പോഴാണ്‌ നിങ്ങളുടെ അപഹാസ്യതയ്ക്ക് പൂര്‍ണ്ണത വരുന്നത്. എംഎം മണിയുടെ മാപ്പല്ല വേണ്ടത്, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും സ്ത്രീവിരുദ്ധത വേരോടെ പിഴുതുകളയും എന്ന വാഗ്ദാനവും കര്‍മ്മപദ്ധതികളും പ്രവര്‍ത്തികളും ആണ് വേണ്ടത്. ഒന്നുമില്ലെങ്കിലും ഈ ഇലക്ട്രല്‍ പൊളിറ്റിക്സ് നാടകത്തില്‍ പകുതിയോളം വേഷം കെട്ടിയാടുന്നത് സ്ത്രീകളല്ലേ ആശാന്മാരെ??

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍